മുത്തലാഖ് നിരോധനമെന്ന പേരില്‍ കേന്ദ്ര ഭരണകൂടം പാര്‍ലമെന്റില്‍ അവതരിപ്പിക്കാനിരിക്കുന്ന ബില്ല് അപ്രായോഗികവും സ്ത്രീവിരുദ്ധവുമാണെന്ന് മുസ്്‌ലിംലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി വിലയിരുത്തി. അനിവാര്യ ഘട്ടങ്ങളിലെ ത്വലാഖും മുത്വലാഖും ഒന്നാക്കാനും ക്രിമിനല്‍ നിയമത്തിലേക്ക് മാറ്റാനുമാണ് ശ്രമം. വിവാഹ മോചനത്തിന് ശേഷവും നിശ്ചിത കാലമെങ്കിലും സ്ത്രീ പുരുഷന്റെ സംരക്ഷണത്തിലാണ്. മുന്‍ ഭര്‍ത്താവിനെ ജയിലിലിടുമ്പോള്‍ ലക്ഷ്യം തന്നെ പാളിപ്പോകും. സിവില്‍ നിയമത്തെ ക്രിമിനല്‍ നിയമമാക്കുന്നതുള്‍പ്പെടെ മുന്‍ വിധിയോടെയുള്ള സമീപനം ദുഷ്ടലാക്കോടെയാണ്. ഇക്കാര്യത്തില്‍ ഈ മാസം ഡല്‍ഹിയില്‍ നടക്കുന്ന മുസ്്‌ലിംലീഗ് ദേശീയ സെക്രട്ടേറിയറ്റ് വിശദമായ ചര്‍ച്ചകള്‍ നടത്തി മുന്നോട്ടു പോകുമെന്നും ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറിയും വക്താവുമായ ഇ.ടി മുഹമ്മദ് ബഷീര്‍ എം.പിയും സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദും വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ഗുജറാത്ത് തെരഞ്ഞെടുപ്പ് ഫലം ഫാഷിസ്റ്റ് വിരുദ്ധ ചേരിക്ക് രാജ്യത്ത് പുത്തനുണര്‍വ്വ് പകര്‍ന്നതായി മുസ്്‌ലിംലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി വിലയിരുത്തി. സമീപ കാലത്ത് തെരഞ്ഞെടുപ്പ് നടക്കാനുള്ള സംസ്ഥാനങ്ങളില്‍ യോജിപ്പിനുള്ള ദൗത്യത്തില്‍ മുസ്്‌ലിംലീഗും പങ്കാളികളാവും. സംഘ്പരിവാറിനെതിരെ എല്ലാ മതേതര ജനാധിപത്യ കക്ഷികളും ഒറ്റക്കെട്ടായി അണിനിരക്കണമെന്ന മുസ്്‌ലിംലീഗ് നയം കൂടുതല്‍ പ്രസക്തമായതായും യോഗം വിലയിരുത്തി.
ഓഖി ചുഴലിക്കാറ്റുമായി ബന്ധപ്പെട്ട്, വിവാദങ്ങള്‍ക്ക് അപ്പുറം കാണാതായവരെ കണ്ടെത്താനും മരിച്ചവരുടെ ആശ്രിതര്‍ക്ക് മതിയായ നഷ്ടപരിഹാരം വേഗത്തില്‍ ലഭ്യമാക്കാനും കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ സത്വര നടപടി സ്വീകരിക്കണമെന്ന് കമ്മിറ്റി പ്രമേയത്തില്‍ ആവശ്യപ്പെട്ടു.
ഗെയില്‍ ഗ്യാസ് പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് പ്രദേശ വാസികള്‍ക്ക് ഉള്ള ആശങ്കകള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണം. നോട്ടീസുപോലും നല്‍കാതെ ഗെയില്‍ അധികൃതര്‍ കടന്നു കയറി നിര്‍മ്മാണം നടത്തുന്നത് പ്രതിഷേധാര്‍ഹമാണ്. ജനങ്ങളെ ദ്രോഹിച്ചും അടിച്ചൊതുക്കിയും പദ്ധതികള്‍ നടപ്പാക്കുമെന്നത് ജനാധിപത്യ സമൂഹത്തിന് യോജിച്ചതല്ലെന്നും യോഗം അഭിപ്രായപ്പെട്ടു.
പശ്ചിമേഷ്യയെ അശാന്തിയിലേക്ക് തള്ളിവിടാനുള്ള യു.എസ് ശ്രമങ്ങള്‍ക്കെതിരെ നിലകൊള്ളുന്നതോടൊപ്പം പൊരുതുന്ന ഫലസ്തീനുള്ള ഐക്യദാര്‍ഢ്യം തുടരുമെന്നും സമിതി വ്യക്തമാക്കി.
യോഗത്തില്‍ സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി ദേശീയ ആനുകാലിക വിഷയങ്ങളും ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി ദേശീയ തലത്തിലെ പാര്‍ട്ടി പ്രവര്‍ത്തനങ്ങളും വിശദീകരിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു.