ക്രൈസ്റ്റ്ചര്‍ച്ച്: ന്യൂസിലാന്റില്‍ നടക്കുന്ന അണ്ടര്‍ 19 ലോകകപ്പ് സെമി ഫൈനലില്‍ പാക്കിസ്താനെതിരെ ഇന്ത്യക്ക് കൂറ്റന്‍വിജയം.
പാക്കിസ്ഥാനെതിരെ 203 റണ്‍സിന്റെ വിജയം നേടിയ ഇന്ത്യയുടെ ചുണക്കുട്ടികള്‍ ഫൈനലില്‍ ആസ്‌ട്രേലിയയെ നേരിടും.


ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഷുബ്മാന്‍ ഗില്ലിന്റെ സെഞ്ച്വറിയുടെ മികവിലാണ് 272 റണ്‍സ് എന്ന മികച്ച സ്‌കോറിലെത്തിയത്. മറുപടി ബാറ്റിംഗിനിറങ്ങിയ പാക്കിസ്താനെ 69 റണ്‍സ് ചേര്‍ക്കുന്നതിനിടെ ഇന്ത്യന്‍ ബൗളര്‍മാര്‍ കൂടാരം കയറ്റുകയായിരുന്നു.

17 റണ്‍സ് മാത്രം വിട്ട് നല്‍കി പാക്കിസ്ഥാന്റെ നാലു തുടക്കക്കാരെ മടക്കി അയച്ച ഇഷാന്‍ പരേലിന്റെ ബൗളിങ് മികവാണ് ഇന്ത്യക്ക് വന്‍ വിജയം നല്‍കിയത്.

പാക്ക് നിരയില്‍ 18 റണ്‍സെടുത്ത റൊഹൈല്‍ നാസറാണ് ടോപ് സ്‌കോറര്‍. ഏഴ് പാക് ബാറ്റ്‌സ്മാന്മാരാണ് രണ്ടക്കം കാണാതെ പുറത്തായത്. ഇഷാന് പുറമെ ഇന്ത്യക്ക് വേണ്ടി ശിവ സിംഗ്, റിയാന്‍ പരേഗ് എന്നിവര്‍ രണ്ട് വിതവും അനുകുല്‍ റോയ്, അഭിഷേക് ശര്‍മ്മ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യക്കായി ഷുബ്മാന്‍ ഗില്ല് നേടിയ കരുത്തുറ്റ സെഞ്ച്വറിയാണ് മികച്ച സ്‌കോര്‍ സമ്മാനിച്ചത്.  94 പന്തില്‍ 102 റണ്‍സ് നേടി പുറത്താകാതെ നിന്ന ഷുബ്മാന്‍ ഗില്ലാണ് കളിയിലെ താരം. ഏഴ് ബൗണ്ടറികളുടെ അകമ്പടിയോടെയാണ് ഗില്‍ സെഞ്ച്വറി നേടിയത്. നിശ്ചിത 50 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തിലായിരുന്നു 272 റണ്‍സ് നേടിയത്.

ബാറ്റിംഗിലും ബൗളിംഗിലും മികവ് പുലര്‍ത്തിയ ശക്തമായ പ്രകടനത്തോടെയാണ് ഇന്ത്യ ഫൈനലിലേക്ക് പ്രവേശിക്കുന്നത്. ഫെബ്രുവരി മൂന്നിന് നടക്കുന്ന ഫൈനലില്‍ ആസ്േ്രതലിയയാണ് ഇന്ത്യയുടെ എതിരാളികള്‍.