തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത ചൂട് തുടരുന്നതിനിടെ വൈദ്യുതി ഉപഭോഗം സര്‍വകാല റെക്കോര്‍ഡിലേക്ക് കുതിക്കുന്നു. ഇന്നലെ മാത്രം 116.11 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് സംസ്ഥാനത്ത് ഉപയോഗിച്ചത്. ഇത് ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന പ്രതിദിന ഉപഭോഗങ്ങളിലൊന്നാണ്. ചൂട് അസഹനീയമായതോടെ വൈകുന്നേരത്തെ വൈദ്യുതി ആവശ്യകതയും റെക്കോര്‍ഡ് വേഗത്തില്‍ വര്‍ധിച്ച് 6013 മെഗാ വാട്ടിലെത്തി.
വൈദ്യുതി ആവശ്യം ഇനിയും ഉയരുകയാണെങ്കില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടി വരുമെന്നാണ് കെ.എസ്.ഇ.ബിയുടെ വിലയിരുത്തല്‍. രാത്രി സമയത്തെ ആവശ്യം 300 മെഗാവാട്ട് കൂടി കടന്നാല്‍ പത്ത് മുതല്‍ പതിനഞ്ച് മിനിറ്റ് വരെ ലോഡ് ഷെഡിങ് ഏര്‍പ്പെടുത്തേണ്ടി വരും. പ്രസരണ ശൃംഖലയുടെ പരമാവധി ശേഷിയായ 6300 മെഗാവാട്ടിലേക്ക് ആവശ്യകത അടുത്തുകൊണ്ടിരിക്കുന്നത് വൈദ്യുതി ബോര്‍ഡിനെ കടുത്ത ആശങ്കയിലാഴ്ത്തുന്നുണ്ട്.
ഫീഡറുകള്‍ നിശ്ചിത സമയത്തേക്ക് ഓഫ് ചെയ്ത് ലോഡ് കുറയ്ക്കാനാണ് നിലവിലെ ആലോചന. ചൂട് അസഹനീയമായതോടെ എയര്‍ കണ്ടീഷണറു കളുടെയും കൂളറുകളുടെയും ഉപയോഗം കുത്തനെ ഉയര്‍ന്നതാണ് വൈദ്യുതി ഉപഭോഗം ഇത്രത്തോളം വര്‍ധിക്കാന്‍ പ്രധാന കാരണം. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ ദിനം പ്രതി എട്ടു ദശലക്ഷം യൂണിറ്റ് കൂടുതലാണ് ഈ വര്‍ഷത്തെ വൈദ്യുതി ഉപയോഗം. സംസ്ഥാനത്തെ അണക്കെട്ടുകളിലെ ജലനിരപ്പ് താഴ്ന്നു കൊണ്ടിരിക്കുന്നത് പ്രതിസന്ധിയുടെ ആഴം കൂട്ടുന്നു. നിലവില്‍ സംഭരണശേഷിയുടെ 37 ശതമാനത്തില്‍ താഴെ മാത്രമാണുള്ളത്.
വേനല്‍ കടുത്തതോടെ അണക്കെട്ടുകളിലേക്കുള്ള നീരൊഴുക്ക് ഗണ്യമായി കുറഞ്ഞു. ആഭ്യന്തര ഉല്‍പ്പാദനം കുറഞ്ഞതോടെ പുറത്തു നിന്ന് ഏകദേശം 88 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് കെ.എസ്.ഇ.ബി ഉയര്‍ന്ന വിലയ്ക്ക് വാങ്ങുന്നത്. ഉപഭോഗം വര്‍ധിക്കുന്നതിന് ആനുപാതികമായി പുറത്ത് നിന്നും വൈദ്യുതി ഉയര്‍ന്ന വിലയ്ക്ക് വാങ്ങേണ്ടി വരുന്നത് കെ.എസ്.ഇ.ബിക്ക് വലിയ സാമ്പത്തിക ബാധ്യത സൃഷ്ടിക്കുന്നുണ്ട്. ഇതിന്റെ ബാധ്യതയും പിന്നാലെ ഉപഭോക്താക്കളുടെ തലയില്‍ വരും.
ഉപഭോഗം കുതിച്ചുയരുന്ന സാഹചര്യത്തില്‍ നിലവില്‍ തന്നെ പല സബ് സ്റ്റേഷനുകളിലും ലോഡ് കൂടുമ്പോള്‍ വൈദ്യുതി തടസ്സപ്പെടുന്നുണ്ട്. നിലവിലെ പ്രസരണ ശേഷി പരമാവധി ഉപയോഗിക്കുന്നതിനാല്‍ പീക്ക് സമയങ്ങളില്‍ അപ്രഖ്യാപിത നിയന്ത്രണങ്ങള്‍ പലയിടത്തും ഏര്‍പ്പെടുത്തിയിട്ടുണ്ട്. വരും ദിവസങ്ങളിലും ചൂട് വര്‍ധിച്ചാല്‍ ഔദ്യോഗികമായി തന്നെ പവര്‍കട്ട് പ്രഖ്യാപിക്കേണ്ടി വരുമെന്ന സുചനയാണ് അധികൃതര്‍ നല്‍കുന്നത്.