ഹരാരെ: അണ്ടര്‍ 19 ലോകകപ്പ് ഫൈനലില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യന്‍ ഓപ്പണര്‍ വൈഭവ് സൂര്യവന്‍ഷിക്ക് സെഞ്ചുറി. 55 പന്തിലാണ് വൈഭവ് സെഞ്ചുറി തികച്ചത്. 32 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച വൈഭവിന് സെഞ്ചുറിയിലെത്താന്‍ പിന്നീട് 23 പന്തുകള്‍ മാത്രമാണ് വേണ്ടിവന്നത്. ഇംഗ്ലണ്ട് സ്പിന്നര്‍ ഫര്‍ഹാന്‍ അഹമ്മദ് എറിഞ്ഞ പതിനേഴാം ഓവറില്‍ മൂന്ന് സിക്‌സും ഒരു ഫോറും പറത്തി 90കളിലെത്തിയ വൈഭവ് റാല്‍ഫി ആര്‍ബര്‍ട്ടിന്റെ പന്ത് കവറിലേക്ക് തട്ടിയിട്ട് സിംഗിളുമായി സെഞ്ചുറിയിലെത്തി.
55 പന്തില്‍ 8 ഫോറും 8 സിക്‌സും പറത്തിയാണ് വൈഭവ് സെഞ്ചുറിയിലെത്തിയത്. വൈഭവ് സെഞ്ചുറി നേടിയപ്പോള്‍ ക്യാപ്റ്റന്‍ ആയുഷ് മാത്രെ അര്‍ധസെഞ്ചുറിയും നേടി. 51 പന്തില്‍ നിന്ന് ഏഴ് ഫോറും രണ്ട് സിക്‌സും സഹിതം 53 റണ്‍സ് എടുത്താണ് ക്യാപ്റ്റന്‍ ആയുഷ് മാത്രേ പുറത്തായത്. ഇംഗ്ലണ്ടിനെതിരെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്യുന്ന ഇന്ത്യയ്ക്ക് 11 പന്തില്‍ 9 റണ്‍സെടുത്ത ആരോണ്‍ ജോര്‍ജിന്റെയും 51 പന്തില്‍ 53 റണ്‍സെടുത്ത ആയുഷ് മാത്രെയുടെയും വിക്കറ്റുകള്‍ നഷ്ടമായി. രണ്ടാം വിക്കറ്റില്‍ വൈഭവ്-ആയുഷ് മാത്രെ സഖ്യം 90 പന്തില്‍ 142 റണ്‍സാണ് അടിച്ചെടുത്തത്.