editorial

ഭരണമാറ്റത്തിന്റെ കാഹളം

By webdesk17

December 14, 2025

കേരള പഞ്ചായത്തീരാജ് നിലവില്‍ വന്നതിനുശേഷമുള്ള ഏറ്റവും മികച്ച വിജയങ്ങളിലൊന്നാണ് ഐക്യ ജനാധിപത്യ മുന്നണി ഇത്തവണത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ കരസ്ഥമാക്കിയത്. ആറില്‍ നാലു കോര്‍പറേഷനുകളും മുനിസിപ്പാലിറ്റികളില്‍ 54 എണ്ണവും ജില്ലാ പഞ്ചായത്തുകളില്‍ ഏഴെണ്ണവും ബ്ലോക്ക് പഞ്ചായത്തുകളില്‍ 80 എണ്ണവും ഗ്രാമ പഞ്ചായത്തുകളില്‍ 500 എണ്ണവും കൈപ്പിടിയിലൊതുക്കിയപ്പോള്‍ 2020 നെ അപേക്ഷിച്ച് ഇരട്ടിയോളം വരുന്ന നേട്ടമാണിത്. കഴിഞ്ഞ തവണ കണ്ണൂര്‍ കോര്‍പറേഷന്‍ മാത്രമായിരുന്നിടത്താണ് ഇത്തവണ കൊല്ലവും കൊച്ചിയും തൃശൂരും കൂടി യു.ഡി.എഫ് എടുത്തത്. നേരത്തെ എറണാകുളം, മലപ്പുറം, വയനാട് ജില്ലാ പഞ്ചായത്തുകള്‍ മാത്രമാണ് യു.ഡി.എഫിന് ഒപ്പമുണ്ടായിരുന്നത്. അതില്‍ വയനാടിന് നറുക്കെടുപ്പിലൂടെ ഭാഗ്യത്തിന്റെ അകമ്പടികുടിയുണ്ടായിരുന്നെങ്കില്‍ ഇത്തവണ കോഴിക്കോട്, കോട്ടയം, പത്തനംതിട്ട, ഇടുക്കി എന്നിവകൂടി യു.ഡി.എഫ് ചേര്‍ത്തുവെച്ചിരിക്കുകയാണ്. എന്നാല്‍ എല്‍.ഡി.എഫ് 11 ല്‍ നിന്ന് ഏഴിലേക്ക് കൂപ്പുകുത്തിയിരിക്കുകയാണ്. 2020ല്‍ 152 ല്‍ 111 ബ്ലോക്ക് പഞ്ചായത്തുകളും വിജയിച്ച എല്‍.ഡി.എഫ് ഇത്തവണ അത് 48 ല്‍ ഒതുങ്ങിയിരിക്കുകയാണ്. ഗ്രാമ പഞ്ചായത്തുകളിലാകട്ടേ, 517 ല്‍ നിന്നാണ് 341 ലേക്കായിരുന്നു അവരുടെ വീഴ്ച്ച. തദ്ദേശ തിരഞ്ഞെടുപ്പില്‍ മുഴങ്ങിയിരിക്കുന്നത് ഭരണമാറ്റത്തിന്റെ കാഹളമാണെന്നതാണ് കള്ളംപറയാത്ത ഈ കണക്കുകള്‍ വിളിച്ചുപറയുന്നത്. ഒമ്പതര വര്‍ഷക്കാലത്തെ ഇടതു ഭരണത്തോടുള്ള ജനങ്ങളുടെ എതിര്‍പ്പും മടുപ്പും ഈ ജനവിധിയില്‍ കൃത്യമായി വായിച്ചെടുക്കാവുന്നതാണ്. അധികാര തുടര്‍ച്ചയുടെ അഹങ്കാരത്തില്‍ ധാര്‍ഷ്യവും ധിക്കാരവും കൈമുതലാക്കി ഒരു ഭരണകൂടം മുന്നോട്ടുഗമിക്കുമ്പോള്‍ ഈ സര്‍ക്കാറിനുണ്ടായിരുന്ന ആത്മവിശ്വാസം തിരഞ്ഞെടുപ്പ് കാലത്തെ ഏതാനും പ്രഖ്യാപനങ്ങളിലൂടെ ജനവിധി അട്ടിമറിക്കാമെന്നായിരുന്നു. അഴിമതിയുടെയും സ്വജനപക്ഷപാതത്തിന്റെയും കെടുകാര്യസ്ഥതയുടെയുമെല്ലാം മകുടോദഹരണങ്ങളായി മാറിയിരുന്ന ഒന്നാം പിണറായി സര്‍ക്കാര്‍ ഈ ചെപ്പടിവിദ്യ ഫലപ്രദമായി നടപ്പാക്കിയിരുന്നു. അതിന്റെ ചുവടുപിടിച്ചാണ് തദ്ദേശ തിരഞ്ഞെടുപ്പിന്റെ തൊട്ടുമുമ്പും ക്ഷേമ പെന്‍ഷന്‍ വര്‍ധന ഉള്‍പ്പെടെയുള്ള ചില ഗിമ്മിക്കുകളുമായി രംഗത്തെത്തിയിരുന്നത്. പാവപ്പെട്ടവന്റെ അവകാശമായ ക്ഷേമ പെന്‍ഷന്‍പോലുള്ള ആനുകുല്യങ്ങളില്‍ ഈ സര്‍ക്കാറിന്റെ ഉദ്ദേശ്യമെന്താണെന്നതിന്റെ നിദര്‍ശനമാണ് മുന്‍മന്ത്രിയും സി.പി.എം നേതാവുമായ എം.