വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ വീണ്ടും ലൈംഗികാരോപണം. പോണ്‍ നടി സ്റ്റെഫാനി ക്ലിഫോര്‍ഡുമായാണ് ട്രംപിന് ബന്ധം ആരോപിക്കുന്നത്. വിവരം പുറത്തു പറയാതിരിക്കുന്നതിന് സ്റ്റെഫാനിക്കു 1,30,000 ഡോളര്‍ (ഏകദേശം 82,69,365 രൂപ) നല്‍കിയതായി വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തു. സ്വകാര്യ അഭിഭാഷകന്‍ മൈക്കിള്‍ കോഹന്‍ മുഖേനയാണ് ട്രംപ് പണം നല്‍കി നടിയുടെ വായടപ്പിച്ചത്.
ഗോള്‍ഫ് മത്സരത്തിനിടെ 2006ലാണ് സ്റ്റൊഫാനിയെ പരിചയപ്പെടുന്നത്.
മെലാനിയയെ വിവാഹം ചെയ്ത് ഒരു വര്‍ഷത്തിനു ശേഷമായിരുന്നു ഇത്. തുടര്‍ന്ന് പ്രസിഡന്റ് തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ എബിസി ന്യൂസിനോട് തന്റെ മനസ്സ് തുറക്കാന്‍ സ്റ്റെഫാനി തയാറായി. ഇതിനു പിന്നാലെ പണം നല്‍കി ഒത്തുതീര്‍പ്പാക്കാന്‍ ട്രംപ് അഭിഭാഷകനെ ചുമതലപ്പെടുത്തുകയായിരുന്നു. സ്റ്റെഫാനിയുടെ അഭിഭാഷകന്‍ കെയ്ത് ഡേവിഡ്‌സണ്‍ വഴിയാണ് പണം കൈമാറിയത്. അതേസമയം വാള്‍സ്ട്രീറ്റ് റിപ്പോര്‍ട്ട് പഴയതാണെന്നും അതില്‍ വിശദീകരണം നല്‍കിയിരുന്നുവെന്നും വൈറ്റ് ഹൗസ് വൃത്തങ്ങള്‍ പ്രതികരിച്ചു.
പോണ്‍ നടി ജെസീക്ക ഉള്‍പ്പെടെ നിരവധി സ്ത്രീകളുമായി ട്രംപിന് ബന്ധമുണ്ടെന്ന് നേരത്തെ ആരോപണമുണ്ടായിരുന്നു.