kerala

അട്ടപ്പാടിയില്‍ ചുമരിടിഞ്ഞ് വീണ് രണ്ടു കുട്ടികള്‍ക്ക് ദാരുണാന്ത്യം.

By webdesk18

November 08, 2025

അട്ടപ്പാടിയില്‍ നിര്‍മാണം പൂര്‍ത്തിയാക്കാത്ത വീടിന്റെ ചുമരിടിഞ്ഞ് വീണ് രണ്ടു കുട്ടികള്‍ക്ക് ദാരുണാന്ത്യം. കരുവാര ഉന്നതിയില്‍ വൈകീട്ട് നാലു മണിയോടെയായിരുന്നു അപകടം. വീടിന്റെ സണ്‍ഷെയ്ഡില്‍ കളിക്കുന്നതിനിടെയാണ് ചുമരിടിഞ്ഞ് വീണ് സഹോദരങ്ങളായ ആദി (7), അജ്‌നേഷ് (4) എന്നിവര്‍ മരിച്ചത്. ഇവരുടെ കൂടെയുണ്ടായിരുന്ന ബന്ധുവായ അഭിനയ എന്ന കുട്ടിക്ക് ഗുരുതരമായി പരുക്കേറ്റു. 8 വര്‍ഷമായി ഈ വീട് ഉപയോഗശൂന്യമായി കിടക്കുകയായിരുന്നുവെന്നാണ് വിവരം.

കുട്ടികള്‍ സാധാരണയായി ഈ വീട്ടില്‍ കളിക്കാനായി പോകാറുണ്ടായിരുന്നു എന്നാണ് വിവരം. അജയ് – ദേവി ദമ്പതികളുടെ മക്കളാണ് മരിച്ച ആദിയും അജ്‌നേഷും. മരിച്ച 2 കുട്ടികളും സീങ്കര സെന്റ് ജോര്‍ജ് എല്‍പി സ്‌കൂളിലെ വിദ്യാര്‍ഥികളാണ്. 2016 ല്‍ സര്‍ക്കാര്‍ അനുവദിച്ച വീടാണ് നിര്‍മാണം പൂര്‍ത്തിയാവാത്ത അവസ്ഥയിലുണ്ടായിരുന്നത്. കുട്ടികള്‍ കളിക്കുന്നതിനിടെ വീടിന്റെ വാര്‍പ്പ് സ്ലാബ് തകര്‍ന്നു വീഴുകയായിരുന്നുവെന്നാണ് വിവരം. പരുക്കേറ്റ കുട്ടിയെ തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റിയിട്ടുണ്ട്. മുഡുക ഗോത്ര ഉന്നതിയാണ് കരുവാര.

മുക്കാലിയില്‍ നിന്ന് നാലു കിലോമീറ്റര്‍ അകലെ ഉള്‍വനത്തിലാണ് കരുവാര ഉന്നതി. അപകടം നടന്നതിനു പിന്നാലെ കുട്ടികളെ ആശുപത്രിയിലെത്തിക്കാന്‍ വൈകി. സ്‌കൂട്ടറിലാണ് കുട്ടികളെ വനംവകുപ്പിന്റെ ഓഫിസിലേക്കും അവിടെ നിന്ന് വാഹനത്തില്‍ ആശുപത്രിയിലും എത്തിച്ചത്. മൃതദേഹങ്ങള്‍ കോട്ടത്തറ ട്രൈബല്‍ ആശുപത്രിയില്‍. മൊബൈല്‍ സിഗ്‌നല്‍ സംവിധാനം ലഭ്യമല്ലാത്ത ഇടമാണ് അപകടം നടന്ന കരുവാര ഉന്നതി. അതിനാല്‍ തന്നെ അപകട വിവരം പുറത്തറിയാന്‍ വൈകി.