kerala

‘ഉമ്മ ഞാന്‍ മരിക്കുകയാണ്, അല്ലെങ്കില്‍ ഇവര്‍ എന്നെ കൊല്ലും’; തൃശൂരില്‍ ഭര്‍തൃവീട്ടില്‍ യുവതി ജീവനൊടുക്കി

By webdesk17

July 30, 2025

തൃശൂരില്‍ യുവതിയെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. നെടുങ്കോണം വലിയകത്ത് നൗഫലിന്റെ ഭാര്യ ഫസിലയാണ് (23) മരിച്ചത്. സംഭവത്തില്‍ ഭര്‍ത്താവ് നൗഫലിനെ (29) പൊലീസ് കസ്റ്റഡിയില്‍ എടുത്തു. യുവതിയുടെ വീട്ടുകാരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നൗഫലിനെ ഇരിങ്ങാലക്കുട പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. മരിക്കുന്നതിന് മുമ്പ് യുവതി മാതാവിന് അയച്ച വാട്‌സ്ആപ്പ് മെസ്സേജ് പുറത്തു വന്നു.

‘ഉമ്മ ഞാന്‍ മരിക്കുകയാണ്, എന്നെ അല്ലെങ്കില്‍ ഇവര്‍ കൊല്ലും’ എന്ന് മാതാവിന് അയച്ച സന്ദേശത്തില്‍ പറയുന്നു. ഈര്‍ത്താവ് തന്നെ മര്‍ദിച്ചെന്നും കൈ ഒടിഞ്ഞെന്നും സന്ദേശത്തില്‍ പറയുന്നു. കൂടാതെ ഭര്‍തൃമാതാവ് അസഭ്യം പറഞ്ഞതായും മാതാവിന് അയച്ച സന്ദേശത്തില്‍ പറയുന്നു. താന്‍ രണ്ടാമത് ഗര്‍ഭിണിയാണെന്നും വയറ്റില്‍ ഭര്‍ത്താവ് ചവിട്ടിയെന്നും സന്ദേശത്തിലുണ്ട്.

ഇവര്‍ക്ക് പത്ത് മാസം പ്രായമുള്ള കുഞ്ഞുണ്ട്. ഭര്‍ത്താവ് ക്രൂരമായി ഉപദ്രവിക്കുകയും ഇതിനെ തുടര്‍ന്നാണ് യുവതി ആത്മഹത്യ ചെയ്തതെന്നുമാണ് പൊലീസ് നിഗമനം. ഭര്‍ത്താവ് നൗഫലിനെ ചോദ്യം ചെയ്ത് വരികയാണ്.

ഫസീലയുടെ മൃതദേഹം തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ഇന്ന് വീട്ടുകാര്‍ക്ക് വിട്ടുനല്‍കും.

രണ്ടാമത് ഗര്‍ഭിണിയായത് അറിഞ്ഞതിന് പിന്നാലെയാണ് ഇയാള്‍ യുവതിയെ ക്രൂരമായി മര്‍ദിച്ചിരുന്നതെന്ന് ഫസീലയുടെ മാതൃ സഹോദരന്‍ നൗഷാദ് പറഞ്ഞു.