കര്‍ണാടകയില്‍ ഇസ്രാഈലി വനിതയും ഹോംസ്‌റ്റേ ഉടമയും കൂട്ടബലാത്സംഗത്തിനിരയായ സംഭവത്തിന് പിന്നാലെ ന്യൂനപക്ഷങ്ങള്‍ക്കെതിരെ വ്യാജ ആരോപണം ഉന്നയിച്ച് ഹിന്ദുത്വ വാദികള്‍. കര്‍ണാടകയിലെ ഗംഗാവതിയിലെ സനാപൂര്‍ തടാകത്തിന് സമീപമാണ് 27 കാരിയായ ഇസ്രാഈല്‍ ടൂറിസ്റ്റും ഹോംസ്‌റ്റേ ഉടമയും ഉള്‍പ്പെടെ രണ്ട് സ്ത്രീകളെ ചിലര്‍ ക്രൂരമായി ആക്രമിച്ച് കൂട്ടബലാത്സംഗം ചെയ്തത്.
വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ, ഇന്ത്യന്‍ മുസ്‌ലിംകള്‍ക്കെതിരെ ഹിന്ദുത്വ വാദികള്‍ അപകടകരമായ വിദ്വേഷ പ്രചാരണം ആരംഭിച്ചു.
തീവ്ര ഹിന്ദുത്വവാദികള്‍ ഇസ്രാഈലി യുവതി ബലാത്സംഗത്തിനിരയായത് പ്രത്യേകം എടുത്തുകാണിക്കുകയും കുറ്റകൃത്യത്തെ ഇസ്രാഈല്‍- ഫലസ്തീന്‍ സംഘര്‍ഷവുമായി ബന്ധിപ്പിക്കുകയും ചെയ്തു. ഫലസ്തീനിലെ മുസ്‌ലിംകള്‍ക്ക് വേണ്ടി ഇസ്രഈലിനോടുള്ള പ്രതികാരമായാണ് ഇന്ത്യന്‍ മുസ്‌ലിംകള്‍ ഈ കുറ്റകൃത്യം ചെയ്തതെന്ന് അവര്‍ ആരോപിച്ചു.
തങ്ങളുടെ തെറ്റായ അവകാശവാദങ്ങള്‍ സാധൂകരിക്കുന്നതിനായി ലോകമെമ്പാടുമുള്ള മുസ്‌ലിംകള്‍ക്ക് ഇസ്രാഈലികളോട് വെറുപ്പാണെന്നവര്‍ ആരോപിക്കുകയും ചെയ്തു. മുസ്‌ലിംകളാണ് ഇസ്രാഈല്‍ പൗരന്മാരെ ആക്രമിക്കാന്‍ ആഗ്രഹിക്കുന്നവരെന്നും അവര്‍ വാദിച്ചു.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ ടാഗ് ചെയ്ത് കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് നിരവധി അക്കൗണ്ടുകള്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലുടനീളം ഇതേ അടിക്കുറിപ്പുകളോടെ പോസ്റ്റുകള്‍ അപ്‌ലോഡ് ചെയ്തു. തെറ്റിദ്ധരിപ്പിക്കുന്ന വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതില്‍ കുപ്രസിദ്ധനായ, എക്‌സ്ഹാന്‍ഡ്‌ലറായ മിസ്റ്റര്‍ സിന്‍ഹയാണ് ഇത്തരം പ്രചാരണങ്ങളില്‍ സുപ്രധാനി.
‘കര്‍ണാടകയില്‍ ഒരു ഇസ്രാഈലി വിനോദസഞ്ചാരിയും ഒഡീഷയില്‍ നിന്നുള്ള ഒരു സ്ത്രീയും ബലാത്സംഗത്തിന് ഇരയായി, മറ്റ് മൂന്ന് പുരുഷ കൂട്ടാളികളും ക്രൂരമായി ആക്രമിക്കപ്പെട്ടു. അവരില്‍ ഒരാളെ ഒരു കനാലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. സംഭവത്തില്‍ ഒരു ഇസ്രാഈലി പൗര ഉള്‍പ്പെട്ടിരിക്കുന്നതിനാല്‍, ഫലസ്തീന്‍ അനുകൂല ഘടകങ്ങളുടെ പങ്കാളിത്തം നിഷേധിക്കാനാവില്ല. @ഹോം മിനിസ്റ്റര്‍ ഓഫ് ഇന്ത്യ ഈ കേസ് സി.ബി.ഐക്ക് നല്‍കണം. അങ്ങനെ കര്‍ണാടക കോണ്‍ഗ്രസ് സര്‍ക്കാറിനെ ഈ വിഷയം മൂടിവയ്ക്കാന്‍ അനുവദിക്കരുത്. ഒരു ഇസ്രാഈലി പൗര ഉള്‍പ്പെട്ടിരിക്കുന്നതിനാല്‍, ഫലസ്തീന്‍ അനുകൂല ഘടകങ്ങളുടെ പങ്കാളിത്തം നിഷേധിക്കാനാവില്ല’ എന്നായിരുന്നു കുറിപ്പ്.
സിന്‍ഹയുടെ വ്യാജ അവകാശവാദങ്ങള്‍ ന്യൂനപക്ഷ സമുദായത്തിനെതിരെ വിമര്‍ശനമുയര്‍ത്താന്‍ നിരവധി ആളുകളെ പ്രേരിപ്പിച്ചു. ചിലര്‍ നിരാശ പ്രകടിപ്പിക്കുകയും ഇന്ത്യന്‍ മുസ്‌ലിംകള്‍ക്കെതിരെ രാജ്യവ്യാപകമായി നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
ഇന്ത്യയും ഇസ്രാഈലും തമ്മിലുള്ള നല്ല ബന്ധം തകര്‍ക്കാന്‍ ഇന്ത്യന്‍ മുസ്‌ലിങ്ങള്‍ ഗൂഢാലോചന നടത്തുന്നുവെന്ന് ചിലര്‍ ആരോപിച്ചു. അതേസമയം കൊപ്പല്‍ ജില്ലയിലെ വിനോദസഞ്ചാരിയെയും ഹോംസ്‌റ്റേ ഉടമയെയും കൂട്ട ബലാത്സംഗം ചെയ്യുകയും കൂടെയുണ്ടായിരുന്ന യുവാവിനെ കൊലപ്പെടുത്തുകയും ചെയ്ത കേസിലെ മൂന്നാമത്തെ പ്രതിയെ അറസ്റ്റ് ചെയ്തതായി കര്‍ണാടക മന്ത്രി ശിവരാജ് തങ്കഡഗി ഞായറാഴ്ച പറഞ്ഞു. കുറ്റകൃത്യത്തില്‍ മൂന്ന് പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.