Article

അവസാനിക്കാത്ത യുദ്ധക്കൊതി

By webdesk18

February 24, 2025

യുദ്ധം ഒന്നിനും പരിഹാരമല്ലെന്നതിന്റെ ഏറ്റവും ഒടുവിലത്തെ ദൃഷ്ടാന്തമാണ് മൂന്നാം വര്‍ഷത്തിലേക്ക് കടക്കുന്ന റഷ്യ, യുക്രെയിന്‍ യുദ്ധം. അവ ബാക്കിയാക്കുന്നത് വിജയമോ പരാജയമോ അല്ല, മിറിച്ച് തീരാനഷ്ടങ്ങളാണെന്നും ഇരു രാജ്യങ്ങളിലെയും ജനത ഒരുപോലെ ലോകത്തോട് വിളിച്ചുപറയുകയാണ്. 57,000ത്തിലധികം പേരുടെ മരണത്തിനും വ്യാപക അഭയാര്‍ഥി പ്രവാഹത്തിനുമാണ് യുക്രെയിന്‍ മാത്രം സാക്ഷ്യം വഹിച്ചത്. റഷ്യക്കുണ്ടായ നഷ്ടങ്ങള്‍ വേറെയും. ഏകദേശം 44 ദശലക്ഷം ജനസംഖ്യയുള്ള ജനാധിപത്യ രാജ്യമായ യുക്രെയിന്‍, വിസ്തീര്‍ണ്ണം അനുസരിച്ച് റഷ്യയേക്കാള്‍ 28 മടങ്ങ് ചെറിയ രാജ്യമാണ്. അതുകൊണ്ടുതന്നെ 2022 ഫെബ്രുവരിയില്‍ ആരംഭിച്ച യുദ്ധം അതിവേഗം അവസാനിപ്പിക്കാനാകുമെന്ന പ്രതീക്ഷയിലായിരുന്നു റഷ്യ ആയുധമെടുത്തിരുന്നതെങ്കില്‍ രണ്ടാം ലോക മഹായുദ്ധത്തിനുശേഷം യൂറോപ്പിലെ ഏറ്റവും വലുതും മാരകവുമായ സംഘര്‍ഷമായി ഈ അധിനിവേശം മാറിക്കഴിഞ്ഞിരിക്കുകയാണ്. തുടക്കത്തില്‍ റഷ്യ ഉദ്ദേശിച്ചതുപോലെ കാര്യങ്ങള്‍ നീങ്ങിയിരുന്നുവെങ്കിലും പിന്നീട് യുക്രെയിന്‍ അതിശക്തമായ പ്രതിരോധവും പ്രത്യാക്രമണവുമാണ് നടത്തിയത്. നഷ്ടപ്പെട്ട ചില പ്രദേശങ്ങള്‍ തിരിച്ചുപിടിച്ചുവെന്ന് മത്രമല്ല, റഷ്യന്‍ പ്രദേശത്തേക്ക് അവര്‍ കടന്നു കയറ്റങ്ങളും നടത്തി.

