Connect with us

News

അണ്ടർ 19 ലോകകപ്പ്: ന്യൂസിലൻഡിനെ ഏഴ് വിക്കറ്റിന് തകർത്ത് ഇന്ത്യ; ഗ്രൂപ്പ് ജേതാക്കളായി സൂപ്പർ സിക്‌സിലേക്ക്

ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡിനെ 135 റൺസിന് ഇന്ത്യ ഓൾ ഔട്ടാക്കി.

Published

on

ബുലവായോ: ഐസിസി അണ്ടർ 19 ക്രിക്കറ്റ് ലോകകപ്പിലെ മൂന്നാം മത്സരത്തിൽ ന്യൂസിലൻഡിനെതിരെ ഇന്ത്യക്ക് ഏഴ് വിക്കറ്റ് ജയം. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡിനെ 135 റൺസിന് ഇന്ത്യ ഓൾ ഔട്ടാക്കി. മഴമൂലം തടസ്സപ്പെട്ട മത്സരത്തിൽ 14 ഓവറിൽ 130 റൺസെന്ന വെട്ടിച്ചുരുക്കിയ ലക്ഷ്യം ഇന്ത്യ അനായാസം പിന്തുടർന്നു.

ബുലവായോയിലെ ക്യൂൻസ് സ്പോർട്സ് സെന്ററിൽ നടന്ന മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലൻഡിന് തുടക്കത്തിൽ തന്നെ ബാറ്റിങ് തകർച്ച നേരിട്ടു. മിഡിൽ ഓർഡറിലെ താരങ്ങൾ കുറച്ച് പ്രതിരോധം കാട്ടിയെങ്കിലും ടീം 135 റൺസിൽ ഒതുങ്ങുകയായിരുന്നു. നാല് വിക്കറ്റുകൾ നേടിയ ആർ.എസ്. അംബരീഷിന്റെ മിന്നും ബൗളിംഗാണ് ഇന്ത്യയ്ക്ക് മുൻതൂക്കം നൽകിയത്. ഹെനിൽ പട്ടേൽ മൂന്ന് വിക്കറ്റുകൾ നേടി. മുഹമ്മദ് ഇനാൻ, ഖിലാൻ പട്ടേൽ, കനിഷ്‌ക് ചൗഹാൻ എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി. 28 റൺസ് നേടിയ സെൽവിൻ ജിം സഞ്ജയാണ് ന്യൂസിലൻഡിന്റെ ടോപ് സ്കോറർ.

ലക്ഷ്യത്തിലേക്ക് ഇറങ്ങിയ ഇന്ത്യയ്ക്ക് വൈഭവ് സുര്യവൻശിയുടെയും ക്യാപ്റ്റൻ ആയുഷ് മാത്രേയുടെയും ബാറ്റിങ് മികവാണ് കരുത്തായത്. വൈഭവ് 23 പന്തിൽ 40 റൺസും ആയുഷ് മാത്രേ 27 പന്തിൽ 53 റൺസും നേടി. ഒമ്പതാം ഓവറിൽ വൈഭവും പത്താം ഓവറിൽ ആയുഷ് മാത്രേയും പുറത്തായെങ്കിലും വിഹാർ മൽഹോത്രയും വേദാന്ത ത്രിവേദിയും ചേർന്ന് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു.

നാല് വിക്കറ്റുകളുമായി തിളങ്ങിയ അംബരീഷാണ് മത്സരത്തിലെ താരമായത്. മലയാളി താരങ്ങളായ ആരോൺ ജോർജും മുഹമ്മദ് ഇനാനും ലോകകപ്പിൽ അരങ്ങേറ്റം കുറിച്ചു.

സമ്പൂർണ ജയവുമായി ഗ്രൂപ്പ് ജേതാക്കളായ ഇന്ത്യ സൂപ്പർ സിക്‌സിലേക്ക് മുന്നേറി. സൂപ്പർ സിക്‌സിൽ സിംബാബ്‌വെയും പാകിസ്താനും ഇന്ത്യയുടെ എതിരാളികളായിരിക്കും. ജനുവരി 27നും ഫെബ്രുവരി ഒന്നിനുമാണ് മത്സരങ്ങൾ നിശ്ചയിച്ചിരിക്കുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

