തളിപ്പറമ്പ് കെവി കോപ്ലക്‌സില്‍ കഴിഞ്ഞ ദിവസമുണ്ടായ തീപിടിത്തത്തില്‍ അമ്പത് കോടിയോളം രൂപയുടെ നഷ്ടമെന്ന് പ്രാഥമിക വിലയിരുത്തല്‍. 110 ഓളം കടമുറികളെ തീപിടിത്തം ബാധിച്ചുവെന്നാണ് റവന്യൂ അധികൃതരുടെ നിഗമനം. അപകടം നടന്ന സ്ഥലത്ത് വിദഗ്ധ സംഘം പരിശോധന നടത്തി. ഇന്ന് വൈകീട്ട് ആര്‍ഡിഒ ജില്ല കലക്ടര്‍ക്ക് പ്രാഥമിക റിപ്പോര്‍ട്ട് നല്‍കും.
തീപിടിത്തം സംഭവിച്ച് മൂന്നു മണിക്കൂറോളം കത്തിപ്പടര്‍ന്നതോടെ 40 ഉടമകളുടെ സ്ഥാപനങ്ങള്‍ക്ക് നാശനഷ്ടം സംഭവിച്ചു. ഫാന്‍സി, ടെക്സ്റ്റയില്‍സ്, വീട്ടുപകരണങ്ങളടക്കമുള്ളവയുടെ വിതരണം നടന്നിരുന്ന കടകള്‍ എന്നിവ പൂര്‍ണമായി നശിച്ചു.
തീപിടത്തത്തിലുണ്ടായ നാശനഷ്ടങ്ങള്‍ കണക്കാക്കാനുള്ള വിശദമായ നടപടി റവന്യു അധികൃതര്‍ കൈക്കൊള്ളും. സംഭവസ്ഥലത്ത് ഇന്ന് ഫോറന്‍സിക്, ഇലക്ട്രിക്ക് ഇന്‍സ്‌പെക്ടറേറ്റ് അധികൃതര്‍ പരിശോധന നടത്തി. ഉടമകള്‍ക്ക് ഉണ്ടായ നഷ്ടം നികത്താന്‍ സര്‍ക്കാര്‍ പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് ആവശ്യപ്പെട്ടു.
ഇന്നലെ വൈകീട്ട് അഞ്ചരയോടെയാണ് ബസ്റ്റാന്റിന് സമീപത്തുള്ള ഷാലിമാര്‍ ബില്‍ഡിങ്ങില്‍ തീപിടിത്തമുണ്ടായത്. ഷോര്‍ട്ട് സര്‍ക്ക്യൂട്ടാണ് കാരണമെന്നാണ് നിഗമനം.