ചാറ്റ് ജിപിടി ഉപയോഗിച്ച് നിര്‍മിച്ച വ്യാജ റെയില്‍വേ പാസ് ഉപയോഗിച്ച് ട്രെയിനില്‍ യാത്ര ചെയ്ത യുവാവ് പിടിയില്‍. ഛത്തീസ്ഗഢ് ശിവജി മഹാരാജ് ടെര്‍മിനസ് (CSMT) റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് 22കാരനായ ആദില്‍ അന്‍സാര്‍ ഖാനെ പൊലീസ് പിടികൂടിയത്. മുംബ്രയില്‍ നിന്ന് സിഎസ്എംടിയിലേക്ക് യാത്ര ചെയ്യുന്നതിനിടെയാണ് ഇയാള്‍ പിടിയിലായതെന്ന് അധികൃതര്‍ അറിയിച്ചു.
ഡിസംബര്‍ 25ന് ബൈഗുള്ള സ്റ്റേഷനിലെ പ്ലാറ്റ്ഫോം ഒന്നില്‍ ഓഫീസര്‍ കുനാല്‍ സവര്‍ദേക്കര്‍ നടത്തിയ പതിവ് ടിക്കറ്റ് പരിശോധനക്കിടെയാണ് സംഭവം. ടിക്കറ്റ് കാണിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍, മൊബൈല്‍ ഫോണില്‍ സൂക്ഷിച്ചിരുന്ന റെയില്‍വേ പാസിന്റെ ഫോട്ടോ കോപ്പിയാണ് ആദില്‍ അന്‍സാര്‍ ഉദ്യോഗസ്ഥര്‍ക്ക് കാണിച്ചത്.
എന്നാല്‍, കാണിച്ച പാസ് റെയില്‍വേയുടെ ഔദ്യോഗിക ആപ്ലിക്കേഷനിലുള്ള രൂപകല്‍പ്പനയോട് പൊരുത്തപ്പെടുന്നില്ലെന്ന് ശ്രദ്ധയില്‍പ്പെട്ടതോടെ ഉദ്യോഗസ്ഥര്‍ക്ക് സംശയം തോന്നി. തുടര്‍ന്ന് കൂടുതല്‍ പരിശോധന നടത്തിയപ്പോള്‍, ഇയാള്‍ കാണിച്ച പാസ് റെയില്‍വേയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ നിന്നുള്ളതല്ലെന്നും, സുഹൃത്തിന്റെ സഹായത്തോടെ ചാറ്റ് ജിപിടി ഉപയോഗിച്ചാണ് വ്യാജമായി നിര്‍മിച്ചതെന്നും വ്യക്തമായി.
ഡിസംബര്‍ 24നും 25നും മുംബ്രയില്‍ നിന്ന് സിഎസ്എംടി വരെ യാത്ര ചെയ്യുന്നതിനായി 215 രൂപ മൂല്യമുള്ള വ്യാജ പാസാണ് ഇയാള്‍ നിര്‍മിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു. മുന്‍പും ഇത്തരത്തില്‍ വ്യാജ പാസ് ഉപയോഗിച്ച് യാത്ര നടത്തിയിട്ടുണ്ടെന്ന സംശയവും അന്വേഷണസംഘം ഉയര്‍ത്തിയിട്ടുണ്ട്.
ടിക്കറ്റ് പരിശോധിച്ച കുനാല്‍ സവര്‍ദേക്കര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്തു. വഞ്ചന, തട്ടിപ്പ്, ഇലക്ട്രോണിക് ഉപകരണങ്ങള്‍ ഉപയോഗിച്ചുള്ള തട്ടിപ്പ് തുടങ്ങിയ വകുപ്പുകളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. വ്യാജ ടിക്കറ്റ് ഉപയോഗിച്ച് ഇയാള്‍ എത്രകാലമായി യാത്ര ചെയ്തുവെന്നത് പൊലീസ് വിശദമായി അന്വേഷിച്ചുവരികയാണ്.