ചെന്നൈ: കമല്‍ഹാസന്റെ പേരും ചിത്രവും വാണിജ്യാവശ്യങ്ങള്‍ക്ക് അനധികൃതമായി ഉപയോഗിക്കുന്നതിന് മദ്രാസ് ഹൈകോടതിയുടെ വിലക്ക്. കമല്‍ഹാസന്റെ ആവശ്യപ്രകാരമാണ് ഹൈകോടതി വിലക്കേര്‍പ്പെടുത്തിയത്. എന്നാല്‍, കാര്‍ട്ടൂണുകളില്‍ കമല്‍ഹാസന്റെ ചിത്രം ഉപയോഗിക്കുന്നതിന് വിലക്കില്ലെന്നും കോടതി വ്യക്തമാക്കി.
തന്റെ പേര്, ചിത്രം, ഉലകനായകന്‍ എന്ന വിശേഷണം എന്നിവയെല്ലാം ഉള്‍പ്പെടുത്തി ചെന്നൈയിലെ സ്വകാര്യ സ്ഥാപനം ടി ഷര്‍ട്ടുകളും ഷര്‍ട്ടുകളും അനുമതിയില്ലാതെ വില്‍ക്കുന്നതിനെതിരായി കമല്‍ഹാസന്‍ നല്‍കിയ ഹരജിയിലാണ് മദ്രാസ് ഹൈകോടതിയുടെ വിധി. ഇതില്‍ തിങ്കളാഴ്ച വാദം കേട്ട ജസ്റ്റിസ് സെന്തില്‍കുമാര്‍ രാമമൂര്‍ത്തിയുടെ ബെഞ്ചാണ് കമല്‍ഹാസന്റെ ചിത്രമോ പേരോ അനധികൃതമായി ഉപയോഗിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയത്. ഹരജിയില്‍ മറുപടി നല്‍കാന്‍ ആരോപണ വിധേയമായ കമ്പനിയോട് കോടതി ആവശ്യപ്പെട്ടു.
അനുവാദമില്ലാതെ മറ്റാരും തന്റെ ഫോട്ടോയും പേരും ഉപയോഗിക്കരുതെന്നുള്ള വിവരം തമിഴ്, ഇംഗ്ലീഷ് പത്രങ്ങളില്‍ പരസ്യങ്ങളായി പ്രസിദ്ധീകരിക്കാനും കമല്‍ഹാസനോട് നിര്‍ദേശിച്ചു. കേസ് വീണ്ടും ഫെബ്രുവരിയിലേക്ക് മാറ്റിയിട്ടുണ്ട്.