വാഷിങ്ടൺ: ഇറാനുമായി ബന്ധപ്പെട്ട സംഘർഷം രൂക്ഷമാകുന്നതിനിടെ, യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് വീണ്ടും കടുത്ത മുന്നറിയിപ്പുമായി രംഗത്തെത്തി. താത്ക്കാലിക വെടിനിര്‍ത്തല്‍ നിര്‍ദേശം ഇറാന്‍ തള്ളിയതിനെ തുടര്‍ന്ന്, വൈദ്യുതി കേന്ദ്രങ്ങൾക്കും പാലങ്ങൾക്കും നേരെ ശക്തമായ ആക്രമണം നടത്തുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തി. ഇന്ന് രാത്രി അനുവദിച്ച സമയപരിധി അവസാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
യുദ്ധം ഉടൻ അവസാനിപ്പിക്കാൻ കഴിയുമെന്നും, എന്നാൽ ചില നടപടികൾ കൂടി പൂർത്തിയാക്കേണ്ടതുണ്ടെന്നും ട്രംപ് പറഞ്ഞു. ഇറാൻ വഴങ്ങുമെന്ന പ്രതീക്ഷയിൽ 48 മണിക്കൂർ അധിക സമയം നൽകിയതായും വൈറ്റ് ഹൗസ് വൃത്തങ്ങൾ അറിയിച്ചു.
അതേസമയം, താത്ക്കാലിക വെടിനിർത്തൽ നിർദേശം ഇറാൻ ഔദ്യോഗികമായി തള്ളിക്കളഞ്ഞു. പാക്കിസ്ഥാനിലൂടെ നൽകിയ മറുപടിയിൽ, ഇസ്രായേലും അമേരിക്കയും ഇറാനിൽ യുദ്ധക്കുറ്റങ്ങളും വംശഹത്യാ നടപടികളും തുടരുന്നതായി വിദേശകാര്യ മന്ത്രി അബ്ബാസ് അറാഗ്ചി ആരോപിച്ചു. സമ്പൂർണ യുദ്ധവിരാമം ആവശ്യപ്പെട്ട് ഇറാൻ ഉറച്ച നിലപാടിലാണ്.
യുദ്ധത്തിൽ തകർന്ന അടിസ്ഥാന സൗകര്യങ്ങളുടെ പുനർനിർമ്മാണവും യുക്തമായ നഷ്ടപരിഹാരവും ആവശ്യപ്പെട്ട ഇറാൻ, ഹോർമുസ് കടലിടുക്കിൽ പരമാധികാരം ഉൾപ്പെടെ പത്ത് നിർദേശങ്ങളും മുന്നോട്ടുവച്ചു. മേഖലയിലെ ആക്രമണങ്ങൾ അവസാനിപ്പിക്കൽ, ഹോർമുസിലൂടെയുള്ള സുരക്ഷിത ഗതാഗതത്തിനായി പ്രോട്ടോക്കോൾ രൂപീകരിക്കൽ, ഉപരോധങ്ങൾ നീക്കൽ എന്നിവയും ഇതിൽ ഉൾപ്പെടുന്നു.
ഹോർമുസ് തുറന്നില്ലെങ്കിൽ ബുധനാഴ്ച പുലർച്ചെ മുതൽ ഇറാനെതിരെ ശക്തമായ ആക്രമണം നടത്തുമെന്ന് മുമ്പ് ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു. പ്രകോപനപരമായ നടപടികൾ അവസാനിപ്പിക്കണമെന്നും റഷ്യ അമേരിക്കയെ ഓർമ്മിപ്പിച്ചിട്ടുണ്ട്.