ലുഖ്മാന്‍ മമ്പാട്

കോഴിക്കോട്: കേരള കോണ്‍ഗ്രസ്സ് (എം) വീണ്ടും യു.ഡി.എഫിനോട് അടുക്കുമ്പോള്‍ ഫലം കാണുന്നത് മുസ്്‌ലിംലീഗിന്റെയും ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടിയുടെയും നയതന്ത്രം. ഭരണ നഷ്ടത്തിന് പിന്നാലെ മൂന്നാമത്തെ കക്ഷിയായ കേരള കോണ്‍ഗ്രസ്സ് മുന്നണി വിട്ടത് മുതലാക്കാന്‍ എല്‍.ഡി.എഫും എന്‍.ഡി.എയും വലവിരിച്ച് കാത്തിരിക്കുകയായിരുന്നു. എന്നാല്‍ കെ.എം മാണിയുമായി പാണക്കാട് സയ്യിദ് ഹൈദലി ശിഹാബ് തങ്ങള്‍ ഉള്‍പ്പെടെയുളള മുസ്്‌ലിംലീഗ് നേതാക്കള്‍ അര നൂറ്റാണ്ടിലേറെ നീളുന്ന സ്‌നേഹ ബന്ധം മുറിയാതെ കാത്ത് ബന്ധം നിലനിര്‍ത്തുകയായിരുന്നു.

മലപ്പുറം, വേങ്ങര ഉപതെരഞ്ഞെടുപ്പുകളില്‍ കേരള കോണ്‍ഗ്രസ്സ് പിന്തുണ തേടിയപ്പോള്‍ രണ്ടാമതൊന്ന് ആലോചിക്കാതെ മുസ്്‌ലിംലീഗ് സ്ഥാനാര്‍ത്ഥികള്‍ക്ക് ഉപാധി രഹിത പിന്തുണ അറിയിച്ച പാര്‍ട്ടി ചെയര്‍മാന്‍ കെ.എം മാണി മണ്ഡലങ്ങളില്‍ പ്രത്യേക യോഗം വിളിച്ച് മിന്നുന്ന വിജയങ്ങളുടെ തിളക്കം കൂട്ടി. കോഴിക്കോട്ട് ഇ അഹമ്മദ് ചരമ ദിനാചരണ സമ്മേളനത്തില്‍ പങ്കെടുത്ത് മുസ്്‌ലിംലീഗുമായുള്ള സഹോദര ബന്ധം അദ്ദേഹം എടുത്ത് പറഞ്ഞിരുന്നു. ചെങ്ങന്നൂരില്‍ ഉപ തെരഞ്ഞെടുപ്പ് എത്തിയതോടെ ആരോപണങ്ങളും അപവാദങ്ങളും പറഞ്ഞ് ദ്രോഹിച്ചവര്‍ പഞ്ചാരവാക്കുകളുമായി കൂടെ കൂടി. പക്ഷെ, യു.ഡി.എഫിനെ കെട്ടിപ്പടുക്കുന്നതില്‍ നേതൃപരമായ പങ്കുവഹിച്ച കെ.എം മാണിക്കും കേരള കോണ്‍ഗ്രസ്സിനും എല്‍.ഡി.എഫിന്റെ അവസരവാദം ഉള്‍ക്കൊളളാനാകുമായിരുന്നില്ല.

കെ.എം മാണി ചെങ്ങന്നൂരില്‍ മനസാക്ഷി വോട്ടിനോ എല്‍.ഡി.എഫിനെ പിന്തുണക്കുന്നതിനോ തീരുമാനിച്ചാല്‍ ജനദ്രോഹ സര്‍ക്കാറുകള്‍ക്കെതിരായ ജനവിധി പൂര്‍ണ്ണാര്‍ത്ഥത്തില്‍ പ്രതിഫലിക്കാതെ പോകുമോയെന്ന് ജനാധിപത്യ കേരളത്തിന് ആശങ്കയുണ്ടായിരുന്നു. കെ.എം മാണിയുമായി യു.ഡി.എഫ് നേതാക്കളായ ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, എം.എം ഹസ്സന്‍ എന്നിവരുമായി ചര്‍ച്ചക്ക് വേദിയൊരുക്കിയാല്‍ മഞ്ഞുരുകുമെന്നും വഴിത്തിരിവാകുമെന്നു കണക്കുകൂട്ടി പി.കെ കുഞ്ഞാലിക്കുട്ടി ഇരു ഭാഗത്തും ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കി. ഉന്നതാധികാര ഉപസമിതി യോഗം ചേരുന്നതിന്റെ തലേന്ന് തന്നെ കെ.എം മാണിയുടെ വസതിയില്‍ യു.ഡി.എഫ് ഉന്നത നേതാക്കള്‍ എത്തിയതോടെ കേരള കോണ്‍ഗ്രസ്സ് മനസ്സ് അനുകൂലമാകാനുള്ള സാഹചര്യം ഉരുത്തിരിഞ്ഞു.

പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുമായി കുഞ്ഞാലിക്കുട്ടിയുടെ ഫോണില്‍ കെ.എം മാണി സുദീര്‍ഘമായി സംസാരിക്കുമ്പോള്‍ ആദരവും സ്‌നേഹവും കലര്‍ന്ന ബന്ധം കൂടുതല്‍ ദൃഢമായി. യു.ഡി.എഫ് നേതാക്കളുമായി ഒന്നേകാല്‍ മണിക്കൂര്‍ നീണ്ട കൂടിക്കാഴ്ചയില്‍ കുശലാന്വേഷണങ്ങളും മേമ്പൊടിയായി രാഷ്ട്രീയവുമായി മനസ്സിലെ മുറിവുണക്കുന്നതായി. കെ.എം മാണിക്കും കേരള കോണ്‍ഗ്രസ്സിനുമായി യു.ഡി.എഫിനായി വാതില്‍ തുറന്നുവെച്ച് കാത്തിരിക്കുകയാണെന്നും മടങ്ങിവരണമെന്ന് യോഗം ചേര്‍ന്ന് തീരുമാനിച്ച് പരസ്യമായി വെളിപ്പെടുത്തിയതാണെന്നും നേതാക്കള്‍ തുറന്നു പറഞ്ഞു. തെറ്റിദ്ധാരണകള്‍ പറഞ്ഞു തീര്‍ക്കാം. ചെങ്ങന്നൂരില്‍ ജനദ്രോഹ സര്‍ക്കാറിന് പ്രഹരം നല്‍കണം.

ഉന്നതാധികാര ഉപസമിതി ചര്‍ച്ച ചെയ്യാമെന്നായിരുന്നു കെ.എം മാണിയുടെ മറുപടി. ഇന്നലെ യോഗം ചേര്‍ന്ന് ചര്‍ച്ച ചെയ്തപ്പോള്‍ എല്ലാം മറന്ന് ചെര്‍മാന്റെ വീട്ടിലെത്തി പിന്തുണ തേടിയത് മുഖവിലക്കെടുക്കണമെന്നും ജനവികാരം ഉള്‍കൊള്ളണമെന്നും ഏകസ്വരം. ചെങ്ങന്നൂരില്‍ യു.ഡി.എഫിനെ പിന്തുണക്കാനും ഇതറിയിക്കാന്‍ പ്രത്യേക കണ്‍വന്‍ഷന്‍ മണ്ഡലത്തില്‍ വിളിച്ചു ചേര്‍ക്കാനും തീരുമാനിക്കുമ്പോള്‍ ഇല്ലാത്ത ബാര്‍കോഴയുടെ പേരില്‍ നിയമസഭയില്‍ പുറത്തും അപവാദത്തിന്റെ കെട്ടഴിച്ച എല്‍.ഡി.എഫിന്റെ അവസരവാദത്തിന്റെ മുഖത്തേറ്റ പ്രഹരമായി അത്.

യു.ഡി.എഫിലേക്ക് മടങ്ങിവരാനുള്ള ആദ്യ കടമ്പകള്‍ തരണം ചെയ്തതോടെ തുടര്‍ ചര്‍ച്ചകള്‍ക്കും യോജിപ്പിന്റെ കാല്‍വെപ്പുകള്‍ക്കും നാന്ദികുറിച്ചു. സി.പി.ഐയുടെയും സി.പി.എമ്മിലെ വി.എസ് അച്യുതാനന്ദന്‍ അടക്കമുള്ള നേതാക്കളുടെയും ആട്ടും തുപ്പുമേറ്റ് മുന്നണിപ്രവേശനത്തിന് കാത്തികെട്ടികിടക്കേണ്ട ഗതികേടിലല്ല കേരള കോണ്‍ഗ്രസ്സ്. സന്തോഷത്തിലും സന്താപത്തിലും സഹോദ പ്രസ്ഥാനമായി കൂടെനിന്ന മുസ്്‌ലിംലീഗിന്റെയും വിട്ടുവീഴ്ചയുടെ പുതിയ വാതില്‍ തുറന്ന കോണ്‍ഗ്രസ്സിന്റെയും നിലപാട് കേരള കോണ്‍ഗ്രസ്സിന് സംശയമില്ലാത്ത തീരുമാനത്തിന് മതിയായതാണ്. ഉചിതമായ സമയത്ത് ഉചിതമായ കരുനീക്കങ്ങളിലൂടെ മുന്നണിയുടെ കരുത്ത് വീണ്ടെടുക്കാന്‍ മുന്നണി പോരാളിയായി നിന്ന പി.കെ കുഞ്ഞാലിക്കുട്ടിയുടെ ഭാഷയില്‍ പറഞ്ഞാല്‍, പഴയരൂപത്തിലായിരിക്കുന്നു; ഇനി യു.ഡി.എഫിന്റെ സമയം.