kerala

കൊല്ലം കോർപ്പറേഷനിൽ യു.ഡി.എഫ് വസന്തം: ആവേശക്കടലായി സത്യപ്രതിജ്ഞാ ചടങ്ങ്

By webdesk18

December 21, 2025

കൊല്ലം : ​കാൽനൂറ്റാണ്ടിന്റെ കാത്തിരിപ്പിന് വിരാമമിട്ട് കൊല്ലം കോർപ്പറേഷൻ ഭരണചക്രത്തിലേക്ക് യു.ഡി.എഫ് ആവേശപൂർവ്വം ചുവടുവെച്ചു. ക്യു.എ.സി ഗ്രൗണ്ടിൽ പ്രത്യേകം തയ്യാറാക്കിയ പന്തലിൽ ആയിരക്കണക്കിന് പ്രവർത്തകരെ സാക്ഷിയാക്കിയാണ് പുതിയ അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. ​രാവിലെ മുതൽ തന്നെ കൊല്ലം നഗരം യു.ഡി.എഫ് പ്രവർത്തകരുടെ പ്രകടനങ്ങളെക്കൊണ്ട് സജീവമായിരുന്നു. 11.30-ന് നിശ്ചയിച്ച ചടങ്ങിലേക്ക് മുദ്രാവാക്യം വിളികളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെയാണ് വിജയിച്ച കൗൺസിൽ അംഗങ്ങൾ എത്തിച്ചേർന്നത്. ത്രിവർണ്ണ പതാകകളും ലീഗിന്റെ ഹരിത പതാകയും ആർ.എസ്.പിയുടെ ചുവന്ന കൊടികളും ആകാശത്ത് ഒരേപോലെ പാറിപ്പറന്നത് മുന്നണിയുടെ ഐക്യവിളംബരമായി മാറി. ​ജില്ലാ കളക്ടർ നിയന്ത്രണം ഏറ്റെടുത്തതോടെ ചടങ്ങുകൾക്ക് ഔദ്യോഗിക തുടക്കമായി. മുതിർന്ന അംഗമായ കോൺഗ്രസിലെ ഡോ. ഉദയ സുകുമാരന് ജില്ലാ കളക്ടർ സത്യവാചകം ചൊല്ലിക്കൊടുത്തു. തുടർന്ന് ഡിവിഷൻ ക്രമമനുസരിച്ച് മറ്റ് അംഗങ്ങൾ ഡോ. ഉദയ സുകുമാരന് മുൻപാകെ സത്യപ്രതിജ്ഞ ചെയ്തു. ​നിയുക്ത മേയർ എ.കെ. ഹഫീസിന്റെ പേര് 47-ാമതായി വിളിച്ചപ്പോൾ സദസ്സ് അക്ഷരാർത്ഥത്തിൽ ഇളകിമറിഞ്ഞു. ആവേശഭരിതരായ പ്രവർത്തകരെ അഭിവാദ്യം ചെയ്തുകൊണ്ടാണ് അദ്ദേഹം വേദിയിലേക്ക് എത്തിയത്. മുസ്‌ലിം ലീഗിലെ എ. സദഖത്ത് 34-ാമതായും മാജിത വഹാബ് 36 മത് ആയും സത്യപ്രതിജ്ഞ ചെയ്തു. ഇരുവരും സത്യപ്രതിജ്ഞയ്ക്കായി എത്തിയപ്പോൾ ഉയർന്ന ആവേശം ഭരണമാറ്റത്തിന്റെ തിളക്കം വിളിച്ചോതുന്നതായിരുന്നു. ​വിശ്വാസപ്രമാണങ്ങൾ മുറുകെപ്പിടിച്ചുകൊണ്ടായിരുന്നു അംഗങ്ങളുടെ സത്യപ്രതിജ്ഞ. കോൺഗ്രസ് അംഗങ്ങൾ ഈശ്വരനാമത്തിലും മുസ്‌ലിം ലീഗ് അംഗങ്ങൾ അല്ലാഹുവിന്റെ നാമത്തിലും സത്യപ്രതിജ്ഞ ചെയ്തു. ആർ.എസ്.പി അംഗങ്ങൾ ദൃഢ പ്രതിജ്ഞ ചെയ്തു. എൽ.ഡി.എഫ് അംഗങ്ങളും ദൃഢപ്രതിജ്ഞയാണ് ചെയ്തത്. ബി.ജെ.പി അംഗങ്ങളിൽ ഭൂരിഭാഗവും ഈശ്വരനാമത്തിൽ സത്യപ്രതിജ്ഞ ചെയ്തപ്പോൾ രണ്ടുപേർ അയ്യപ്പനാമത്തിലും ഒരാൾ കൂനമ്പായികുളം അമ്മയുടെ നാമത്തിലും സത്യപ്രതിജ്ഞ ചെയ്തു. ​സത്യപ്രതിജ്ഞാ ചടങ്ങിന് ശേഷം അംഗങ്ങൾ കോർപ്പറേഷൻ കൗൺസിൽ ഹാളിലെത്തി ആദ്യ കൗൺസിൽ യോഗത്തിൽ പങ്കെടുത്തു. ഡോ. ഉദയ സുകുമാരന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം കൊല്ലത്തിന്റെ വികസന സ്വപ്നങ്ങൾക്ക് പുതിയ ഊർജ്ജം പകരുന്നതായിരുന്നു.