റഷ്യ യുക്രെയിന്‍ സങ്കര്‍ഷത്തിനുള്ള സാഹചര്യങ്ങള്‍ ഒരു പ്രഭാതത്തില്‍ രൂപപ്പെട്ടതല്ല. അതിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. 1949 ല്‍ നാറ്റോ രൂപീകരിക്കുന്നത് മറ്റ് യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് സോവിയറ്റ് യൂണിയന്‍ വികസിയ്ക്കാതിരിക്കുക എന്ന ലക്ഷ്യവുമായാണ്. നിലവില്‍ 30 രാജ്യങ്ങള്‍ അംഗങ്ങളായുള്ള ഒരു രാഷ്ട്രാന്തരീയമായ സൈനിക സഖ്യമാണ് നാറ്റോ. രണ്ടാം ലോകയുദ്ധത്തിന് ശേഷവും വന്‍ ശക്തിയായി നിലകൊണ്ട് അമേരിക്കയുടെ നേതൃത്വത്തില്‍ രൂപീകരിച്ച നാറ്റോയില്‍ പിന്നീടാണ് മറ്റ് യൂറോപ്യന്‍ രാജ്യങ്ങള്‍ ചേരുന്നത്. ഇത്തരത്തില്‍ യൂറോപ്പിലെ ഏറ്റവും വലി യ രണ്ടാമത്തെ രാജ്യവും കരിങ്കടലിനോട് ചേര്‍ന്ന് കിടക്കുന്നതുമായ യുക്രെയിന്‍ നാറ്റോയില്‍ ചേരുന്നത് സ്വാഭാവിക മായും റഷ്യ തടയുന്നു. താരതമ്യേന ചെറിയ സൈനിക ശക്തിയായ യുക്രെയിന്‍ നാറ്റോയില്‍ ചേരുന്നതോടെ റഷ്യ യുടെ ഭാവിക്ക് ഭീഷണിയാവുമെന്ന പുടിന്റെ കണക്കുകൂട്ടലായിരുന്നു അതിനു പിന്നില്‍. എന്നാല്‍ 2021 ലാണ് പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കി യുക്രെയിനിനെ നാറ്റോയില്‍ ചേരാന്‍ അനുവദിക്കണമെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡനോട് ആവശ്യപ്പെടുന്നത്. ഇത് റഷ്യയെ വീണ്ടും ചൊടിപ്പിച്ചു. അതോടെ സംഘര്‍ഷം രൂക്ഷമായി. 2014 ല്‍ റഷ്യ യുക്രെയ്ന്‍ ആക്രമിക്കുകയും ക്രൈമിയന്‍ ഉപദ്വീപ് പിടിച്ചടക്കുകയും ചെയ്യുകയും പ്രസിഡന്റ് പുടിന്റെ പിന്തുണയുള്ള വിമതര്‍ കിഴക്കന്‍ യുക്രെയിനിന്റെ വലിയൊരു പ്രദേശം പിടിച്ചെടുക്കുകയും സൈന്യവുമായി യുദ്ധം ചെയ്യുകയും ചെയ്തിരുന്നു. ഈ യുദ്ധം 14,000ലധികം ജീവനുകളാണ് അപഹരിച്ചത്. 2022 ഫെബ്രുവരി 24നു ആരംഭിച്ച ആക്രമണത്തിന് പ്രത്യേക മിലിട്ടറി ഓപ്പറേഷന്‍ എന്നാണു പുടിന്‍ വിശേഷിപ്പിച്ചിരുന്നത്. റഷ്യന്‍ പ്രസിഡന്റിന്റെ ഈ പ്രഖ്യാപനത്തോടെ, യുക്രെയിനിന്റെ മൂന്നു ദിശയില്‍ നിന്ന് ഇരച്ചു കയറിയ റഷ്യന്‍ സൈന്യം തലസ്ഥാനമായ കീവ് വരെയെത്തി. പ്രസിഡണ്ട് വോളോഡിമര്‍ സെലെന്‍സി സ്ഥാനമൊഴിയണമെന്നും തങ്ങള്‍ക്കു കീഴടങ്ങണമെന്നുമുള്ള ആവശ്യങ്ങള്‍ക്കു മുന്നില്‍ യുക്രെയിനിന്റെ പ്രതിരോധം ലോക ശ്രദ്ധയാകര്‍ഷിച്ചു. സാധാരണക്കാരെ അണിനിരത്തി യുക്രെയിന്‍ പ്രതിരോധിച്ച കരയുദ്ധത്തില്‍ റഷ്യയുടെ പട്ടാളം തോറ്റു പിന്‍വാങ്ങി. പിന്നെയായിരുന്നു യുക്രെയിനിലെ വന്‍നഗരങ്ങളിലുടനീളം റഷ്യ കനത്ത വ്യോമാക്രമണം നടത്തിയത്. നിരവധി പേര്‍ കൊല്ലപ്പെടുകയും രണ്ടാം ലോകമഹായുദ്ധത്തിനുശേഷം യു റോപ്പിലെ ഏറ്റവും വലിയ അഭയാര്‍ഥി പ്രവാഹത്തിന്റെ കാഴ്ച ലോകം കണ്ടതും.

