kerala

മൂന്ന് മാസത്തിനിടെ രണ്ട് പരോള്‍; വിജിലന്‍സ് അന്വേഷണം നടക്കെ ടി.പി വധക്കേസിലെ പ്രതികള്‍ക്ക് വീണ്ടും പരോള്‍

By webdesk17

December 22, 2025

ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികള്‍ക്ക് വീണ്ടും പരോള്‍. മുഖ്യ പ്രതികളായ മുഹമ്മദ് ഷാഫി, ഷിനോജ് എന്നിവര്‍ക്ക് വീണ്ടും പരോള്‍ അനുവദിച്ചു. 15 ദിവസത്തെ പരോളാണ് ഇവര്‍ക്ക് ലഭിച്ചിരിക്കുന്നത്. കേസിലെ മറ്റൊരു പ്രതിയായ ടി.കെ. രജീഷിന് കഴിഞ്ഞ ദിവസം 20 ദിവസത്തെ പരോള്‍ അനുവദിച്ചിരുന്നു. ജനുവരി 10-ന് രജീഷ് ജയിലില്‍ തിരികെ പ്രവേശിക്കണം. മൂന്ന് മാസത്തിനിടെ ഇത് രണ്ടാം തവണയാണ് പ്രതികള്‍ക്ക് പരോള്‍ ലഭിക്കുന്നത്. ഇത് വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് വഴിതെളിച്ചിട്ടുണ്ട്.

രണ്ടര മാസം ജയിലില്‍ കഴിയുന്ന തടവുകാര്‍ക്ക് ലഭിക്കുന്ന സ്വാഭാവിക പരോള്‍ മാത്രമാണ് ഇതെന്നാണ് ജയില്‍ അധികൃതരുടെ വിശദീകരണം. എന്നാല്‍, ടി.പി. കേസ് പ്രതികള്‍ക്ക് മാനദണ്ഡങ്ങള്‍ ലംഘിച്ച് പരോള്‍ അനുവദിക്കുന്നതായി നേരത്തെ തന്നെ ആക്ഷേപമുണ്ടായിരുന്നു. കൊടി സുനി ഉള്‍പ്പെടെയുള്ള പ്രതികള്‍ക്ക് വഴിവിട്ട രീതിയില്‍ പരോള്‍ അനുവദിക്കാന്‍ ജയില്‍ ഡി.ഐ.ജി വിനോദ് കുമാര്‍ കൈക്കൂലി വാങ്ങിയതായി വിജിലന്‍സ് കണ്ടെത്തിയ സാഹചര്യത്തില്‍, പുതിയ പരോള്‍ വാര്‍ത്തകള്‍ ജയില്‍ വകുപ്പിനെ കൂടുതല്‍ പ്രതിരോധത്തിലാക്കുന്നു.

ശിക്ഷിക്കപ്പെട്ട പ്രതികള്‍ ജയിലിന് പുറത്ത് യഥേഷ്ടം വിഹരിക്കുന്നത് നിയമവ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്ന് ആക്ഷേപം ഉയരുന്നുണ്ട്. നേരത്തെ വിയ്യൂര്‍ ജയിലില്‍ പ്രതികള്‍ ഫോണ്‍ ഉപയോഗിച്ചതും ലഹരിമരുന്ന് എത്തിച്ചതും വലിയ വാര്‍ത്തയായിരുന്നു. ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണം നടക്കുമ്പോള്‍ തന്നെ പ്രതികള്‍ക്ക് വീണ്ടും പരോള്‍ അനുവദിച്ചത് സര്‍ക്കാരിനും ജയില്‍ ഭരണകൂടത്തിനും നേരെ വിരല്‍ ചൂണ്ടുന്നതാണ്.