Video Stories

യുഎഇ-ഇന്ത്യാ പണിമടപാട് 1,200 കോടി ഡോളറിന്റേത്

By chandrika

March 19, 2018

 

ദുബൈ: യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്ക് 1,200 കോടി ഡോളറിന്റെ പണമിടപാടുകളാണ് നടക്കുന്നതെന്ന് ബാങ്കിംഗ് രംഗത്തെ വിദഗ്ധന്‍. ഇതില്‍ 20 ശതമാനം ഇന്ത്യയിലെ ഏറ്റവും വലിയ മൂന്നാമത്തെ സ്വകാര്യ ബാങ്കായ ആക്‌സിസ് വഴിയാണെന്നും എക്‌സി.ഡയറക്ടര്‍ കൂടിയായ രാജീവ് ആനന്ദ് അഭിപ്രായപ്പെട്ടു. ഷാര്‍ജയില്‍ പ്രതിനിധി കാര്യാലയം തുറന്നതിനോടനുബന്ധിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള ബാങ്ക് ഇടപാടുകളില്‍ ക്രമാനുഗത വളര്‍ച്ച പ്രകടമാണ്. ഷാര്‍ജയിലെ പ്രതിനിധി കാര്യാലയം ഈ വളര്‍ച്ചക്ക് ആക്കം കൂട്ടാനും ഇടപാടുകള്‍ എളുപ്പമാക്കാനും സഹായിക്കും. ഇതിന് പുറമെ, ഡിഐഎഫ്‌സിയിലും ബാങ്കിന് പ്രത്യേക ശാഖയുണ്ട്. പണമിടപാട് രംഗത്ത് യുഎഇയില്‍ പ്രവര്‍ത്തിക്കുന്ന 31 ബാങ്കുകളും എക്‌സ്‌ചേഞ്ചുകളുമായി ആക്‌സിസ് ബാങ്ക് സഹകരിച്ച് പ്രവര്‍ത്തിക്കുന്നു.ഇന്ത്യയില്‍ പൊതു-സ്വകാര്യ മേഖലയിലെ ബാങ്കിങ് രംഗം സുരക്ഷിത പാതയിലാണെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. ആക്‌സിസ് ബാങ്ക് ഉള്‍പ്പെടെയുള്ള സ്വകാര്യ ബാങ്കുകളും ദീര്‍ഘ കാല വളര്‍ച്ചയാണ് പ്രകടിപ്പിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ബാങ്കിന്റെ യുഎഇയിലെ മൂന്നാമത്തെ പ്രതിനിധി ഓഫീസാണ് ഷാര്‍ജയിലേത്. നേരത്തെ ദുബൈ, അബുദാബി എമിറേറ്റുകളില്‍ പ്രതിനിധി ഓഫീസ് തുറന്നിരുന്നു. ഷാര്‍ജ അല്‍ഖസ്ബയിലെ ഓഫീസ് ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ വിപുല്‍ ഉദ്ഘാടനം ചെയ്തു. ഷാര്‍ജയിലെയും വടക്കന്‍ എമിറേറ്റുകളായ അജ്മാന്‍, ഉമ്മുല്‍ഖുവൈന്‍, റാസല്‍ഖൈമ, ഫുജൈറ എന്നിവിടങ്ങളിലെയും ഇടപാടുകാര്‍ക്ക് മികച്ച സേവനം നല്‍കാന്‍ ഇതുവഴി സാധിക്കുമെന്ന് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ രാജീവ് ആനന്ദ് പറഞ്ഞു. യുഎഇക്ക് പുറമെ ധാക്ക, ലണ്ടന്‍ എന്നിവിടങ്ങളിലും ബാങ്കിന് പ്രതിനിധി ഓഫീസുകളുണ്ട്. സിംഗപ്പൂരിലെ ഏഷ്യന്‍ ഫിനാന്‍ഷ്യല്‍ ഹബ്, ഹോങ്കോങ്, കൊളംബോ എന്നീ രാജ്യങ്ങളിലും ശാഖകളുണ്ട്. രാജ് കിഷോര്‍ പ്രസാദും പ്രഖ്യാപന ചടങ്ങില്‍ പങ്കെടുത്തു.