More

ഇറാന്റെ അടുത്ത നേതാവിനെ തെരഞ്ഞെടുക്കുന്നതില്‍ ഇടപെടും, ഖാംനഈയുടെ മകന്‍ തനിക്ക് സ്വീകാര്യനല്ല: ട്രംപ്

By webdesk14

March 06, 2026

വാഷിങ്ടണ്‍: ഇറാന്റെ അടുത്ത നേതാവിനെ തെരഞ്ഞെടുക്കുന്നതില്‍ താന്‍ ഇടപെടുമെന്ന് പ്രഖ്യാപിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. യു.എസ്-ഇസ്‌റാഈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈയുടെ പിന്‍ഗാമിയെ തെരഞ്ഞെടുക്കുന്നതില്‍ താന്‍ ഇടപെടുമെന്നാണ് യു.എസ് പ്രസിഡന്റ് പറയുന്നത്. കാംനഈയുടെ മകന്‍ മുജ്തബ ഖാംനഈ തനിക്ക് സ്വീകാര്യനല്ലെന്നും ട്രംപ് പറയുന്നു. ഇറാന്‍ ഭരണത്തിലും തന്റെ സ്വാധീനം വേണമെന്ന മോഹം പറയാതെ പറഞ്ഞിരിക്കുകയാണ് ട്രംപ് ഈ പ്രസ്താവനയിലൂടെ. പരമോന്നത നേതാവാകാന്‍ മുജ്തബ ഖാനഈക്ക് കഴിവില്ലെന്നാണ് ട്രംപിന്റെ കണ്ടെത്തല്‍. ആക്‌സിയോസിന് നല്‍കിയ അഭിമുഖത്തിലാണ് പ്രതികരണം.

വെനസ്വേലയുടെ അധികാരക്കൈമാറ്റം ചൂണ്ടിക്കാട്ടിയാണ് ട്രംപ് തന്റെ ആവശ്യം നിരത്തുന്നത്.  ‘അവര്‍ സമയം പാഴാക്കുകയാണ്. ഖാംനഈയുടെ മകന്‍ നിസ്സാര വ്യക്തിത്വമാണ്. എനിക്ക് അസ്വീകാര്യനാണ്. ഇറാനില്‍ ഐക്യവും സമാധാനവും കൊണ്ടുവരുന്ന ഒരാളെയാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്’ ട്രംപ് പറഞ്ഞു. വെനസ്വേലയില്‍ മദുറോയെ മാറ്റി ഡെല്‍സി റോഡ്രിഗ്‌സിയെ തെരഞ്ഞെടുത്തത് പോലെ, (ഇറാനിലെ പുതിയ ഭരണാധികാരിയുടെ) നിയമനത്തിലും ഞാന്‍ പങ്കാളിയാകും’ – ട്രംപ് കൂട്ടിച്ചേര്‍ത്തു.

ആയത്തുല്ല ഖാംനഈ, തന്റെ മകനെ പിന്‍ഗാമിയാക്കാതിരിക്കാന്‍ കാരണം അദ്ദേഹത്തിന് കഴിവില്ലാത്തത് കൊണ്ടാണെന്നും ട്രംപ് ആരോപിച്ചു. ‘ഇറാന്റെ ഭാവി ഭരണകൂടത്തില്‍ എനിക്ക് വലിയ സ്വാധീനമുണ്ടാകും. അല്ലെങ്കില്‍ ഒരു ഒത്തുതീര്‍പ്പും ഉണ്ടാകില്ല. ഞങ്ങള്‍ ചെയ്തത് തന്നെ വീണ്ടും ചെയ്യാന്‍ ആഗ്രഹിക്കുന്നില്ല’ ട്രംപ് ആവര്‍ത്തിച്ചു.

‘ആണവായുധങ്ങള്‍ ഇല്ലാതെ, ഇറാനെ നന്നായി നയിക്കാന്‍ കഴിയുന്ന ആരെങ്കിലും ഭരണത്തിലെത്തും എന്ന് ഉറപ്പാക്കാന്‍ ഞങ്ങള്‍ അവിടെയുള്ള ജനങ്ങളോടും ഭരണകൂടത്തോടും ചേര്‍ന്ന് പ്രവര്‍ത്തിക്കും’ -ട്രംപ് പറഞ്ഞു. ഷിയാ ഭരണം തകര്‍ന്നാല്‍ ഒരു നേതാവായി സ്വയം സ്ഥാപിക്കാന്‍ ശ്രമിക്കുന്ന മുന്‍ ഷായുടെ മകന്‍ റെസ പഹ്ലവി ഇറാനിലെ നേതൃത്വം ഏറ്റെടുക്കാന്‍ തന്റെ ഭരണകൂടം പരിഗണിച്ചിട്ടില്ലെന്ന് ട്രംപ് ബുധനാഴ്ച പറഞ്ഞിരുന്നു.

”ഉള്ളില്‍ നിന്നുള്ള ആരെങ്കിലും, ഒരുപക്ഷേ, കൂടുതല്‍ ഉചിതമാകുമെന്ന് എനിക്ക് തോന്നുന്നു,” ട്രംപ് വൈറ്റ് ഹൗസില്‍ മാധ്യമങ്ങളോട് പറഞ്ഞു, ”അവിടെയുള്ള, നിലവില്‍ ജനപ്രിയനായ, അത്തരമൊരു വ്യക്തി ഉണ്ടെങ്കില്‍” ട്രംപ് കൂട്ടിച്ചേര്‍ത്തു.

ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈ യു.എസ്-ഇസ്‌റാഈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട വാര്‍ത്ത സ്ഥിരീകരിച്ച നിമിഷം മുതല്‍ അദ്ദേഹത്തിന്റെ പിന്‍ഗാമി ആര് എന്ന ചോദ്യമാണ് ഉയരുന്നത്. മൂന്ന് പതിറ്റാണ്ടിലധികം ഇറാനെ ഭരണപരമായും ആത്മീയമായും നയിച്ച ഖാംനഈയുടെ മകന്‍ മുജ്തബ ഖാംനഈയുടെ പേര് ആ മണിക്കൂറുകളില്‍തന്നെ ഉയര്‍ന്നുകേട്ടിരുന്നു.

അതേസമയം, പുതിയ നേതാവിനെ തെരഞ്ഞെടുക്കാനുള്ള ഇറാന്റെ അസംബ്ലി ഓഫ് എക്‌സ്‌പേര്‍ട്‌സ് (മജ്‌ലിസ് ഖുബ്‌റാഅ്) നിര്‍ണായക യോഗം നടക്കുകയാണ്.    മുജ്തബക്കാണ് മുന്‍ഗണനയെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഖാംനഈയുടെ ഡെപ്യൂട്ടി ചീഫ് ആയിരുന്ന അസ്ഗര്‍ ഹിജാസി, സൈനിക നേതാവ് അലി ലാറിജാനി, റൂഹുല്ല ഖുമൈനിയുടെ മകന്‍ ഹസന്‍ ഖുമൈനി തുടങ്ങിയവരും പരിഗണനയിലുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.