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇടപെടലാണ് യുദ്ധത്തിന്റെ മൂന്നാം വാര്‍ഷികത്തെ ശ്രദ്ധേയമാക്കുന്നത്. ഒരു അംഗരാജ്യം ആക്രമണം നേരിടുമ്പോള്‍ എല്ലാ നാറ്റോ അംഗരാജ്യങ്ങളും ആ അധിനിവേശത്തിനെതിരെ പ്രവര്‍ത്തിക്കും എന്ന പ്രഖ്യാപനത്തെ അടിസ്ഥാനമാ ക്കി അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും വലിയ പിന്തുണയാണ് യുക്രെയിന് നല്‍കിയിരുന്നത്. ജോ ബൈഡന്‍ കാലത്ത് വ്യാപകമായ രീതിയില്‍ രാജ്യത്തേക്ക് ആയുധമെത്തുകയും ഇത് റഷ്യയെ കടുത്ത പ്രതിരോധത്തിലേക്ക് തള്ളിവിടുകയും ചെയ്തിരുന്നു. എന്നാല്‍ ട്രംപ് റഷ്യയുടെ പക്ഷത്ത് നിന്ന് സംസാരിക്കുകയും യുക്രെയിന്‍ പ്രസിഡന്റ് സെലന്‍സ്‌കിയാണ് യുദ്ധത്തിന്റെ കാരണക്കാരനെന്ന് നി ലപാടെടുക്കകയും ചെയ്തിരിക്കുകയാണ്. യുദ്ധം അവസാനിപ്പിക്കാന്‍ റഷ്യയുടെയോ യുക്രെയിനിന്റെയോ സാനിധ്യത്തിലല്ലാതെ സ്വന്തം നിലക്ക് ശ്രമങ്ങളാരംഭിച്ചിരിക്കുകയുമാണ്. പക്ഷേ ഫലസ്തീന്‍ അധിനിവേശത്തിലെന്നപോലെ തന്‍പോരിമക്കുവേണ്ടിയുള്ള കാട്ടിക്കൂട്ടലുകളല്ലാതെ ആ ത്മാര്‍ത്ഥമായ എന്തെങ്കിലും ശ്രമങ്ങള്‍ അദ്ദേഹത്തിന്റെ ഭാഗത്തുനിന്നുണ്ടാവാനുള്ള ഒരു സാധ്യതയുമില്ല. മറ്റുരാജ്യങ്ങളുടെ പരമാധികാരത്തിലേക്ക് കടന്നുകയറാന്‍ പലഘട്ടങ്ങളിലും പലരീതിയിലുള്ള സംഘര്‍ഷങ്ങളും അമേരിക്ക രൂപപ്പെടുത്തിയെടുത്തിട്ടുണ്ട്. ട്രംപിന്റെ ഇപ്പോഴത്തെ ശ്രമം അതിന്റെ ഭാഗമായിക്കൂടെന്നില്ല. ഏതായാലും മാനവരാശിക്കു തന്നെ നാശം വിതക്കാന്‍ ശേഷിയുള്ള ഈ യുദ്ധത്തില്‍ നിന്ന് ഇരു രാജ്യങ്ങളും പിന്തിരിയാന്‍ ഇനിയും വൈകിക്കുട. യുദ്ധം അവസാനിപ്പിക്കാനുള്ള ആത്മാര്‍ത്ഥ ശ്രമങ്ങളാണ് ലോക രാഷ്ട്രങ്ങളുടെ ഭാഗത്തുനിന്നുണ്ടാവേണ്ടത്.