kerala

തലയിലെ മുറിവിന് സ്റ്റിച്ചിട്ടത് രണ്ട് ദിവസത്തിന് ശേഷം; കോഴിക്കോട് മെഡിക്കല്‍ കോളജിനെതിരെ ആരോപണവുമായി പേവിഷബാധയേറ്റ് മരിച്ച കുട്ടിയുടെ കുടുംബം

By webdesk17

May 04, 2025

കോഴിക്കോട് മെഡിക്കല്‍ കോളജിനെതിരെ ആരോപണവുമായി വാക്‌സിനെടുത്തിട്ടും പേ വിഷബാധയേറ്റ് മരിച്ച മലപ്പുറത്തെ അഞ്ച് വയസുകാരിയുടെ കുടുംബം. മെഡിക്കല്‍ കോളജിലെത്തിച്ച് രണ്ട് ദിവസത്തിനു ശേഷമാണ് തലയിലെ മുറിവിന് സ്റ്റിച്ചിട്ടതെന്ന് കുട്ടിയുടെ പിതാവ് സല്‍മാന്‍ ഫാരിസ് ആരോപിച്ചു. ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ 48 മണിക്കൂര്‍ കഴിഞ്ഞു വരാന്‍ പറഞ്ഞ് വിട്ടിലേക്ക് അയക്കുകയായിരുന്നുവെന്നും പിതാവ് പറയുന്നു.

നായയുടെ കടിയേറ്റ കുട്ടിയെ അര മണിക്കൂറിനകം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലെട്ടിച്ചിരുന്നു. എന്നാല്‍ അവിടെ ഇതിന് ചികിത്സയില്ലെന്ന് പറഞ്ഞതോടെ കോഴിക്കോട് മെഡിക്കല്‍ കോളജിലെത്തിക്കുകയായിരുന്നു. എന്നാല്‍ മെഡിക്കല്‍ കോളജില്‍ കുട്ടിയുമായി അരമണിക്കൂര്‍ കാത്ത് നില്‍ക്കേണ്ടി വന്നുവെന്നും പിതാവ് പറയുന്നു.

48 മണിക്കൂര്‍ കഴിഞ്ഞാണ് അടുത്ത ചികിത്സ ഉള്ളൂ എന്നാണ് പറഞ്ഞത് ആശുപത്രിയില്‍ നിന്നും പറഞ്ഞതെന്നും കുട്ടിയുടെ പിതാവ് പറഞ്ഞു. തലയിലാണ് പ്രധാന മുറിവെന്നും എന്നാല്‍ അത് ചികിത്സിക്കാനോ ഒബ്‌സര്‍വേഷനില്‍ വെക്കാനോ ഡോക്ടര്‍മാര്‍ തയ്യാറായില്ലെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഒരാള്‍ പോലും വിളിച്ചില്ലെന്ന് കുടുംബം പറയുന്നു.

മലപ്പുറം പെരുവള്ളൂരില്‍ പേവിഷബാധയേറ്റ് ചികിത്സയിലായിരുന്ന അഞ്ച് വയസുകാരി പെരുവള്ളൂര്‍ കാക്കത്തടം സ്വദേശി സല്‍മാന്‍ ഫാരിസിന്റെ മകള്‍ സിയയാണ് മരിച്ചത്. മാര്‍ച്ച് 29 ന് വീടിനടുത്തുള്ള കടയില്‍ പോയി മടങ്ങി വരുന്നതിനിടെയാണ് സിയയെ തെരുവുനായ ആക്രമിച്ചത്. തലയിലും കാലിലുമാണ് കടിയേറ്റത്. കുട്ടിയെ രക്ഷിക്കുന്നതിനിടെ അയല്‍വാസിക്കും പരുക്കേറ്റു. മൂന്ന് ഡോസ് പ്രതിരോധ വാക്‌സിന്‍ എടുത്തിട്ടും കടുത്ത പനി അനുഭവപ്പെടുകയും പിന്നാലെ പേ വിഷബാധ സ്ഥിരീകരിക്കുകയായിരുന്നു.