News

അണ്ടർ 19 ലോകകപ്പ്: ന്യൂസിലൻഡിനെ ഏഴ് വിക്കറ്റിന് തകർത്ത് ഇന്ത്യ; ഗ്രൂപ്പ് ജേതാക്കളായി സൂപ്പർ സിക്‌സിലേക്ക്

By sreenitha

January 24, 2026

ബുലവായോ: ഐസിസി അണ്ടർ 19 ക്രിക്കറ്റ് ലോകകപ്പിലെ മൂന്നാം മത്സരത്തിൽ ന്യൂസിലൻഡിനെതിരെ ഇന്ത്യക്ക് ഏഴ് വിക്കറ്റ് ജയം. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡിനെ 135 റൺസിന് ഇന്ത്യ ഓൾ ഔട്ടാക്കി. മഴമൂലം തടസ്സപ്പെട്ട മത്സരത്തിൽ 14 ഓവറിൽ 130 റൺസെന്ന വെട്ടിച്ചുരുക്കിയ ലക്ഷ്യം ഇന്ത്യ അനായാസം പിന്തുടർന്നു.

ബുലവായോയിലെ ക്യൂൻസ് സ്പോർട്സ് സെന്ററിൽ നടന്ന മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലൻഡിന് തുടക്കത്തിൽ തന്നെ ബാറ്റിങ് തകർച്ച നേരിട്ടു. മിഡിൽ ഓർഡറിലെ താരങ്ങൾ കുറച്ച് പ്രതിരോധം കാട്ടിയെങ്കിലും ടീം 135 റൺസിൽ ഒതുങ്ങുകയായിരുന്നു. നാല് വിക്കറ്റുകൾ നേടിയ ആർ.എസ്. അംബരീഷിന്റെ മിന്നും ബൗളിംഗാണ് ഇന്ത്യയ്ക്ക് മുൻതൂക്കം നൽകിയത്. ഹെനിൽ പട്ടേൽ മൂന്ന് വിക്കറ്റുകൾ നേടി. മുഹമ്മദ് ഇനാൻ, ഖിലാൻ പട്ടേൽ, കനിഷ്‌ക് ചൗഹാൻ എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി. 28 റൺസ് നേടിയ സെൽവിൻ ജിം സഞ്ജയാണ് ന്യൂസിലൻഡിന്റെ ടോപ് സ്കോറർ.

ലക്ഷ്യത്തിലേക്ക് ഇറങ്ങിയ ഇന്ത്യയ്ക്ക് വൈഭവ് സുര്യവൻശിയുടെയും ക്യാപ്റ്റൻ ആയുഷ് മാത്രേയുടെയും ബാറ്റിങ് മികവാണ് കരുത്തായത്. വൈഭവ് 23 പന്തിൽ 40 റൺസും ആയുഷ് മാത്രേ 27 പന്തിൽ 53 റൺസും നേടി. ഒമ്പതാം ഓവറിൽ വൈഭവും പത്താം ഓവറിൽ ആയുഷ് മാത്രേയും പുറത്തായെങ്കിലും വിഹാർ മൽഹോത്രയും വേദാന്ത ത്രിവേദിയും ചേർന്ന് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു.

നാല് വിക്കറ്റുകളുമായി തിളങ്ങിയ അംബരീഷാണ് മത്സരത്തിലെ താരമായത്. മലയാളി താരങ്ങളായ ആരോൺ ജോർജും മുഹമ്മദ് ഇനാനും ലോകകപ്പിൽ അരങ്ങേറ്റം കുറിച്ചു.

സമ്പൂർണ ജയവുമായി ഗ്രൂപ്പ് ജേതാക്കളായ ഇന്ത്യ സൂപ്പർ സിക്‌സിലേക്ക് മുന്നേറി. സൂപ്പർ സിക്‌സിൽ സിംബാബ്‌വെയും പാകിസ്താനും ഇന്ത്യയുടെ എതിരാളികളായിരിക്കും. ജനുവരി 27നും ഫെബ്രുവരി ഒന്നിനുമാണ് മത്സരങ്ങൾ നിശ്ചയിച്ചിരിക്കുന്നത്.