ചെന്നൈ: ഡിസംബർ 9ന് പുതുച്ചേരിയിൽ പൊതുയോഗം സംഘടിപ്പിക്കാൻ പൊലീസിന്റെ അനുമതി തേടി വിജയ്യുടെ തമിഴക വെട്രി കഴകം (ടിവികെ). പുതുച്ചേരിയിലെ ഉപ്പളം ഗ്രൗണ്ടിൽ പൊതുയോഗം നടത്താൻ അനുവാദത്തിനായി ടിവികെ പ്രതിനിധി സംഘം സീനിയർ പൊലീസ് സൂപ്രണ്ട് ആർ.കലൈവാനനെ കണ്ടു. കൂടിയാലോചനയ്ക്കു ശേഷമാകും ഇതിൽ തീരുമാനമെന്ന് അദ്ദേഹം പറഞ്ഞു.
ഡിസംബർ 5ന് പുതുച്ചേരിയിൽ വിജയ്യുടെ റോഡ് ഷോ നടത്താൻ നേരത്തെ ടിവികെ പദ്ധതിയിട്ടിരുന്നു. എന്നാൽ, ഇതിനെതിരെ വിവിധ കോണുകളിൽ നിന്ന് പ്രതിഷേധമുയർന്നു. തുടർന്ന്, റോഡ് ഷോയ്ക്ക് അനുമതി തരാനാകില്ലെന്ന് പൊലീസ് പാർട്ടിയെ അറിയിച്ചിരുന്നു. പിന്നാലെയാണ് പൊതുയോഗം നടത്താൻ അനുമതി തേടിയിരിക്കുന്നത്.
സെപ്റ്റംബർ 27ന് കരൂരിൽ ടിവികെ സംഘടിപ്പിച്ച റാലിയിലുണ്ടായ തിക്കിലും തിരക്കിലും നിരവധി പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിനു പിന്നാലെ രണ്ടുമാസത്തെ ഇടവേളയ്ക്കു ശേഷം വിജയ് പൊതുപരിപാടികളിൽ സജീവമാകുന്നതിന്റെ ഭാഗമായാണ് പുതുച്ചേരിയിൽ പൊതുയോഗം നടത്തുന്നത്.