കൊല്‍ക്കത്ത: അടുത്ത വര്‍ഷം ഇന്ത്യയില്‍ നടക്കുന്ന അണ്ടര്‍ 17 ഫുട്‌ബോള്‍ ലോകകപ്പ് ഫൈനലിന് കൊല്‍ക്കത്ത വേദിയാവും. മുന്നൊരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി ഇന്ത്യയില്‍ സന്ദര്‍ശം നടത്തുന്ന 13 അംഗ സംഘം ഇന്നലെ കൊല്‍ക്കത്തയിലെ സ്റ്റേഡിയം സന്ദര്‍ശിച്ചാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

2017 ഒക്ടോബര്‍ 6 മുതല്‍ 28 വരെയാവും ടൂര്‍ണമെന്റ് നടക്കുകയെന്നും സംഘം വ്യക്തമാക്കി. കൊച്ചി, നവി മുംബൈ, ഗോവ, ന്യൂഡല്‍ഹി, ഗുവാഹതി എന്നീ വേദികളില്‍ നേരത്തെ സന്ദര്‍ശം നടത്തിയ സംഘം മുന്നൊരുക്കങ്ങളില്‍ തൃപ്തി അറിയിച്ചിട്ടുണ്ട്.
ട്രേസി ലു, മരിയോണ്‍ മായര്‍ വോല്‍ഫെല്‍ഡര്‍ എന്നിവരുടെ നേതൃത്വത്തിലാണ് ഫിഫ സംഘം ഇന്ത്യ സന്ദര്‍ശിക്കുന്നത്. അടിസ്ഥാന സൗകര്യങ്ങള്‍ക്കൊപ്പം ബംഗാളിന്റെ ഫുട്‌ബോള്‍ പാരമ്പര്യം കൂടിയാണ് ഫൈനല്‍ വേദി നിശ്ചയിക്കാന്‍ കാരണമായതെന്ന് ഫിഫ സംഘം വിലയിരുത്തി. വേദി നവീകരണത്തിന്റെ അടുത്ത ഘട്ടം പരിശോധിക്കാന്‍ ഫിഫ സംഘം ജനുവരിയില്‍ ഇന്ത്യ സന്ദര്‍ശിക്കും.