kerala

ട്രാന്‍സ്‌ഫോര്‍മിങ് ഇന്ത്യ ബില്ല്; പൗരന്മാരുടെ സുരക്ഷയെ ബാധിക്കും -അഡ്വ.ഹാരിസ് ബീരാന്‍ എംപി

By webdesk18

December 19, 2025

ഇന്ത്യയുടെ പരമാധികാര സാമൂഹിക കരാറിനെ അടിമുടി മാറ്റിയെഴുതുന്നതാണ് ‘ട്രാന്‍സ്ഫോര്‍മിംഗ് ഇന്ത്യ ബില്‍ 2025’ എന്നും ആണവോര്‍ജ്ജ മേഖലയിലെ സ്വകാര്യവല്‍ക്കരണവും പൗരന്മാരുടെ സുരക്ഷയില്‍ ഈ ബില്‍ വരുത്തുന്ന വിട്ടുവീഴ്ചകളും വലിയ ആശങ്കയുണ്ടാക്കുന്നതാണെന്നും മുസ്ലിം ലീഗ് രാജ്യസഭാംഗം അഡ്വ.ഹാരിസ് ബീരന്‍ എം.പി.

അണവ മേഖലയിലെ സ്വകാര്യവല്‍ക്കരണം രാജ്യത്തിന് ദോഷം ചെയ്യുമെന്നും ഭോപ്പാല്‍ ദുരന്തത്തിന് ശേഷം രൂപീകരിച്ച സുരക്ഷാ-ബാധ്യതാ നിയമങ്ങളെ അട്ടിമറിച്ചുകൊണ്ട് സ്വകാര്യ കമ്പനികള്‍ക്ക് ആണവ മേഖല തുറന്നുകൊടുക്കാനാണ് ഈ ബില്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ബില്ലിലെ ക്ലോസ് 13 പ്രകാരം കമ്പനികളുടെ ബാധ്യത 3,000 കോടി രൂപയായി നിജപ്പെടുത്തിയിരിക്കുകയാണ്. ഒരു ആണവ ദുരന്തമുണ്ടായാല്‍ ഇത് ഒന്നിനും തികയില്ലെന്നും, കമ്പനികള്‍ക്ക് ‘അണ്‍ലിമിറ്റഡ് ലയബിലിറ്റി’ (പരിധിയില്ലാത്ത ബാധ്യത) ഉണ്ടായിരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ബില്ലിലെ ക്ലോസ് 8 പ്രകാരം സിവില്‍ കോടതികളുടെ അധികാരം ഒഴിവാക്കി, പരാതികള്‍ ഒരു ബ്യൂറോക്രാറ്റിക് കമ്മീഷന് വിടുന്നത് പൗരന്മാരുടെ ‘ജീവിക്കാനുള്ള അവകാശത്തിന്മേലുള്ള’ കടന്നുകയറ്റമാണെന്ന് അദ്ദേഹം ആരോപിച്ചു. ആണവ നിലയങ്ങള്‍ സ്ഥാപിക്കുമ്പോള്‍ അതത് സംസ്ഥാന സര്‍ക്കാരുകളുടെ നിര്‍ബന്ധിത അനുമതി വാങ്ങണമെന്ന വ്യവസ്ഥ ബില്ലിലില്ലാത്തത് ഫെഡറല്‍ തത്വങ്ങളുടെ ലംഘനമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഉപകരണങ്ങളുടെ തകരാര്‍ മൂലം അപകടമുണ്ടായാല്‍ വിതരണക്കാര്‍ക്കെതിരെ നടപടിയെടുക്കാനുള്ള അധികാരം പുനഃസ്ഥാപിക്കണം, ക്ലോസ് 13-ലെ പരിധി നീക്കം ചെയ്ത് കമ്പനികള്‍ക്ക് പൂര്‍ണ്ണ ഉത്തരവാദിത്തം ഉറപ്പാക്കണം, സിവില്‍ കോടതികളുടെ അധികാരം തടയുന്ന ക്ലോസ് 8 ഒഴിവാക്കണം, അറ്റോമിക് എനര്‍ജി റെഗുലേറ്ററി ബോര്‍ഡ് അംഗങ്ങളെ തിരഞ്ഞെടുക്കുന്ന സമിതിയില്‍ പ്രധാനമന്ത്രി, പ്രതിപക്ഷ നേതാവ്, സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എന്നിവര്‍ ഉണ്ടായിരിക്കണം, ഫെഡറല്‍ സംവിധാനത്തിന്റെ ഭാഗമായി സംസ്ഥാനങ്ങളുടെ അനുമതി ഉറപ്പാക്കണം തുടങ്ങിയ ഭേദഗതികള്‍ പൊതുജന താല്‍പ്പര്യം മുന്‍നിര്‍ത്തി പ്രസ്തുത ബില്ലില്‍ വരുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.