മനാമ: ഗതാഗത നിയമങ്ങള്‍ കര്‍ശനമാക്കാനും റോഡ് സുരക്ഷ ഉറപ്പാക്കാനുമുള്ള പദ്ധതിയുടെ ഭാഗമായി ബഹറൈനില്‍ സ്ഥാപിക്കുന്ന 500 അത്യാധുനിക സ്മാര്‍ട്ട് ട്രാഫിക് ക്യാമറകളുടെ പരീക്ഷണാടിസ്ഥാനത്തില്‍ പ്രവര്‍ത്തനം ഡിസംബറില്‍ ആരംഭിക്കും. ആഭ്യന്തരമന്ത്രാലയത്തിലെ നിയമകാര്യ അണ്ടര്‍സെക്രട്ടറി റാഷിദ് മുഹമ്മദ് ബുനജ്മ പാര്‍ലമെന്റ് സെഷനില്‍ ഇതുസംബന്ധിച്ച് അറിയിച്ചു. പുതുതായി അവതരിപ്പിക്കുന്ന ഈ സ്മാര്‍ട്ട് നിരീക്ഷണ സംവിധാനം നിയമലംഘനങ്ങള്‍ തത്സമയം കണ്ടെത്താനും ട്രാഫിക് നിയന്ത്രണം കൂടുതല്‍ ഫലപ്രദമാക്കാനാണ് ലക്ഷ്യമിടുന്നത്.
2026 ന്റെ ആദ്യ പാദത്തോടെ 200 മുതല്‍ 300 വരെ ക്യാമറകള്‍ പൂര്‍ണ്ണമായും പ്രവര്‍ത്തനക്ഷമമാകും. ട്രാഫിക് സുരക്ഷയും ഗതാഗത ചിട്ടയും വര്‍ധിപ്പിക്കുക എന്നതാണ് പദ്ധതിയുടെ പ്രധാന ഉദ്ദേശം. ക്യാമറ സംവിധാനം പൂര്‍ണ്ണമായി നടപ്പിലായതിന് ശേഷം നിയമലംഘനങ്ങള്‍ക്കുള്ള ട്രാഫിക് പോയിന്റ സമ്പ്രദായവും പ്രാബല്യത്തില്‍ വരുത്താനാണ് തീരുമാനം. ഇതിനൊപ്പം വാഹനങ്ങളില്‍ നിര്‍ബന്ധമല്ലാത്ത രീതിയില്‍ ഡാഷ് ക്യാമറകള്‍ സ്ഥാപിക്കുന്നത് പ്രോത്സാഹിപ്പിക്കാനുള്ള നിര്‍ദേശത്തിനും പാര്‍ലമെന്റ് അംഗീകാരം നല്‍കി. സ്ട്രാറ്റജിക് തിങ്കിങ് ബ്ലോക്കിലെ അംഗം ഡോ. മറിയം അല്‍ ധഈന്‍ അവതരിപ്പിച്ച ഈ നിര്‍ദേശം കാബിനറ്റിന്റെ അവലോകനത്തിനായി കൈമാറിയിട്ടുണ്ട്