editorial

ഉറച്ച കാല്‍വെപ്പുമായി യു.ഡി.എഫ്

By webdesk17

November 26, 2025

സ്ഥാനാര്‍ത്ഥികളുടെ ചിത്രവും പൂര്‍ണമായതോടെ സംസ്ഥാനം തദ്ദേശ തിരഞ്ഞെടുപ്പിന്റെ പോര്‍ക്കളത്തിലേക്ക് കാലെടുത്തുവെച്ചിരിക്കുകയാണ്. 34218 വനിതാ സ്ഥാനാര്‍ത്ഥികളും 37,786 പുരുഷ സ്ഥാനാര്‍ത്ഥികളും ഒരു ട്രാന്‍സ്ജന്റര്‍ സ്ഥാനാര്‍ത്ഥിയുമാണ് ത്രിതല പഞ്ചായത്തുകളിലേക്ക് അങ്കം കുറിക്കുന്നത്. പത്രിക പിന്‍വലിക്കാനുള്ള സമയ പരിധിയും പിന്നിട്ടതോടെ സ്ഥാനാര്‍ത്ഥികള്‍ പ്രചരണ രംഗത്ത് സജീവമായിക്കഴിഞ്ഞിട്ടുണ്ട്. സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തില്‍ തന്നെ നേടിയെടുത്ത മുന്‍തൂക്കം പത്രികകളുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കുമ്പോഴും യു.ഡി.എഫിന് നിലനിര്‍ത്താന്‍ സാധിച്ചുവെന്നത് വ്യക്തമാണ്. ഭീഷണിയും ഭയപ്പെടുത്തലുമൊക്കെയായി കിണഞ്ഞുശ്രമിച്ചിട്ടും വിമതക്കുരുക്കില്‍ നിന്ന് രക്ഷപ്പെടാന്‍ ഇടതുമുന്നണിക്ക് സാധ്യമായിട്ടില്ലെന്നിരിക്കെ അനുനയത്തിന്റെ മാര്‍ഗത്തിലൂടെ എല്ലാ പ്രതിസന്ധികളെയും മറികടക്കാന്‍ യു.ഡി.എഫിന് സാധിച്ചു. പിണറായി സര്‍ക്കാറിന്റെ ജനദ്രോഹനയങ്ങള്‍ക്കെതിരായ ശക്തമായ വികാരം പ്രതിഫലിപ്പിക്കാന്‍ കാത്തുനില്‍ക്കുന്ന കേരളത്തിലെ ജനങ്ങള്‍ക്കുമുന്നില്‍ ആത്മവിശ്വാസത്തോടെയും ആത്മാഭിമാനത്തോടെയും യു.ഡി.എഫ് നിലയുറപ്പിക്കുമ്പോള്‍ ഭരണ വിരുദ്ധ വികാരത്തിന്റെ കാഠിന്യത്താല്‍ ജനങ്ങളെ അഭിമുഖീകരിക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലാണ് ഇടതുപക്ഷം എത്തിനില്‍ക്കുന്നത്.

