ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസില്‍ ഉമര്‍ ഖാലിദിനും ഷര്‍ജീല്‍ ഇമാമിനും ജാമ്യം അനുവദിക്കാനാകില്ലെന്ന് കോടതി ഉത്തരവ്. അതേസമയം, ഗുല്‍ഫിഷ ഫാത്തിമ, മീരാന്‍ ഹൈദര്‍, ശിഫാഉര്‍റഹ്‌മാന്‍, മുഹമ്മദ് സലീം ഖാന്‍, ശദാബ് അഹ്‌മദ് എന്നിവര്‍ക്കുള്‍പ്പെടെ നിരവധി പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചു.
ജസ്റ്റിസുമാരായ അരവിന്ദ് കുമാര്‍, അഞ്ജാരിയ എന്നിവര്‍ ഉള്‍പ്പെട്ട രണ്ടംഗ ബെഞ്ചിന്റേതാണ് നിര്‍ണായക വിധി. വിചാരണ വൈകുന്നതു മാത്രം ജാമ്യം അനുവദിക്കുന്നതിനുള്ള കാരണമാകില്ലെന്ന് കോടതി നിരീക്ഷിച്ചു. ഒരു വര്‍ഷത്തിന് ശേഷം ഉമര്‍ ഖാലിദിനും ഷര്‍ജീല്‍ ഇമാമിനും വീണ്ടും ജാമ്യാപേക്ഷയുമായി കോടതിയെ സമീപിക്കാമെന്നും ബെഞ്ച് വ്യക്തമാക്കി.
ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസില്‍ 2020 സെപ്റ്റംബര്‍ മുതല്‍ ഉമര്‍ ഖാലിദ് ജയിലിലാണ്. ഇതിനിടെ, സഹോദരിയുടെ വിവാഹച്ചടങ്ങില്‍ പങ്കെടുക്കുന്നതിനായി ഡിസംബര്‍ 11ന് ഡല്‍ഹിയിലെ കര്‍ക്കദൂമ കോടതി ഉമര്‍ ഖാലിദിന് ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കരുത്, സാക്ഷികളെ സ്വാധീനിക്കരുത് എന്നീ കര്‍ശന ഉപാധികളോടെയായിരുന്നു അന്നത്തെ ജാമ്യാനുമതി.