kerala

ആദിവാസി യുവാവിനെ കള്ളക്കേസില്‍ കുടുക്കി മർദ്ദിച്ച ഫോറസ്റ്റ് ഓഫീസര്‍ അറസ്റ്റില്‍

By webdesk15

July 02, 2023

ആദിവാസി യുവാവിനെ കള്ളക്കേസില്‍ കുടുക്കി മർദ്ദിച്ച ഫോറസ്റ്റ് ഓഫീസര്‍ അറസ്റ്റില്‍.ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ വി സി ലെനിന്‍ ആണ് തിരുവനന്തപുരത്ത് നിന്നും പിടിയിലായത്. ഇടുക്കി കണ്ണംപടി ആദിവാസി ഊരിലെ സരുണ്‍ സജിയെ കള്ളക്കേസില്‍ കുടുക്കി മര്‍ദ്ദിച്ച കേസിലാണ് അറസ്റ്റ്.2022 സെപ്തംബറിലായിരുന്നു ഓട്ടോറിക്ഷയില്‍ കാട്ടിറച്ചി കടത്തിയെന്ന് ആരോപിച്ച് സരുണിനെ വനംവകുപ്പ് കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ സരുണ്‍ കുറ്റക്കാരനല്ലെന്നും കേസ് കെട്ടിച്ചമച്ചതാണെന്നും തെളിഞ്ഞതോടെ വനംവകുപ്പ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്യുകയുമായിരുന്നു. എന്നാല്‍ നടപടി കാലാവധി അവസാനിച്ചെന്ന് കാണിച്ച് ഉദ്യോഗസ്ഥരെ സര്‍വ്വീസില്‍ തിരിച്ചെടുത്തിരുന്നു.

തനിക്കെതിരെ കള്ളക്കേസെടുത്ത ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് സരുൺ സജി എസ് സി എസ് ടി കമ്മിഷന് പരാതി നൽകിയതാണ് വഴിത്തിരിവായത്. കുമളിയിൽ നടന്ന സിറ്റിംഗിൽ കേസ് പരിഗണിച്ചപ്പോഴാണ് ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കാൻ കമ്മിഷൻ അദ്ധ്യക്ഷൻ വി എസ് മാവോജി പൊലീസിന് നിർദ്ദേശം നൽകിയത്. പിന്നാലെ പട്ടിക ജാതി പീഡന നിരോധന നിയമത്തിലെ വകുപ്പുകൾ ചുമത്തി 13 വനംവകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ കേസെടുത്തത്.