india

‘യാത്ര വൈകിപ്പിച്ചു, ഗൂഢാലോചന സംശയിക്കുന്നു’; അജിത് പവാറിന്റെ മരണത്തില്‍ ദുരൂഹതയെന്ന് രോഹിത് പവാര്‍

By webdesk17

February 10, 2026

മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ മരണത്തില്‍ ഗൂഢാലോചനയുണ്ടെന്ന ആരോപണവുമായി എന്‍.സി.പി നേതാവ് രോഹിത് പവാര്‍. വിമാനാപകടത്തിന് പിന്നില്‍ അസ്വാഭാവികമായ ഇടപെടലുകള്‍ നടന്നോ എന്ന് പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ജനുവരി 27-ന് വൈകുന്നേരം മുംബൈയില്‍ നിന്ന് പുണെയിലേക്ക് പോകേണ്ടിയിരുന്ന അജിത് പവാറിനെ ഒരു ‘ഉന്നത നേതാവ്’ കാണാന്‍ വന്നെന്നും അതിനുശേഷമാണ് യാത്ര അടുത്ത ദിവസത്തേക്ക് മാറ്റിയതെന്നും രോഹിത് പറയുന്നു. ഈ വൈകിക്കല്‍ ബോധപൂര്‍വമാണോ എന്ന് അന്വേഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.

അപകടത്തില്‍പ്പെട്ട വിമാനത്തില്‍ അധികമായി ഇന്ധന ടാങ്കുകള്‍ ഘടിപ്പിച്ചിരുന്നോ എന്ന് പരിശോധിക്കണമെന്നും സി.സി.ടി.വി ദൃശ്യങ്ങള്‍ ഇതിനായി പരിശോധിക്കണമെന്നും അജ്ജേഹം ആവശ്യപ്പെട്ടു. നിയമവിരുദ്ധമായി ഇന്ധനം നിറച്ചിട്ടുണ്ടെങ്കില്‍ അത് വിമാനത്തെ ഒരു ‘ബോംബ്’ പോലെ അപകടകരമാക്കുമെന്ന് രോഹിത് പവാര്‍ ചൂണ്ടിക്കാട്ടി.

സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് പുറമെ മറ്റ് ഏജന്‍സികളും അപകടത്തെക്കുറിച്ച് വിശദമായി അന്വേഷിക്കണമെന്ന് രോഹിത് പവാര്‍ ആവശ്യപ്പെട്ടു.

ജനുവരി 28 ബുധനാഴ്ച രാവിലെ 8:45-ഓടെ ബാരാമതി വിമാനത്താവളത്തില്‍ ലാന്‍ഡിംഗിന് ശ്രമിക്കുന്നതിനിടെയാണ് അജിത് പവാര്‍ സഞ്ചരിച്ചിരുന്ന വിമാനം തകര്‍ന്നു വീണത്. അജിത് പവാര്‍ ഉള്‍പ്പെടെ അഞ്ച് പേരും അപകടത്തില്‍ കൊല്ലപ്പെട്ടു.