india

കരൂർ ദുരന്തത്തിന് ശേഷം വിജയമംഗലയിൽ ടിവികെ റാലി; ഉപാധികളോടെ പൊലീസ് അനുമതി

By webdesk18

December 18, 2025

ചെന്നൈ: കരൂർ ദുരന്തത്തിന് പിന്നാലെ ഈറോഡ് ജില്ലയിലെ വിജയമംഗലയിൽ റാലിയുമായി തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷനും നടനുമായ വിജയ്. ഉപാധികളോടെയാണ് പരിപാടിക്ക് പൊലീസ് അനുമതി നൽകിയത്. വിജയമംഗലം അമ്മൻ കോവിലിന്റെ ഉടമസ്ഥതയിലുള്ള 32 ഏക്കർ ഭൂമിയിലാണ് റാലി സംഘടിപ്പിച്ചിരിക്കുന്നത്. പരിപാടിയിൽ വിജയ് പ്രസംഗിച്ചു കൊണ്ടിരിക്കുകയാണ്.

വിജയമംഗലം ടോൾ പ്ലാസയ്ക്ക് സമീപം ഒരുക്കിയ വേദിയിൽ 25,000ലധികം പേർ തടിച്ചുകൂടിയിട്ടുണ്ട്. വൈകിട്ട് 6.30ന് ടിവികെയുടെ യോഗം ഓൺലൈനായും നടക്കും. അതേസമയം വിജയിന്റെ അവസാന ചിത്രമായ ‘ജന നായകൻ’ എന്ന ചിത്രത്തിന്റെ രണ്ടാം ടീസർ ഇന്ന് പുറത്തിറങ്ങും. ജനുവരി 9നാണ് ചിത്രത്തിന്റെ റിലീസ്.

ഡിസംബർ 5ന് പുതുച്ചേരിയിൽ വിജയ് റോഡ് ഷോ നടത്താൻ ടിവികെ നേരത്തെ പദ്ധതിയിട്ടിരുന്നെങ്കിലും, വിവിധ ഭാഗങ്ങളിൽ നിന്ന് പ്രതിഷേധം ഉയർന്നതോടെ പൊലീസ് അനുമതി നിഷേധിച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഇപ്പോഴത്തെ റാലിക്ക് കർശന ഉപാധികളോടെ അനുമതി ലഭിച്ചത്.

സെപ്റ്റംബർ 27ന് കരൂരിൽ ടിവികെ സംഘടിപ്പിച്ച റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും 41 പേർ കൊല്ലപ്പെട്ടിരുന്നു. ഈ പശ്ചാത്തലത്തിലാണ് വിജയമംഗലത്തിലെ റാലിക്ക് പൊലീസ് സുരക്ഷയും നിയന്ത്രണങ്ങളും ശക്തമാക്കിയിരിക്കുന്നത്.