അയ്യപ്പന്റെ സ്വര്‍ണം മുതല്‍ രക്തസാക്ഷി ഫണ്ട് വരെ കക്കുന്ന പാര്‍ട്ടിയായി മാര്‍ക്‌സിസ്റ്റുകള്‍ അധഃപതിച്ചു; കെ. മുരളീധരന്‍

മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ മൂല്യച്യുതിയാണ് ഇപ്പോള്‍ വെളിവാകുന്നതെന്നും, ഇത് തിരുത്താന്‍ ശ്രമിക്കുന്നവരെ തന്നെ നേതൃത്വം പുറത്താക്കുകയാണെന്നും അദ്ദേഹം പറഞ്ഞു

Published

on

തിരുവനന്തപുരം: അയ്യപ്പന്റെ സ്വര്‍ണം മുതല്‍ രക്തസാക്ഷി ഫണ്ട് വരെ കക്കുന്ന പാര്‍ട്ടിയായി മാര്‍ക്‌സിസ്റ്റുകള്‍ അധഃപതിച്ചുവെന്ന് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍ ആരോപിച്ചു. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ മൂല്യച്യുതിയാണ് ഇപ്പോള്‍ വെളിവാകുന്നതെന്നും, ഇത് തിരുത്താന്‍ ശ്രമിക്കുന്നവരെ തന്നെ നേതൃത്വം പുറത്താക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഈ നിലയില്‍ പാര്‍ട്ടി മുന്നോട്ടുപോയാല്‍ ബംഗാളിലെയും ത്രിപുരയിലെയും അവസ്ഥയിലേക്കാണ് കേരളവും നീങ്ങുകയെന്നും മുരളീധരന്‍ മുന്നറിയിപ്പ് നല്‍കി.

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ കടകംപള്ളിയുടെ രാജി ആവശ്യപ്പെട്ടത് ചില ഫോട്ടോകള്‍ വന്നതുകൊണ്ടല്ലെന്നും, ഫോട്ടോകള്‍ യഥാര്‍ത്ഥ കുറ്റവാളികളെ രക്ഷിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും മുരളീധരന്‍ പറഞ്ഞു. ശബരിമല സ്വര്‍ണക്കൊള്ള അന്വേഷണത്തില്‍ എസ്‌ഐടി പൂര്‍ണമായി പരാജയപ്പെട്ടുവെന്നും അദ്ദേഹം ആരോപിച്ചു.

മുരാരി ബാബുവിന് ജാമ്യം ലഭിച്ചുവെന്നും, ഒരാഴ്ചയ്ക്കകം മറ്റ് പ്രതികള്‍ക്കും ജാമ്യം ലഭിക്കുമെന്നും പറഞ്ഞ മുരളീധരന്‍, കൊള്ളക്കാര്‍ എല്ലാം രക്ഷപ്പെടുന്ന അവസ്ഥയാണെന്നും കൂട്ടിച്ചേര്‍ത്തു. ജയിലില്‍ കിടക്കുന്നത് തന്ത്രി മാത്രമാണെന്നും, റിപ്പോര്‍ട്ട് സമര്‍പ്പിക്കാതിരുന്നാല്‍ എല്ലാവരും പുറത്തിറങ്ങുമെന്നും അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രിയുടെ തലസ്ഥാന സന്ദര്‍ശനത്തെ പരിഹസിച്ച മുരളീധരന്‍, ”പവനായി ശവമായി, ഒന്നും സംഭവിച്ചില്ല” എന്നും പ്രതികരിച്ചു. മൂന്ന് മണിക്കൂറില്‍ കണ്ണൂരിലെത്തുന്ന ബുള്ളറ്റ് ട്രെയിന്‍ അടക്കമുള്ള പ്രഖ്യാപനങ്ങള്‍ വീരവാദം മാത്രമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി വരുമ്പോള്‍ ബിജെപി മേയര്‍ സ്വീകരിക്കുമെന്ന പ്രഖ്യാപനം ഉണ്ടായിരുന്നുവെങ്കിലും, മേയര്‍ വിമാനത്താവളത്തില്‍ എത്താതിരുന്നതായും അദ്ദേഹം വിമര്‍ശിച്ചു.

