സ്‌കൂളുകളിലെ അനധികൃത പിടിഎ ഫണ്ട് പിരിവിനെതിരെ മന്ത്രി വി ശിവന്‍കുട്ടി. പരാതി ലഭിച്ചാല്‍ കര്‍ശന നടപടിയെടുക്കുമെന്ന് മന്ത്രി പറഞ്ഞു. സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്ന രീതിയില്‍ അല്ലാതെ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകളുടെ പി ടി എ കമ്മിറ്റികള്‍ക്കെതിരെ അന്വേഷണം നടത്തി നടപടിയെടുക്കുമെന്ന് മന്ത്രി വ്യക്തമാക്കി.
സര്‍ക്കാര്‍ പിടിഎകള്‍ക്ക് എതിരല്ലെന്നും എന്നാല്‍ പിടിഎയുടെ അമിതാധികാര പ്രയോഗം സംബന്ധിച്ച് സര്‍ക്കാരിന് നിരവധി പരാതികള്‍ ലഭിച്ചെന്നും മന്ത്രി പറഞ്ഞു. കുട്ടികളുടെ മേല്‍ പണത്തിന്റെ ഭാരം അടിച്ചേല്‍പ്പിക്കരുതെന്നും മന്ത്രി നിര്‍ദേശിച്ചു. വിട്ടു വീഴ്ചയുണ്ടാകില്ലെന്നും എല്ലാ സ്‌കൂളുകളിലും പരിശോധന നടത്താന്‍ നിര്‍ദേശം നല്‍കിയെന്നും മന്ത്രി പറഞ്ഞു.
അതേസമയം ഫലപ്രഖ്യാപനത്തിന് മുമ്പുതന്നെ പല അണ്‍ എയ്ഡഡ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലും പ്രവേശനം നടക്കുന്നതായും മന്ത്രി പറഞ്ഞു. അണ്‍ എയ്ഡഡ് സ്‌കൂളുകളുടെ പ്രവേശനത്തിനും മാനദണ്ഡങ്ങള്‍ ബാധകമാണെന്നും 60 ശതമാനം സീറ്റുകളുടെ അടിസ്ഥാനത്തില്‍ പ്രവേശനം നടത്തണമെന്നും മന്ത്രി നിര്‍ദേശിച്ചു. ഇതിന് വിരുദ്ധമായി പ്രവേശനം നടത്തിയാല്‍ നടപടിയെടുക്കാന്‍ അധികാരം ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.