വാഷിങ്ടണ്‍: അമേരിക്കന്‍ വിസ ലഭിക്കുന്നതിനുള്ള പുതിയ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് ട്രംപ് ഭരണകൂടം. ഹൃദ്രോഗം, പ്രമേഹം, അമിതവണ്ണം തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങളുള്ളവരുടെ വിസ അപേക്ഷകള്‍ യുഎസ് കോണ്‍സുലേറ്റുകള്‍ നിഷേധിക്കാമെന്ന് പുതിയ മാര്‍ഗനിര്‍ദേശങ്ങളില്‍ വ്യക്തമാക്കുന്നു.
അമേരിക്കയില്‍ താമസിക്കാന്‍ വിസയ്ക്കായി അപേക്ഷിക്കുന്ന വിദേശികള്‍ക്ക് ഗുരുതര ആരോഗ്യപ്രശ്‌നങ്ങളുണ്ടെങ്കില്‍ അവരുടെ ചികിത്സാചെലവുകള്‍ രാജ്യത്തിന് വന്‍ സാമ്പത്തിക ബാധ്യതയായേക്കുമെന്ന യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ കണ്ടെത്തലാണ് ഈ നീക്കത്തിന് പിന്നിലെന്ന് റിപ്പോര്‍ട്ട് പറയുന്നു.
പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ കോണ്‍സുലേറ്റുകളിലും എംബസികളിലും ഇതിനകം അയച്ചുകഴിഞ്ഞതായി യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് സ്ഥിരീകരിച്ചു. ഇതോടെ, യുഎസില്‍ താമസമാക്കിയിരിക്കുന്ന ഇന്ത്യക്കാര്‍ക്കും വിസ പുതുക്കല്‍ സംബന്ധിച്ച കാര്യങ്ങളിലും തിരിച്ചടി നേരിടേണ്ടി വരാമെന്നാണ് സൂചന.
ഇതുവരെ വിസ അപേക്ഷാ പ്രക്രിയയുടെ ഭാഗമായി സാംക്രമിക രോഗങ്ങള്‍, വാക്സിനേഷന്‍, പകര്‍ച്ചവ്യാധികള്‍, മാനസികാരോഗ്യ നില തുടങ്ങിയവ പരിശോധിച്ചുവരികയായിരുന്നു. ഇപ്പോള്‍ അതിനൊപ്പം ദീര്‍ഘകാല രോഗങ്ങളും അമിതവണ്ണവുമെല്ലാം വിസ പരിഗണനയില്‍ ഉള്‍പ്പെടുത്തും.
അതേസമയം, അമേരിക്കന്‍ പാസ്പോര്‍ട്ടിലെ ലിംഗസൂചകത്തില്‍ നിന്നും ട്രാന്‍സ്ജന്‍ഡര്‍ വിഭാഗത്തിന് ഇനി ഇടമുണ്ടാകില്ല. പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ നയം നടപ്പാക്കാന്‍ അമേരിക്കന്‍ സുപ്രീംകോടതി അനുമതി നല്‍കി. ഇനി പാസ്പോര്‍ട്ടില്‍ ലിംഗസൂചകമായി ‘പുരുഷന്‍’ അല്ലെങ്കില്‍ ‘സ്ത്രീ’ എന്നത് മാത്രമേ കാണിക്കുകയുള്ളൂ.