കൃത്യമായ പദ്ധതികളും പരിപാടികളുമായാണ് യു.ഡി.എ ഫ് തിരഞ്ഞെടുപ്പിനെ നേരിടുന്നതെന്നതിന്റെ നിദര്‍ശനമാണ് കഴിഞ്ഞ ദിവസം പുറത്തിറക്കിയ പ്രകടന പത്രിക. ജനങ്ങളുമായി നേരിട്ട് ഇടപഴകേണ്ട പ്രാദേശിക ഭരണകൂടമായ ഗ്രാമ പഞ്ചായത്തിലേക്കുള്‍പ്പെടെയുള്ള ജനവിധി എന്ന നിലയില്‍ സാധാരണക്കാരെ നേരിട്ട് ബാധിക്കുന്ന പ്രശ്നങ്ങള്‍ കണ്ടെത്തി അവയെക്കുറിച്ച് വിശദമായ പഠനം നടത്തി പരിഹാര നിര്‍ദ്ദേശങ്ങളുമായാണ് യു.ഡി.എഫ് പ്രകടന പത്രിക പൊതുസമൂഹത്തിനു മുന്നില്‍ അവതരിപ്പിച്ചിരിക്കുന്നത്. ആശാ വര്‍ക്കര്‍മാര്‍ക്ക് 2000 രൂപ പ്രത്യേക പ്രതിമാസ അലവന്‍സ്, അഞ്ച് വര്‍ഷത്തിനുള്ളില്‍ 5 ലക്ഷം വീടുകള്‍, കുറഞ്ഞ നിരക്കില്‍ ഭക്ഷണം ലഭ്യമാക്കാന്‍ ഇന്ദിര കാന്റീന്‍, വന്യജീവി ആക്രമണങ്ങളില്‍ നിന്ന് സംരക്ഷണം, തെരുവുനായ പ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാരം, എല്ലാവര്‍ക്കും മുടക്കമില്ലാതെ ഗുണനിലവാരമുള്ള കുടിവെള്ളം തുടങ്ങിയ വിഷയങ്ങളെയെല്ലാം മുന്നണി അഭിസംബോധന ചെയ്യുന്നുണ്ട്. ഗ്രാമസ്വരാജ് എന്ന മഹാത്മാ ഗാന്ധിയുടെ ആശയത്തിലൂന്നി അധികാര വികേന്ദ്രീകരണം ലക്ഷ്യമിട്ടാണ് പ്രകടന പത്രിക. അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുക, ക്ഷേമപദ്ധതികള്‍ പുനഃസ്ഥാപിക്കുക എന്നിവയ്ക്ക് ഊന്നല്‍ നല്‍കുന്ന പത്രികയില്‍ എല്ലാ വാര്‍ഡുകള്‍ക്കും ഉപാധിരഹിതമായ വികസന ഫണ്ട് നല്‍കുമെന്ന പ്രഖ്യാപനവുമുണ്ട്. തദ്ദേശ സ്ഥാപന ങ്ങളുടെ അധികാരം കവര്‍ന്ന എല്‍.ഡി.എഫ് സര്‍ക്കാരി നെ തുറന്നുകാട്ടുന്ന കുറ്റപത്രവും ഇതോടൊപ്പം പുറത്തിറക്കിയിട്ടുണ്ട്. ജനകീയ വിഷയങ്ങള്‍ക്കൊന്നും ചെവികൊടുക്കാതെ അവരുടെ മേല്‍ കടുത്ത ഭാരംകെട്ടിവക്കുന്ന സമീപനമായിരുന്നു തദ്ദേശ സ്ഥാപനങ്ങളോട് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചിരുന്നത്. പ്രാദേശിക ഭരണകൂടങ്ങളെ അവയുടെ എല്ലാ അധികാരങ്ങളും കവര്‍ന്നെടുത്ത് സര്‍ക്കാറിന്റെ പദ്ധതികള്‍ നടപ്പാക്കാനുള്ള ഏജന്‍സികള്‍ മാത്രമാക്കി മാറ്റുകയായിരുന്നു.

