Video Stories

ലൈസന്‍സില്ലാതെ വാഹനമോടിച്ച 866 പേരെ അബുദാബിയില്‍ പിടികൂടി

By chandrika

March 27, 2018

അബുദാബി: ഡ്രൈവിംഗ് ലൈസന്‍സില്ലാതെ വാഹനമോടിച്ച 866 പേരെ അബുദാബി പൊലീസ് പിടികൂടി. കഴിഞ്ഞ വര്‍ഷമാണ് ഇത്രയും പേരെ പിടിച്ചത്. ലൈസന്‍സില്ലാതെ വാഹനമോടിക്കുന്നത് ഗുരുതര കുറ്റമാണെന്നും ശക്തമായ ശിക്ഷാ നടപടികള്‍ നേരിടേണ്ടി വരുമെന്നും പൊലീസ് മുന്നറിയിപ്പ് നല്‍കി. വിവിധ തരത്തിലുള്ള വാഹനങ്ങള്‍ക്ക് അനുവദിച്ച ലൈസന്‍സുകള്‍ കൈവശമുള്ളവര്‍ മാത്രമേ അത്തരം വാഹനങ്ങള്‍ ഓടിക്കാന്‍ പാടുള്ളൂ. ചെറുവാഹനങ്ങള്‍ മാത്രം ഓടിക്കാന്‍ അനുമതി ലഭിച്ച ലൈസന്‍സ് ഉപയോഗിച്ച് വലിയ വാഹനങ്ങള്‍ ഓടിക്കുന്നത് കുറ്റകരമാണെന്ന് അബുദാബി പൊലീസ് സെന്‍ട്രല്‍ ഓപറേഷന്‍സ് ഡെപ്യൂട്ടി ഡയറക്ടര്‍ ബ്രിഗേഡിയര്‍ അഹ്മദ് അല്‍ ഹന്‍തൂബി പറഞ്ഞു. നിയമം ലംഘിക്കുന്നവര്‍ക്ക് മൂന്ന് മാസം വരെ തടവും 5,000 ദിര്‍ഹം പിഴയും ചുമത്താന്‍ നിയമം നിഷ്‌കര്‍ഷിക്കുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. ലൈസന്‍സില്ലാത്ത കുട്ടികള്‍ വാഹനമോടിക്കുന്നത് തടയാന്‍ രക്ഷിതാക്കള്‍ ശ്രദ്ധിക്കണമെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കി. 18 വയസിന് താഴെയുള്ള കുട്ടികള്‍ വാഹനമോടിക്കുന്നത് കര്‍ശനമായി വിലക്കിയിട്ടുണ്ട്. മറ്റുള്ളവരുടെ കൂടി ജീവന്‍ അപകടത്തിലാക്കുന്ന ഇത്തരം സംഭവങ്ങള്‍ നടക്കുന്നില്ലെന്ന് ഉറപ്പ് വരുത്താന്‍ രക്ഷിതാക്കളും ബാധ്യസ്ഥരാണ്. വാഹനാപകടങ്ങള്‍ കുറക്കാന്‍ പൊലീസ് വ്യത്യസ്ത സംവിധാനങ്ങളും ശക്തമായ നിയമങ്ങളുമാണ് നടപ്പാക്കിയിട്ടുള്ളത്.