കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ ജനപ്രീതിക്ക് ഇടിവു തട്ടിയിട്ടില്ലെന്ന സൂചനയുമായി ഉപതെരഞ്ഞെടുപ്പു ഫലങ്ങള്‍. ഉലുബെറിയ ലോക്‌സഭാ സീറ്റിലേക്കും നോപാറ അസംബ്ലി സീറ്റിലേക്കുമുള്ള മത്സരങ്ങളില്‍ തൃണമൂല്‍ സ്ഥാനാര്‍ത്ഥികള്‍. രണ്ടിടങ്ങളിലും സി.പി.എം സ്ഥാനാര്‍ത്തികള്‍ക്ക് മൂന്നാം സ്ഥാനത്തെത്താനേ കഴിഞ്ഞുള്ളൂ.

മുന്‍ കേന്ദ്രമന്ത്രി സുല്‍ത്താന്‍ അഹമ്മദിന്റെ നിര്യാണത്തെ തുടര്‍ന്ന് നടന്ന ഉലുബെറിയ ഉപ തെരഞ്ഞെടുപ്പില്‍, അദ്ദേഹത്തിന്റെ വിധവ സജ്ദ സുല്‍ത്താന്‍ അഹമ്മദ് 4,74,023 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ജയിച്ചു കയറിയത്. ബി.ജെ.പിയുടെ അനുപം മല്ലിക്ക് രണ്ടാം സ്ഥാനത്തെത്തിയപ്പോള്‍ സി.പി.എം സ്ഥാനാര്‍ത്ഥി സാബിറുദ്ദീന്‍ മൊല്ല മൂന്നും കോണ്‍ഗ്രസിന്റെ എസ്.കെ മദസ്സര്‍ ഹുസൈന്‍ വാര്‍സി നാലും സ്ഥാനങ്ങളിലായി.

കോണ്‍ഗ്രസ് എം.എല്‍.എ മധുസുദന്‍ ഘോസെയുടെ മരണത്തെ തുടര്‍ന്ന് നടന്ന നോപാറ അസംബ്ലി ഉപതെരഞ്ഞെടുപ്പില്‍ തൃണമൂല്‍ നേതാവ് സുനില്‍ സിങ് 63,000 വോട്ടുകളുടെ വന്‍ ഭൂരിപക്ഷത്തിനാണ് ജയിച്ചത്. ബി.ജെ.പിയുടെ സന്ദീപ് ബാനര്‍ജി രണ്ടാം സ്ഥാനത്തെത്തിയപ്പോള്‍ സി.പി.എമ്മിന് മൂന്നാം സ്ഥാനത്തെത്താനേ കഴിഞ്ഞുള്ളൂ. കോണ്‍ഗ്രസ് നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.