ലാഹോര്‍: ശ്രീലങ്ക, പാകിസ്താന്‍, സിംബാബ്വെ ടീമുകള്‍ പങ്കെടുക്കുന്ന ത്രിരാഷ്ട്ര ടി20 ക്രിക്കറ്റ് പരമ്പര മികച്ച ആവേശത്തോടെയാണ് ആരംഭിച്ചത്. ഉദ്ഘാടന മത്സരത്തില്‍ ആതിഥേയരായ പാകിസ്താന്‍, മികച്ച പോരാട്ടം കാഴ്ചവച്ച സിംബാബ്വെയെ അഞ്ച് വിക്കറ്റിന് പരാജയപ്പെടുത്തി.
ടോസ് നേടിയ പാകിസ്താന്‍ ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. തുടക്കത്തില്‍ തന്നെ സിംബാബ്വെയുടെ ഓപ്പണര്‍മാരായ ബ്രയന്‍ ബെനറ്റും തടിവനാഷെ മരുമാനിയും ശക്തമായ പിടിമുറുക്കം കാട്ടി. 36 പന്തില്‍ 49 റണ്‍സ് നേടിയ ബെനറ്റും, 22 പന്തില്‍ 30 റണ്‍സ് നേടിയ നിരുമാനിയും ചേര്‍ന്ന് 72 റണ്‍സിന്റെ ആദ്യ വിക്കറ്റ് പങ്കാളിത്തം നല്‍കി.
ക്യാപ്റ്റന്‍ സിക്കന്ദര്‍ റാസ 24 പന്തില്‍ പുറത്താകാതെ 34 റണ്‍സ് നേടി ടീമിനെ സ്ഥിരതയിലേക്ക് നയിച്ചുവെങ്കിലും, മറ്റു ബാറ്റര്‍മാര്‍ വലിയ സംഭാവനകളുമായി മുന്നോട്ടുവന്നില്ല. നിശ്ചിത 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 147 റണ്‍സ് എന്ന സ്‌കോറിലാണ് സിംബാബ്വെയുടെ ഇന്നിംഗ്‌സ് അവസാനിച്ചത്.
മറുപടി ബാറ്റിങ്ങില്‍ പാകിസ്താന്‍ ഒരു ഘട്ടത്തില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 54 റണ്‍സെന്ന നിലയില്‍ തകര്‍ന്നിരുന്നു. ഫഖര്‍ സമാന്റെയും 32 പന്തില്‍ 44, ഉസ്മാന്‍ ഖാന്റെയും 28 പന്തില്‍ പുറത്താകാതെ 37, മുഹമ്മദ് നവാസിന്റെയും 12 പന്തില്‍ പുറത്താകാതെ 21 എന്നിങ്ങനെയുള്ള സംഭാവനകളാണ് പാകിസ്താനെ വിജയത്തിലെത്തിച്ചത്.
19-ാം ഓവറില്‍ ബ്രാഡ് എവാന്‍സിന്റെ പന്തില്‍ മുഹമ്മദ് നവാസിന്റെ കാച്ച് ബ്രയന്‍ ബെനറ്റ് വിട്ടതും പിന്നാലെ വന്ന നോബോള്‍ സമ്മര്‍ദ്ദം കുറക്കുന്നതും പാകിസ്താനെ വിജയത്തിലേക്ക് എത്തിച്ചു. അവസാനമായി 19.2 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം പാകിസ്താന്‍ നേടി.
ത്രിരാഷ്ട്ര പരമ്പരയിലെ അടുത്ത മത്സരം നാളെ സിംബാബ്വെയും ശ്രീലങ്കയും തമ്മില്‍ നടക്കും.