Continue Reading

News

കനത്ത മഞ്ഞുവീഴ്ച: അമേരിക്കയിൽ 8000ലേറെ വിമാന സർവിസുകൾ റദ്ദാക്കി

വാരാന്ത്യത്തിൽ നടത്തേണ്ടിയിരുന്ന സർവിസുകളാണ് രാജ്യവ്യാപകമായി റദ്ദാക്കപ്പെട്ടത്

Published

on

ന്യൂയോർക്ക്: കനത്ത മഞ്ഞുവീഴ്ചയെ തുടർന്ന് അമേരിക്കയിൽ ഏകദേശം 8000 വിമാന സർവിസുകൾ റദ്ദാക്കി. ഞായറാഴ്ചയും തിങ്കളാഴ്ചയും ന്യൂയോർക്കിലേക്കും ന്യൂജേഴ്സിലേക്കുമുള്ള തങ്ങളുടെ സർവിസുകൾ റദ്ദാക്കിയതായി എയർ ഇന്ത്യ അറിയിച്ചു. വാരാന്ത്യത്തിൽ നടത്തേണ്ടിയിരുന്ന സർവിസുകളാണ് രാജ്യവ്യാപകമായി റദ്ദാക്കപ്പെട്ടത്. ശനിയാഴ്ച മാത്രം 3500ഓളം വിമാന സർവിസുകളാണ് നിലച്ചത്.

കടുത്ത മഞ്ഞുവീഴ്ച ജനജീവിതം ദുസ്സഹമാക്കിയിരിക്കുകയാണ്. പടിഞ്ഞാറൻ ടെക്സസ് മുതൽ ന്യൂയോർക്ക് വരെ വ്യാപകമായി മഞ്ഞ് പെയ്യുന്ന സാഹചര്യമാണ് നിലനിൽക്കുന്നത്. ജനങ്ങൾ അനാവശ്യ യാത്രകൾ ഒഴിവാക്കി സുരക്ഷിതരായിരിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. ഹരികേൻ സാധ്യതയുള്ള പ്രദേശങ്ങളിലെ ജനങ്ങളോട് കൂടുതൽ ജാഗ്രത പാലിക്കാനും നിർദേശം നൽകിയിട്ടുണ്ട്.

ഇരു ഡെക്കോട്ടകളിലും മിന്നസോട്ടയിലും അന്തരീക്ഷ ഊഷ്മാവ് മൈനസ് 45 ഡിഗ്രി സെൽഷ്യസിലേക്ക് താഴ്ന്നിട്ടുണ്ട്. ആവശ്യമായ മുൻകരുതലുകളും തണുപ്പിനെ പ്രതിരോധിക്കുന്ന വസ്ത്രങ്ങളും ഇല്ലെങ്കിൽ ഹൈപ്പോതെർമിയ വേഗത്തിൽ ബാധിക്കാനും ജീവാപായം സംഭവിക്കാനും സാധ്യതയുണ്ടെന്ന് ആരോഗ്യ വിഭാഗം മുന്നറിയിപ്പ് നൽകി.

മിസിസിപ്പി, ടെന്നസി, ലൂയിസിയാന സംസ്ഥാനങ്ങളിലായി ഇഞ്ചുകൾ കനത്തിൽ മഞ്ഞ് അടിഞ്ഞുകൂടിയിട്ടുണ്ട്. വൈദ്യുതി ബന്ധം ഉൾപ്പെടെ അടിസ്ഥാന സൗകര്യങ്ങളിൽ തകരാറുകൾ ഉണ്ടാകാനുള്ള സാധ്യതയും അധികൃതർ മുന്നറിയിപ്പായി അറിയിച്ചു.

Continue Reading

News

ട്വന്റി20 ലോകകപ്പിൽ സ്കോട്ട്‌ലൻഡ്; ബംഗ്ലാദേശിന് പകരം അപ്രതീക്ഷിത എൻട്രി

സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി ഇന്ത്യയിൽ കളിക്കില്ലെന്ന നിലപാടിൽ നിന്ന് ബംഗ്ലാദേശ് പിന്മാറാത്തതിനെ തുടർന്നാണ് ഐ.സി.സി സ്കോട്ട്‌ലൻഡിന് അവസരം നൽകാൻ തീരുമാനിച്ചത്

Published

on

ദുബൈ: ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കുന്ന ട്വന്റി20 ക്രിക്കറ്റ് ലോകകപ്പിൽ സ്കോട്ട്‌ലൻഡ് പങ്കെടുക്കും. സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി ഇന്ത്യയിൽ കളിക്കില്ലെന്ന നിലപാടിൽ നിന്ന് ബംഗ്ലാദേശ് പിന്മാറാത്തതിനെ തുടർന്നാണ് ഐ.സി.സി സ്കോട്ട്‌ലൻഡിന് അവസരം നൽകാൻ തീരുമാനിച്ചത്. ഇന്ത്യയിലെയും ശ്രീലങ്കയിലെയും മത്സരങ്ങളിലാണ് സ്കോട്ട്‌ലൻഡ് കളിക്കുക.

