കോഴിക്കോട്: ദുബൈ ക്രിക്കറ്റ് ഗ്രൗണ്ടില്‍ സെഞ്ചുറി പ്രകടനവുമായി സമൂഹമാധ്യമങ്ങളില്‍ വൈറലായി തലശ്ശേരിക്കാരന്‍. യു.എ.ഇ ടീമിനായി ബാറ്റേന്തിയ മലയാളിതാരം റിസ്വാന്‍ റഊഫാണ് അയര്‍ലാന്റിനെതിരായ ഏകദിന പരമ്പരയില്‍ നൂറുതികച്ചത്. റിസ്വാന്റെ മികച്ച പ്രകടനത്തിലൂടെ യു.എ.ഇ മത്സരത്തില്‍ വിജയവും നേടി. അബൂദാബി ശൈഖ് സായിദ് സ്റ്റേഡിയത്തില്‍ നടന്ന ആവേശപോരാട്ടത്തില്‍ 109 റണ്‍സ് നേടിയ തലശ്ശേരിക്കാരന്‍ മാന്‍ഓഫ്ദി മാ്ച്ച് പുരസ്‌കാരവും സ്വന്തമാക്കി.

‘ധൈര്യമായി കളിക്കൂ… നിങ്ങള്‍ക്കീ മത്സരം ജയിക്കാം’… അയര്‍ലാന്‍ഡ് ഇന്നിംഗ്‌സിന് ശേഷമുള്ള ഇടവേളയില്‍ പരിശീലകന്‍ റോബിന്‍സിംഗ് പറഞ്ഞവാക്കുകളാണ് ഇന്നിംഗ്‌സ് കളിക്കാന്‍ പ്രചോദനമായതെന്ന് റിസ്വാന്‍ പറഞ്ഞു.

ക്രിക്കറ്റിനോടുള്ള തന്റെ ഇഷ്ടത്തിന് പിന്തുണയേകി കൂടെനിന്ന കുടുംബത്തിന് ഈ സെഞ്ചുറി നേ്ട്ടം സമര്‍പ്പിക്കുന്നതായി മത്സരശേഷം റിസ്വാന്‍ പ്രതികരിച്ചു. 2019ലാണ് മലയാളിതാരം യു.എ.ഇ ടീമില്‍ ഇടംപിടിച്ചത്. നേപ്പാള്‍, സിംബാവേ, യു.എസ്.എ തുടങ്ങിയ ടീമുകള്‍ക്കെതിരെ കളിക്കാന്‍ അവസരം ലഭിച്ചിരുന്നു.