ഗ്രാമ പഞ്ചായത്തുകളുടെ പ്രധാന വരുമാന മാര്‍ഗമായ ബജറ്റ് വിഹിതം വെട്ടിക്കുറക്കുകയും അതുതന്നെ സമയ ബന്ധിതമായി കൊടുത്തുതീര്‍ക്കാതെ ലാപ്‌സാക്കിക്കളയുന്ന ക്രൂരമായ അവസ്ഥക്കും ഗ്രാമപഞ്ചായത്തുകള്‍ക്ക് സാക്ഷിയാകേണ്ടി വരികയുണ്ടായി. അതുകൊണ്ട് തന്നെ തെരുവുനായ ശല്യംപോലുള്ള ജനങ്ങളുടെ ജീവനുതന്നെ ഭീഷണിയാകുന്ന വിഷയങ്ങളില്‍ പഞ്ചായത്ത് ഭരണ സമിതികള്‍ കൈയ്യുംകെട്ടി നോക്കിനില്‍ക്കേണ്ട അവസ്ഥാ വിശേഷമായിരുന്നു. മലയോര മേഖലയില്‍ വിശേഷിച്ചും ദുരിതം വിതച്ച വന്യമൃഗശല്യത്തിന്റെ കാര്യത്തിലും ഇതുതന്നെയായിരുന്നു അവസ്ഥ. എന്നാല്‍ ഇത്തരം വിഷയങ്ങളെയെല്ലാം പഞ്ചായത്തുകള്‍ക്ക് കൃത്യമായി അഭിമഖീകരിക്കാനാവുമെന്ന് യു.ഡി.എഫ് പ്രകടന പത്രികയിലൂടെ ഉറപ്പുനല്‍കുകയാണ്. ക്ഷേമ പ്രവരത്തനങ്ങളും വികസനപ്രവര്‍ത്തനങ്ങളും ഒരുപോലെ ഇടം നേടിയ പത്രിക യിലൂടെ അടിസ്ഥാന വര്‍ഗത്തിന്റെ അവകാശങ്ങള്‍ ഉറപ്പു വരുത്തുന്നതോടൊപ്പം പുതിയ കാലത്തിന്റെ സാധ്യതകളെ ചേര്‍ത്തുവെക്കുന്നുമുണ്ട്. ഉമ്മന്‍ചാണ്ടി സര്‍ക്കാറിന്റെ കാലത്ത് സംസ്ഥാനത്തുണ്ടായ ക്ഷേമപ്രവര്‍ത്തനങ്ങളുടെയും വികസന പ്രവര്‍ത്തനങ്ങളുടെയും അതുല്യമായ സംയോജനമാണ് ഇവിടെ ഉറപ്പുനല്‍കപ്പെടുന്നത്.

ദാരിദ്ര്യ നിര്‍മാര്‍ജനത്തിനായി അന്നത്തെ സര്‍ക്കാര്‍ കൊണ്ടുവന്ന ആശ്രയ പദ്ധതിയുടെ രണ്ടാം ഘട്ടമായി ആശ്രയ 2.0, ക്ഷേമപെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്ക് മസ്റ്ററിങ് ഉള്‍പ്പെടെയുള്ള നടപടികള്‍ രണ്ട് വര്‍ഷത്തിലൊരിക്കല്‍ എന്ന രീതിയിലേക്ക് മാറ്റല്‍, വിദ്യാര്‍ഥികള്‍ക്ക് എഐ ഡി ജിറ്റല്‍ സ്‌കില്‍സ് കോഴ്‌സസ്, മഹാത്മാഗാന്ധി, അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതികളില്‍ മുള, വൃക്ഷം വച്ചുപിടിപ്പിക്കല്‍, ക്ഷീരവികസനം, ഭവനനിര്‍മാണം എന്നിവ ഉള്‍പ്പെടുത്തി വിപുലീകരണം, ജോലി ചെയ്യുന്ന അമ്മമാര്‍ക്ക് ഡേകെയര്‍ സൗകര്യത്തോടെ പിന്തുണ നല്‍കാന്‍ എല്ലാ കോര്‍പ്പ റേഷന്‍ വാര്‍ഡുകളിലും അര്‍ബന്‍ അങ്കണവാടികളും ശിശു സംരക്ഷണ കേന്ദ്രങ്ങള്‍, സ്ത്രീകള്‍ക്ക് സുരക്ഷ ഉറപ്പാക്കി ട്രാന്‍സിറ്റ് പോയിന്റുകളിലും മാര്‍ക്കറ്റുകളിലും പിങ്ക് വാഷ്‌റൂമുകള്‍, എല്ലാ ജില്ലകളിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സീനിയര്‍ സിറ്റിസണ്‍ ഹെല്‍പ്പ്‌ലൈന്‍, നഗരങ്ങളില്‍ വെള്ളക്കെട്ട് തടയാന്‍ ഓപ്പറേഷന്‍ അനന്ത മോഡല്‍, ഭരണ സുതാര്യതയ്ക്കായി എ.ഐ ഉള്‍പ്പെടെ ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഇ-ഗവേണന്‍സ് നടപ്പാക്കല്‍ എന്നിവയെല്ലാം ഇതിന്റെ പ്രകടമായ അടയാളങ്ങളാണ്.