വേദി മാറ്റണമെന്ന ബംഗ്ലാദേശിന്റെ ആവശ്യത്തിൽ മാറ്റമില്ലെന്ന് അറിയിച്ചതിനുശേഷവും പങ്കെടുക്കാനുള്ള അന്തിമ സമയപരിധി കഴിഞ്ഞതോടെയാണ് സ്കോട്ട്‌ലൻഡിനെ ഉൾപ്പെടുത്താനുള്ള തീരുമാനം ഐ.സി.സി കൈക്കൊണ്ടത്. ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ എല്ലാ ഐ.സി.സി അംഗങ്ങൾക്കും ഇമെയിൽ വഴി അറിയിച്ചിട്ടുണ്ട്.

ബംഗ്ലാദേശിൽ നടന്ന കലാപവുമായി ബന്ധപ്പെട്ട സംഭവങ്ങളുടെ പശ്ചാത്തലത്തിൽ, കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനോട് ബംഗ്ലാദേശ് താരം മുസ്തഫിസുറിനെ റിലീസ് ചെയ്യാൻ ബി.സി.സി.ഐ നിർദേശിച്ചതോടെയാണ് വിഷയത്തിൽ കൂടുതൽ സങ്കീർണതകൾ ഉണ്ടായത്. മുൻകാലങ്ങളിൽ ഇന്ത്യയടക്കമുള്ള രാജ്യങ്ങളുടെ കാര്യത്തിൽ വേദി മാറ്റത്തിന് ഐ.സി.സി തയ്യാറായിട്ടുണ്ടെങ്കിലും, ബംഗ്ലാദേശിന്റെ കാര്യത്തിൽ ഇരട്ടത്താപ്പ് സ്വീകരിച്ചുവെന്നാണ് ബി.സി.ബി ആരോപിച്ചത്.

ലോകകപ്പിന് മുന്നേയുള്ള വലിയ ട്വിസ്റ്റ് ട്വന്റി20 ലോകകപ്പ് തുടങ്ങുംമുമ്പേ തന്നെ വലിയ ട്വിസ്റ്റുകളാണ് ക്രിക്കറ്റ് ലോകത്ത് സംഭവിക്കുന്നത്. അതിൽ ഏറ്റവും ശ്രദ്ധേയമായതാണ് സ്കോട്ട്‌ലൻഡിന്റെ അപ്രതീക്ഷിത വരവ്. കായികചരിത്രത്തിൽ അപ്രതീക്ഷിത ടീമുകളുടെ വമ്പൻ അട്ടിമറികൾ പതിവായതിനാൽ, ഈ ലോകകപ്പിലും അത്തരം സംഭവങ്ങൾ പ്രതീക്ഷിക്കാമെന്ന ആവേശത്തിലാണ് ആരാധകർ.

നിലവിൽ ഐ.സി.സി റാങ്കിങ്ങിൽ 14-ാം സ്ഥാനത്തായിരുന്നാലും, മുൻ ഐ.സി.സി ടൂർണമെന്റുകളിലെ തകർപ്പൻ പ്രകടനങ്ങളാണ് സ്കോട്ട്‌ലൻഡിനെ പരിഗണിക്കാൻ കാരണം. കരുത്തൻ ടീമുകളെ അട്ടിമറിച്ച അനുഭവവും ഭയമില്ലാത്ത സമീപനവുമാണ് സ്കോട്ട്‌ലൻഡിനെ ആരാധകരുടെ ഇഷ്ടടീമാക്കുന്നത്. ഗ്രൂപ്പ് സിയിലാണ് സ്കോട്ട്‌ലൻഡ് ഉൾപ്പെടുക. ആദ്യ ഘട്ടത്തിൽ വെസ്റ്റ് ഇൻഡീസ്, ഇറ്റലി, ഇംഗ്ലണ്ട്, നേപ്പാൾ എന്നീ ടീമുകൾക്കെതിരെയാണ് സ്കോട്ട്‌ലൻഡിന്റെ മത്സരങ്ങൾ.

Continue Reading

Trending