എം മണി ഇ ന്നലെ നടത്തിയ പ്രസ്താവന, ‘ക്ഷേമ പെന്‍ഷന്‍ വാങ്ങി ശാപ്പാടടിച്ച് നമ്മക്കിട്ട് വെച്ചു’ എന്നായിരുന്നു മണിയുടെ പ്രസ്താവന. എന്നാല്‍ കുബുദ്ധികളുടെ ഉള്ളിലിരിപ്പ് നേരത്തെ തിരിച്ചറിഞ്ഞ ജനം ആ കെണിയില്‍ വീണില്ലെന്നതാണ് യാഥാര്‍ത്ഥ്യം. വികസനത്തിന്റെയും സേവനത്തിന്റെയും പേരിലുള്ള ഈ സര്‍ക്കാറിന്റെ അവകാശവാദങ്ങളുടെ പൊള്ളത്തരത്തിന്റെ വാറോലകള്‍ ചുരുട്ടിമടക്കി ചവറ്റുകൊട്ടയിലേക്ക് വലിച്ചെറിഞ്ഞ ജനം അവരുടെ ദുഷ്ചെയ്തികള്‍ കൃത്യമായി ഓര്‍ത്തെടുത്തതിന്റെ പരിണിതഫലംകൂടിയുണ്ട് ഈ വിധിയെഴുത്തില്‍. പഞ്ചായത്തീരാജ് സംവിധാനത്തിന്റെ അന്തസത്ത ചോര്‍ത്തിക്കളഞ്ഞ് ത്രിതല പഞ്ചായത്തുകളെ നോക്കുകുത്തിയാക്കി മാറ്റുകയും പ്രാദേശിക വികസനപ്രവര്‍ത്തനങ്ങളെ തീര്‍ത്തും ഇല്ലാതാക്കിക്കളഞ്ഞതിന്റെയും ദുരിതം അവര്‍ക്ക് മറക്കാന്‍ കഴിയുമായിരുന്നില്ല. ശബരിമല ശാസ്താവിന്റെ സ്വര്‍ണ മോഷണത്തിലെ പ്രതികളായ പാര്‍ട്ടി നേതാക്കള്‍ ജയിലറകളില്‍ കഴിയുമ്പോള്‍ അവരെ ന്യായീകരിച്ച് രംഗത്തെത്തുന്നതും, അന്വേഷണം ഉന്നതരിലേക്ക് നീങ്ങുന്നതും ജനങ്ങള്‍ക്ക് കാണാതിരിക്കാനാകുമായിരുന്നില്ല. സ്ത്രീ സംരക്ഷണത്തെക്കുറിച്ച് വലിയ വായില്‍ സംസാരിക്കുമ്പോള്‍ തന്നെ സ്ത്രീപീഡനക്കേസുകളില്‍ പ്രതിചേര്‍ക്കപ്പെട്ടവരെയും ആരോപണവിധേയരായവരേയും നിയമസഭയിലും തന്റെ ഓഫീസിലുമൊക്കെയായി ചേര്‍ത്തുപിടിക്കുന്ന ആഭ്യന്തര വകുപ്പിന്റെ കൂടി ചുമതലയുള്ള മുഖ്യമന്ത്രിയുടെ കരുതല്‍ സത്രീ സമൂഹത്തിന് ശ്രദ്ധിക്കാതിരിക്കാനുമാകുമായിരുന്നില്ല. സര്‍വോപരി തന്റെയും കുടുംബത്തിന്റെയും പേരിലുള്ള അന്വേഷണങ്ങളില്‍ നിന്ന് രക്ഷപ്പെടാനായി പി.എം ശ്രീ ഉള്‍പ്പെടെയുള്ള പദ്ധതികളിലൂടെ നാടിന്റെ സംസ്‌കാരത്തെയും പൈത്യകത്തെയും ഒറ്റുകൊടുക്കുന്നത് നോക്കിനില്‍ക്കാനും മലയാളികള്‍ക്ക് കഴിയുമായിരുന്നില്ല. അടക്കിപ്പിടിച്ച ആ ആത്മരോഷമാണ് യു.ഡി.എഫ് തരംഗമായി ഇന്നലെ സംസ്ഥാനത്ത് പ്രകടമായത്. ഇടതുപക്ഷത്തിന്റെ കുപ്പുകുത്തലിനൊപ്പം ബി.ജെ.പിയുടെ പ്രകടനവും ഈ വിധിയെഴുത്തില്‍ വിലയിരുത്തപ്പെടേണ്ടതാണ്.സി.പി.എം മെലിയുമ്പോള്‍ ബി.ജെ.പി തടിക്കുന്നുവെന്നത് സി.ജെ.പി അന്തര്‍ധാരയുടെ കൃത്യമായ തെളിവാണ്. തിരിച്ചടി മുന്നില്‍ കണ്ട് കോണ്‍ഗ്രസ് വിരുദ്ധതയെന്ന പൊതുതത്വത്തിന്റെ പിന്‍ബലത്തില്‍ രൂപപ്പെടുത്തിയ ഈ അച്ചുതണ്ടിനെ പക്ഷേ, കേരള ജനത തൂത്തെറിഞ്ഞത് യു.ഡി.എഫിന് വന്‍വിജയം നല്‍കിക്കൊണ്ടായിരുന്നുവെന്നതാണ് വാസ്തവം. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെയും വി.ഡി സതീശന്റെയും പി.കെ കുഞ്ഞാലിക്കുട്ടിയുടെയും നേതൃത്വത്തില്‍ ഐക്യമുന്നണിയുടെ അടുത്ത ലക്ഷ്യം നിയമസഭാ തെരഞ്ഞെടുപ്പാണ്.