ദുബൈ: ഇസ്രയേലുമായി നയതന്ത്ര ബന്ധം സ്ഥാപിച്ചെങ്കിലും സ്വതന്ത്ര ഫലസ്തീന്‍ എന്ന ആവശ്യത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് യുഎഇ. നിലവില്‍ ഇസ്രയേലുമായി ഉണ്ടാക്കിയ സമാധാന കരാര്‍ ഫലസ്തീനികളുടെ യാതൊരു തരത്തിലുള്ള അവകാശങ്ങളെയും കവരില്ലെന്നും യുഎഇ വിദേശകാര്യ സഹമന്ത്രി ഡോ അന്‍വര്‍ ഗര്‍ഗാഷ് വ്യക്തമാക്കി. കരാര്‍ മേഖലയില്‍ സുസ്ഥിര സമാധാനം കൊണ്ടു വരുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഫലസ്തീന്‍ ഭൂമി ഇസ്രയേല്‍ ഇനി കൈവശപ്പെടുത്തില്ല (അനക്‌സേഷന്‍) എന്നത് നേട്ടമായി കരുതുന്നു. സമാധാന ശ്രമങ്ങള്‍ പുനരുജ്ജീവിപ്പിക്കാനുള്ള അവസരമാണിത്. പ്രശ്‌നത്തിന് പരിഹാരം ഇസ്രയേലിന്റെയും ഫലസ്തീന്റെയും കൈകളിലാണ്. കിഴക്കന്‍ ജറൂസലം തലസ്ഥാനമായി സ്വതന്ത്ര ഫലസ്തീന്‍ സ്ഥാപിതമാണം എന്നതു തന്നെയാണ് യുഎഇയുടെ നിലപാട്. 1967 ജൂണ്‍ നാലു വരെയുള്ള അതിര്‍ത്തി പ്രകാരം ആയിരിക്കണം രാഷ്ട്രമുണ്ടാകേണ്ടത്. യുഎഇയുടെ പരമാധികാര നയപ്രകാരമാണ് ഇസ്രയേലുമായി നയതന്ത്ര കരാര്‍ ഉണ്ടാക്കിയത്- അദ്ദേഹം പറഞ്ഞു.

അറബ് ലീഗ് വിദേശകാര്യ മന്ത്രിമാരുടെ വീഡിയോ കോണ്‍ഫറന്‍സ് ഉച്ചകോടിയിലാണ് യുഎഇ വിഷയത്തില്‍ നിലപാട് വ്യക്തമാക്കിയത്. 18 മാസം നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ ഓഗസ്റ്റ് 13നാണ് ഇരുരാഷ്ട്രങ്ങളും നയതന്ത്ര ബന്ധം സ്ഥാപിക്കുന്നതായി പ്രഖ്യാപിച്ചത്. വെസ്റ്റ്ബാങ്കിലെ വിപുലീകരണ പദ്ധതികള്‍ അവസാനിപ്പിക്കാമെന്ന് ഇസ്രയേല്‍ സമ്മതിച്ച സാഹചര്യത്തിലാണ് യുഎഇ ജൂത രാഷ്ട്രവുമായി കരാറില്‍ എത്തിയിരുന്നത്.

കരാര്‍ ഔദ്യോഗികമായി സെപ്തംബര്‍ 15ന് ഒപ്പുവയ്ക്കും. യു.എസ് പ്രസിഡണ്ടിന്റെ ഔദ്യോഗിക വസതിയായ വൈറ്റ്ഹൗസിലാണ് ചടങ്ങുകള്‍. ഇസ്രയേലിന്റെ ഭാഗത്തു നിന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു, യുഎഇക്കു വേണ്ടി വിദേശകാര്യമന്ത്രി ശൈഖ് അബ്ദുല്ല സായിദ് അല്‍ നഹ്‌യാന്‍ എന്നിവരാണ് കരാറില്‍ ഒപ്പുവയ്ക്കുക.