kerala

ബംഗളൂരുവില്‍ നിന്ന് മയക്കുമരുന്ന് എത്തിച്ച് വില്‍പ്പന നടത്തിയ രണ്ടു പേര്‍ അറസ്റ്റില്‍

By webdesk17

February 28, 2025

ബംഗളൂരുവില്‍ നിന്ന് മയക്കുമരുന്ന് എത്തിച്ച് വില്‍പ്പന നടത്തിയ രണ്ടു പേര്‍ അറസ്റ്റില്‍. മഞ്ചേശ്വരത്താണ് എംഡിഎംഎയുമായി രണ്ട് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തത്. മിയാപദവ് സ്വദേശികളായ സയ്യിദ് ഹഫ്രീസ് (25), മുഹമ്മദ് സമീര്‍ എസ് കെ (24) എന്നിവരാണ് പ്രതികള്‍. മയക്കുമരുന്ന് വില്‍ക്കാന്‍ എത്തിയപ്പോള്‍ മീഞ്ചയില്‍ നിന്ന് 74.8 ഗ്രാം എംഡിഎംഎയുമായാണ് ഇവര്‍ പിടിയിലായത്.

ഇവര്‍ ബംഗളൂരു കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിച്ചിരുന്നത്. ബംഗളൂരുവില്‍ നിന്ന് എംഡിഎംഎ കടത്തി കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ വില്‍പ്പനയ്ക്കായി എത്തിക്കുന്നതാണ് രീതി. മയക്കുമരുന്നിന്റെ വിതരണത്തിന് ഇവര്‍ ഉപയോഗിച്ചിരുന്ന സ്‌കൂട്ടര്‍ പിടിച്ചെടുത്തിട്ടുണ്ട്. മയക്കുമരുന്ന് വില്‍പ്പനയ്ക്കെതിരെ സ്വീകരിച്ച കര്‍ശന നടപടിയുടെ ഭാഗമായാണ് അറസ്റ്റ്.

മേഖലയിലെ മയക്കുമരുന്നുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ തടയുക എന്ന ലക്ഷ്യത്തോടെ കാസര്‍കോട് പൊലീസ് മേധാവി ശില്‍പ ഡിയുടെ നേതൃത്വത്തില്‍ ആരംഭിച്ച മയക്കുമരുന്ന് വിരുദ്ധ പദ്ധതിയായ സേഫ് കാസര്‍കോടിന്റെ ഭാഗമായാണ് അറസ്റ്റ്. കാസര്‍കോട് ഡിവൈഎസ്പി സുനില്‍കുമാര്‍ സി കെ, മഞ്ചേശ്വരം സബ് ഇന്‍സ്പെക്ടര്‍ രതീഷ് ഗോപി, എഎസ്ഐ സദന്‍, സിപിഒമാരായ നിജിന്‍ കുമാര്‍, രജിഷ് കാട്ടാമ്പള്ളി എന്നിവര്‍ അടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.