india

ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കാന്‍ യു.കെ; യു.എസ് എതിര്‍പ്പ് വകവെക്കില്ല

By webdesk17

September 18, 2025

ലണ്ടന്‍: യു.എസ് എതിര്‍പ്പിനെ വകവെക്കാതെ ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കാന്‍ ഒരുങ്ങുകയാണ് യു.കെ. യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ സന്ദര്‍ശനം പൂര്‍ത്തിയായ ഉടന്‍ തന്നെ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചന. സെപ്തംബര്‍ 23ന് ആരംഭിക്കുന്ന യു.എന്‍ പൊതുസഭ സമ്മേളനത്തിന് മുന്‍പായി പ്രധാനമന്ത്രി കെയിര്‍ സ്റ്റാര്‍മര്‍ തീരുമാനം പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷ.

ഗസ്സയിലെ മനുഷ്യരുടെ സ്ഥിതി മെച്ചപ്പെടുത്തുന്നതില്‍ ഒരു നടപടിയും സ്വീകരിക്കാത്ത ഇസ്രാഈല്‍ നടപടിയില്‍ പ്രതിഷേധിച്ച് കൂടിയാണ് യു.കെ ഫലസ്തീന് അംഗീകാരം നല്‍കുന്നത്. ഫ്രാന്‍സ്, കാനഡ, ഓസ്ട്രേലിയ ഉള്‍പ്പെടെയുള്ള രാജ്യങ്ങളും അടുത്തിടെ സമാന തീരുമാനം കൈക്കൊള്ളാന്‍ സാധ്യതയുണ്ട്.

നിലവില്‍ യു.എന്‍ അംഗങ്ങളിലെ ഭൂരിപക്ഷമായ 193ല്‍ 147 രാജ്യങ്ങളും ഫലസ്തീനെ അംഗീകരിച്ചിട്ടുണ്ട്. ലേബര്‍ പാര്‍ട്ടി എംപിമാരുടെ സമ്മര്‍ദത്തെ തുടര്‍ന്ന് സ്റ്റാര്‍മര്‍ ഇത്തവണ നടപടിയിലേക്ക് നീങ്ങുന്നതായി സൂചനയുണ്ട്.

അതേസമയം, ഗസ്സയിലെ ഇസ്രാഈല്‍ ആക്രമണം ശക്തമാകുകയാണ്. അല്‍-ശിഫ, അല്‍-അഹ്ലി ഉള്‍പ്പെടെയുള്ള ആശുപത്രികള്‍ക്കെതിരെ നടന്ന മിസൈല്‍ ആക്രമണത്തില്‍ 15 പേര്‍ കൊല്ലപ്പെട്ടു. കുട്ടികളുടെ ആശുപത്രിക്ക് നേരെ മൂന്ന് തവണ ആക്രമണമുണ്ടായതായി ഗസ്സ ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ 40 രോഗികള്‍ ആശുപത്രി ഒഴിയേണ്ടിവന്നു.

”ഗസ്സയില്‍ നടക്കുന്നത് വംശഹത്യ തന്നെയാണ്; ആയിരക്കണക്കിന് കുട്ടികള്‍ പട്ടിണിയിലാണ്,” എന്ന് ലണ്ടന്‍ മേയര്‍ സാദിഖ് ഖാന്‍ വ്യക്തമാക്കി. അന്താരാഷ്ട്ര നീതിന്യായ കോടതി വിധിയും യു.എന്‍ റിപ്പോര്‍ട്ടുകളും ഇതേ കാര്യമാണ് വ്യക്തമാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.