kerala

വയനാട്ടില്‍ രണ്ടു കടുവകളെ ചത്ത നിലയില്‍ കണ്ടെത്തി

By webdesk17

February 05, 2025

വയനാട്ടില്‍ കുറിച്യാട് കാടിനുള്ളില്‍ രണ്ട് കടുവകളെ ചത്ത നിലയില്‍ കണ്ടെത്തി. ഒരു ആണ്‍കടുവയെയും ഒരു പെണ്‍കടുവയെയുമാണ് ചത്ത നിലയില്‍ കണ്ടെത്തിയത്. കടുവകള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ചത്തതെന്നാണ് സൂചന.

ഫോറസ്റ്റ് ഉദ്യോഗസ്ഥരാണ് പട്രോളിങ്ങിനിടെ കടുവകളെ ചത്ത നിലയില്‍ കണ്ടെത്തിയത്. ഇന്ന് വൈകിട്ടോടെയാണ് ജഡങ്ങള്‍ കണ്ടെത്തിയത്. വിദഗ്ധ പരിശോധനക്ക് ശേഷമേ വിശദാംശങ്ങള്‍ ലഭിക്കുകയുള്ളൂ.

അതേസമയം മേപ്പാടി ഭാഗത്തും കടുവയെ ചത്ത നിലയില്‍ കണ്ടെത്തിയിരുന്നു. രാവിലെ മേപ്പാടി കൂട്ടമുണ്ട സബ് സ്റ്റേഷന് സമീപത്താണ് ആണ്‍ കടുവയെ ചത്ത നിലയില്‍ കണ്ടെത്തിയത്. കോടത്തോട് പോഡാര്‍ പ്ലാന്റേഷന്റെ കാപ്പിത്തോട്ടത്തിലാണ് തൊഴിലാളികള്‍ കടുവയുടെ ജഡം കണ്ടെത്തിയത്. വനം വകുപ്പ് പ്രാഥമിക പരിശോധന പൂര്‍ത്തിയാക്കി. അതേസമയം ജഡത്തിന് ഒരാഴ്ചത്തെ പഴക്കമുണ്ട്.