india

ഉമര്‍ ഖാലിദിന് ഇടക്കാല ജാമ്യം

By webdesk17

December 18, 2024

ന്യൂഡല്‍ഹി: ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട കേസില്‍ രാജ്യദ്രോഹക്കുറ്റം ആരോപിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന വിദ്യാര്‍ത്ഥി ആക്ടിവിസ്റ്റ് ഉമര്‍ഖാലിദിന് ഇടക്കാല ജാമ്യം. ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുക്കുന്നതിനായാണ് ഡല്‍ഹി കോടതി ഏഴ് ദിവസത്തെ ജാമ്യം അനുവദിച്ചത്.

ജാമ്യമോ വിചാരണയോ ഇല്ലാതെ 2020 മുതല്‍ തിഹാര്‍ ജയിലില്‍ കഴിയുകയാണ് ഉമര്‍ ഖാലിദ്. ഡല്‍ഹി കലാപത്തില്‍ പങ്കുണ്ടെന്ന് ആരോപിച്ചാണ് 2020 സെപ്റ്റംബര്‍ 14ന് ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയിലെ മുന്‍ വിദ്യാര്‍ത്ഥിയായ ഉമര്‍ ഖാലിദിനെ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തത്. യു.എ.പി.എ പോലുള്ള പ്രത്യേക നിയമങ്ങളുടെ പരിധിയില്‍വരുന്ന കുറ്റങ്ങള്‍ക്ക് പോലും ജാമ്യം നല്‍കാമെന്ന സുപ്രീംകോടതി ഉത്തരവ് നിലവിലുണ്ട്. ജാമ്യം തേടി നിരവധി തവണ ഉമര്‍ ഖാലിദ് പല കോടതികളെയും സമീപിച്ചെങ്കിലും കാര്യമുണ്ടായില്ല.

2020 ലെ കലാപവുമായി ബന്ധപ്പെട്ട കേസുകളിലൊന്നില്‍ ഖാലിദിനെ മറ്റ് 17 പേര്‍ക്കൊപ്പം പൊലീസ് പ്രതിയാക്കി. അവരില്‍ പലരും ജാമ്യത്തിലിറങ്ങിയെങ്കിലും ജയിലിലടച്ച് ഒന്നര വര്‍ഷത്തിന് ശേഷം 2022 മാര്‍ച്ചില്‍ കര്‍ക്കര്‍ദൂമ കോടതി ഖാലിദിന് ആദ്യമായി ജാമ്യം നിഷേധിക്കുകയായിരുന്നു. പിന്നീട്, ഡല്‍ഹി ഹൈകോടതിയും ജാമ്യം നിഷേധിച്ചു. തുടര്‍ന്ന് ഖാലിദ് സുപ്രീംകോടതിയില്‍ ജാമ്യാപേക്ഷ സമര്‍പിച്ചു. 11 മാസത്തിനിടെ 14 തവണ സുപ്രീംകോടതിക്ക് മുമ്പാകെയുള്ള ഉമര്‍ ഖാലിദിന്റെ ഹരജി മാറ്റിവെച്ചു.