തിരുവനന്തപുരം: 23 വയസിൽ താഴെയുള്ളവർക്കായുള്ള ദേശീയ ഏകദിന ക്രിക്കറ്റ് ടൂർണമെന്റിൽ കേരളത്തിന് മധ്യപ്രദേശിനോട് കനത്ത തോൽവി. വെറും 65 റൺസിന് കേരളം ഓൾഔട്ട് ആകുകയും, മധ്യപ്രദേശ് 8.1 ഓവറിൽ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യത്തിലെത്തുകയും ചെയ്തു.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കേരളത്തിന് തുടക്കത്തിൽ തന്നെ തിരിച്ചടികൾ നേരിടേണ്ടി വന്നു. രണ്ടാം ഓവറിൽ ഒമർ അബൂബക്കർ വെറും ഒരു റൺസിൽ മംഗേഷ് യാദവിന്റെ പന്തിൽ ബൗൾഡ് ആകുകയായിരുന്നു. തുടർന്ന് കൃഷ്ണനാരായണെയും അഭിഷേക് നായരെയും വേഗത്തിൽ പുറത്താക്കി മംഗേഷ് കേരള ബാറ്റിംഗ് നിരയെ തകർത്തു.
മധ്യനിരയിലും സ്ഥിതി മെച്ചപ്പെട്ടില്ല; ഷോൺ റോജർ, വിജയ് വിശ്വനാഥ്, രോഹൻ നായർ, അഭിജിത് പ്രവീൺ എന്നിവരും പവലിയനിലേക്കു മടങ്ങി. കേരളത്തിനായി പവൻ ശ്രീധർ (13), ആദിത്യ ബൈജു (10) മാത്രമാണ് രണ്ടക്കം കടന്നത്. ഇരുവരും ചേർന്ന് 17 റൺസിന്റെ കൂട്ടുകെട്ടാണ് ടീമിന്റെ സ്‌കോർ അല്പം ഉയർത്തിയത്.
മധ്യപ്രദേശ് ബൗളർമാരിൽ മംഗേഷ് യാദവ് ആറു വിക്കറ്റ് വീഴ്ത്തി തിളങ്ങിയപ്പോൾ, മാധവ് തിവാരി രണ്ട് വിക്കറ്റ് നേടി.
ലക്ഷ്യം പിന്തുടർന്ന മധ്യപ്രദേശ് ക്യാപ്റ്റൻ ചഞ്ചൽ റാഥോഡ് (39), സോഹം പട്വർധൻ (6) എന്നിവരുടെ കളിയിലൂടെ അനായാസം വിജയം സ്വന്തമാക്കി. ഏക വിക്കറ്റ് സക്ഷം പുരോഹിതിനെ (20) അഭിജിത് പ്രവീൺ പുറത്താക്കി.
ഒൻപതാം ഓവറിൽ തന്നെ മധ്യപ്രദേശ് ഒൻപത് വിക്കറ്റിന്റെ വിജയത്തോടെ മത്സരം തീർത്തു.