അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ വിജയ്‌യെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച് ടിവികെ. 2026ല്‍ സംഖ്യങ്ങളില്ലാതെ പാര്‍ട്ടി ഒറ്റയ്ക്ക് മത്സരിക്കുമെന്നും മഹാബലിപുരത്ത് നടന്ന പാര്‍ട്ടി ജനറല്‍ കൗണ്‍സല്‍ തീരുമാനം അറിയിച്ചു. കരൂര്‍ ദുരന്തത്തിന് ശേഷം 2000 പാര്‍ട്ടി പ്രവര്‍ത്തകരെ ഉള്‍ക്കൊള്ളിച്ചു കൊണ്ട് വിജയ് പങ്കെടുത്ത ആദ്യ പാര്‍ട്ടി പരിപാടിയായിരുന്നു മഹാബലിപുരത്തെ ജനറല്‍ കൗണ്‍സില്‍ യോഗം. ഈ യോഗത്തിലാണ് പ്രധാനപ്പെട്ട രണ്ട് തീരുമാനം ഉണ്ടായത്.
തിരഞ്ഞെടുപ്പില്‍ സഖ്യമില്ലെന്നും ടിവികെയും ഡിഎംകെയും നേര്‍ക്കുനേര്‍ ഏറ്റുമുട്ടുമെന്നും വിജയ് പ്രഖ്യാപിച്ചു. തമിഴ്‌നാട്ടിലെ സമകാലിക രാഷ്ട്രീയ വിഷയങ്ങളോടുള്ള അഭിപ്രായങ്ങളും ജനറല്‍ കൗണ്‍സില്‍ യോഗത്തില്‍ ചര്‍ച്ചയായി. കരൂര്‍ ദുരന്തത്തിന് പിന്നാലെ പലരീതിയിലുള്ള അഭ്യൂഹങ്ങള്‍ പരന്നിരുന്നു. വിജയ് എഐഡിഎംകെയുമായി സഖ്യത്തിനുള്ള ചര്‍ച്ചകള്‍ നടക്കുകയാണ്. കേന്ദ്രസര്‍ക്കാറുമായി വിജയ് ചില നീക്കുപോക്കുകള്‍ ഉണ്ടാക്കി എന്നരീതിയിലുള്ള അഭ്യൂഹങ്ങളാണ് ജനറല്‍ കൗണ്‍സില്‍ യോഗത്തിന് ശേഷമുള്ള പ്രഖ്യാപനത്തോടെ ഇല്ലാതാവുന്നത്.