kerala

ഡയാലിസിസ് ചെയ്ത് രണ്ടുപേര്‍ മരിച്ച സംഭവം; ഹരിപ്പാട് താലൂക്ക് ആശുപത്രി അധികൃതര്‍ക്കെതിരെ കേസ്

By webdesk18

January 05, 2026

ആലപ്പുഴ: ഡയാലിസിസിന് പിന്നാലെ രണ്ട് പേര്‍ മരിച്ച സംഭവത്തില്‍ ആലപ്പുഴ ഹരിപ്പാട് താലൂക്ക് ആശുപത്രിക്കെതിരെ ചികിത്സ പിഴവിന് പോലീസ് കേസെടുത്തു. മരിച്ച രാമചന്ദ്രന്റെ ബന്ധുക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ആശുപത്രി സൂപ്രണ്ട്, ഡയാലിസിസ് യൂണിറ്റ് ജീവനക്കാര്‍ എന്നിവരെ പ്രതികളാക്കിയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. സംഭവത്തില്‍ പുതിയ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ച് അന്വേഷണം നടത്തണമെന്ന് പോലീസ് ആവശ്യപ്പെട്ടു.

ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ ഡയാലിസിസിനെത്തുടര്‍ന്ന് മരിച്ച ഇരുവരുടെയും കേസ് ഷീറ്റുകള്‍ ആരോഗ്യ വകുപ്പ് പരിശോധിക്കും. ഇരുവരുടെയും പോസ്റ്റ്‌മോര്‍ട്ടം നടത്തിയിട്ടില്ലാത്തതിനാല്‍, കേസ് ഷീറ്റുകള്‍ വിദഗ്ധ ഡോക്ടര്‍മാര്‍ വിശദമായി പരിശോധിച്ചാല്‍ മാത്രമേ മരണകാരണം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ വ്യക്തമാകുകയുള്ളുവെന്ന് അധികൃതര്‍ അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടാണ് ഇതുവരെ സമര്‍പ്പിച്ചതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഡിഎംഒ) വ്യക്തമാക്കി.

കഴിഞ്ഞ 29നാണ് ഡയാലിസിസിന് പിന്നാലെ ആറ് പേര്‍ക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായത്. ഇതില്‍ മൂന്ന് പേരുടെ നില ഗുരുതരമായതോടെ മറ്റ് ആശുപത്രികളിലേക്ക് മാറ്റി. ചികിത്സയിലിരിക്കെ കായംകുളം പുതുക്കാട് വടക്കതില്‍ മജീദ് (53), ഹരിപ്പാട് വെട്ടുവേനി ചാക്കനാട്ട് രാമചന്ദ്രന്‍ (60) എന്നിവരാണ് മരിച്ചത്. സംഭവം ആശുപത്രിയിലെ ചികിത്സാ സംവിധാനങ്ങളുമായി ബന്ധപ്പെട്ട ഗുരുതര വീഴ്ചയാണെന്ന ആരോപണം ശക്തമായിരിക്കെ, വിശദമായ അന്വേഷണത്തിലൂടെ ഉത്തരവാദിത്വം വ്യക്തമാക്കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.