ശബരിമല: ട്രെയിനുകള്‍ വൈകിയോടുന്നതില്‍ പ്രതിസന്ധിയിലായി ശബരിമല തീര്‍ത്ഥാടകര്‍. വെര്‍ച്വല്‍ ക്യൂവില്‍ നിര്‍ദേശിക്കുന്ന സമയത്തു തന്നെ ദര്‍ശനം നടത്തണമെന്ന കര്‍ശന നിര്‍ദേശം ഉണ്ടെന്ന നിലക്കാണ് ട്രെയിനുകള്‍ വൈകിയോടുന്നതില്‍ തീര്‍ഥാടകര്‍ക്ക് ആശങ്കയുണ്ടാക്കുന്നത്.
സമയം തെറ്റി വന്നാല്‍ ദര്‍ശനത്തിനു കടത്തിവിടുമോ എന്ന സംശയമാണ് എല്ലാവര്‍ക്കും. ദര്‍ശനത്തിന് എത്തുന്നതില്‍ ഏറെയും ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള തീര്‍ഥാടകരാണ്. പ്രത്യേകിച്ച് ആന്ധ്ര, തെലങ്കാന, കര്‍ണാടക, തമിഴ്‌നാട്, മഹാരാഷ്ട്ര സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍്
ട്രെയിനുകള്‍ മിക്കതും വൈകി ഓടുമ്പോഴും അതിനു ശേഷം ബസ് കിട്ടി പമ്പയില്‍ എത്തുമ്പോള്‍ 10 മുതല്‍ 12 മണിക്കൂര്‍ വരെ വൈകുന്നു. ചില തീര്‍ഥാടക സംഘങ്ങള്‍ ഒരു ദിവസം വൈകിയാണ് വരുന്നത്. സ്‌പോട് ബുക്കിങ് 5000 മാത്രമായി പരിമിതപ്പെടുത്തി.
വെര്‍ച്വല്‍ ക്യൂ ബുക്ക് ചെയ്യുന്നതില്‍ 20 ശതമാനം വരെ എത്താതിരിക്കുന്നുണ്ട്. ഇവരുടെ എണ്ണം കൂടി കണക്കാക്കി സ്‌പോട് ബുക്കിങ് നല്‍കണമെന്നാണ് തീര്‍ഥാടകരുടെ ആവശ്യം. ഇരുമുടിക്കെട്ടുമായി വരുന്ന ആരെയും തിരിച്ചയക്കാത്തത് ആശ്വാസകരമാണ്.