News

ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും ട്രംപ് ഉടന്‍ തിരികെയെത്തും: നമ്മളേക്കാള്‍ ആവശ്യം അവര്‍ക്ക്

By webdesk13

January 19, 2023

വാഷിങ്ടണ്‍: സമൂഹ മാധ്യമങ്ങളായ ഫേസ്ബുക്കിലേക്കും ഇന്‍സ്റ്റഗ്രാമിലേക്കും ഉടന്‍ തിരിച്ചുവരുമെന്ന് യു.എസ് മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. തിരിച്ചുവരവിനെ കുറിച്ച് മാതൃകമ്പനിയായ മെറ്റ പ്ലാറ്റ്‌ഫോംസുമായി ചര്‍ച്ച തുടരുകയാണെന്ന് ട്രംപ് വ്യക്തമാക്കി. ജനുവരി അവസാനത്തിനകം വിലക്ക് സംബന്ധിച്ച് തീരുമാനമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.

എന്നാല്‍ ഇതിനെ കുറിച്ച് മെറ്റയുടെ ഔദ്യോഗിക പ്രതികരണം ഇതുവരെ വന്നിട്ടില്ല. തിരിച്ചുവരവ് നമ്മളേക്കാള്‍ ആവശ്യം ഫെസ്ബുക്കിനും ഇന്‍സ്റ്റഗ്രാമിനുമാണെന്നും ട്രംപ് പറഞ്ഞു. യു.എസ് കാപിറ്റോള്‍ കലാപത്തിനു പിന്നാലെ അക്രമത്തിന് ആഹ്വാനം ചെയ്തുവെന്ന കുറ്റത്തിന് രണ്ടുവര്‍ഷം മുമ്പാണ് ട്രംപിന് ഫേസ്ബുക്കില്‍ നിന്നും ഇന്‍സ്റ്റഗ്രാമില്‍ നിന്നും വിലക്കേര്‍പെടുത്തിയത്.

തന്റെ കാമ്പയില്‍ സംഘമാണ് ചര്‍ച്ച നടത്തുന്നതെന്ന് ഫോക്‌സ് ന്യൂസ് ഡിജിറ്റലിന് നല്‍കിയ അഭിമുഖത്തില്‍ ട്രംപ് പറഞ്ഞു. ”ഞങ്ങള്‍ അവരുമായി സംസാരിക്കുകയാണ്. എന്താകുമെന്ന് നോക്കാം. ഞങ്ങളെ തിരിച്ചെടുത്താല്‍ അവര്‍ക്ക് വളരെയധികം സഹായകമായിരിക്കും. കാരണം ഞങ്ങള്‍ക്ക് അവരെ ആവശ്യമുള്ളതിനെക്കാള്‍ അവര്‍ക്കാണ് ഞങ്ങളെ ആവശ്യം”ട്രംപ് പറഞ്ഞു.