ന്യൂഡൽഹി: ജാമിഅ മില്ലിയ ഇസ്‌ലാമിയ സർവകലാശാലയിലെ വിവിധ കോഴ്‌സുകളിലെയും ഹോസ്റ്റലുകളിലെയും പ്രവേശന നടപടികളിൽ അടിയന്തരമായി ഇടപെടണമെന്നും സുതാര്യത ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ട് ഡി.എസ്.ഡബ്ല്യു (Dean of Students Welfare) ഓഫീസ് ഉപരോധിച്ച് എം.എസ്.എഫ്, എൻ.എസ്.യു.ഐ, ഐസ, ഫ്രറ്റേണിറ്റി തുടങ്ങിയ വിദ്യാർത്ഥി സംഘടനകൾ.
പ്രവേശന നടപടികളിലെ ക്രമക്കേടുകൾ പരിഹരിക്കുക, ഉയർന്ന റാങ്കിലുള്ള വിദ്യാർത്ഥികൾക്ക് അർഹമായ മുൻഗണന ഉറപ്പുവരുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധം നടന്നത്.
**പ്രധാന ആവശ്യങ്ങൾ:**
പരീക്ഷാ കൺട്രോളർ രാജി വെക്കുക, സ്പോട്ട് അഡ്മിഷൻ നടപടികൾ പൂർണമായും ഓൺലൈനാക്കുക: ഉയർന്ന റാങ്കിലുള്ള വിദ്യാർത്ഥികൾക്ക് പ്രവേശനത്തിൽ മുൻഗണന ഉറപ്പാക്കുക. കൂടുതൽ അഡ്മിഷൻ റൗണ്ടുകൾ, സ്പോട്ട് അഡ്മിഷന് മുൻപായി മുൻവർഷങ്ങളിലേതുപോലെ കുറഞ്ഞത് 3 മുതൽ 4 റൗണ്ടുകൾ വരെ സാധാരണ അഡ്മിഷൻ നടപടികൾ പൂർത്തിയാക്കുക.
ഇന്റർവ്യൂ മാർക്കുകൾ പ്രസിദ്ധീകരിക്കുക:BA LLB (H), MBA തുടങ്ങി ഇന്റർവ്യൂ അടിസ്ഥാനമാക്കിയുള്ള കോഴ്‌സുകളിൽ പ്രീ-ഇന്റർവ്യൂ, പോസ്റ്റ്-ഇന്റർവ്യൂ മാർക്കുകളും കട്ട്-ഓഫ് മാർക്കുകളും പരസ്യപ്പെടുത്തുക. സംവരണ സീറ്റുകൾ ഉറപ്പാക്കുക: J&K നിവാസികൾ, കശ്മീരി മൈഗ്രന്റ്സ്, ഭിന്നശേഷിക്കാർ (PwD) എന്നിവർക്കായി സംവരണം ചെയ്ത സീറ്റുകളിൽ അർഹരായവർക്ക് മാത്രം പ്രവേശനം നൽകുക. അന്തിമ വിവരങ്ങൾ വ്യക്തമാക്കുക: കോഴ്‌സുകളിലെയും ഹോസ്റ്റലുകളിലെയും പ്രവേശനത്തിന്റെ അന്തിമ മാർക്കുകളും മറ്റ് വിശദാംശങ്ങളും പ്രസിദ്ധീകരിച്ച് പൂർണ സുതാര്യത ഉറപ്പാക്കുക.
പ്രവേശന നടപടികളിൽ വിദ്യാർത്ഥികൾ ഉന്നയിക്കുന്ന ആശങ്കകൾ പരിഹരിക്കാൻ സർവകലാശാലാ അധികൃതർ അടിയന്തരമായി ഇടപെടണമെന്നും അർഹരായ മുഴുവൻ വിദ്യാർത്ഥികൾക്കും നീതിപൂർവമായ അവസരം ഉറപ്പാക്കണമെന്നും വിദ്യാർത്ഥി സംഘടനകൾ ആവശ്യപ്പെട്ടു.