News

സ്വര്‍ണവിലയില്‍ അപ്രതീക്ഷിത കുതിപ്പ്; ഈ മാസത്തെ ഉയര്‍ന്ന നിരക്ക് ഇന്ന്

By vismaya

February 28, 2026

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് വന്‍ വര്‍ധന രേഖപ്പെടുത്തി. പവന് 2,320 രൂപയും ഗ്രാമിന് 290 രൂപയുമാണ് ഇന്ന് കൂടിയത്. ഇതോടെ ഗ്രാമിന് 15,100 രൂപയും പവന് 1,20,800 രൂപയുമായി. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇന്ന് രേഖപ്പെടുത്തിയത്.

ഇന്നലെ തന്നെ സ്വര്‍ണവില ഉയര്‍ന്നിരുന്നു. പവന് 400 രൂപയും ഗ്രാമിന് 50 രൂപയുമാണ് കഴിഞ്ഞ ദിവസം വര്‍ധിച്ചത്. അന്ന് ഗ്രാമിന് 14,810 രൂപയും പവന് 1,18,480 രൂപയുമായിരുന്നു വില.

അതേസമയം, വ്യാഴാഴ്ച രാവിലെയും ഉച്ചക്കുമായി സ്വര്‍ണവിലയില്‍ ഇടിവ് ഉണ്ടായിരുന്നതും ശ്രദ്ധേയമാണ്. പവന് മൊത്തം 640 രൂപയാണ് അന്ന് കുറഞ്ഞത്. രാവിലെ 160 രൂപയും ഉച്ചയ്ക്ക് 480 രൂപയുമായിരുന്നു കുറവ്. ഇതോടെ പവന് 1,18,080 രൂപയും ഗ്രാമിന് 14,760 രൂപയുമായിരുന്നു വ്യാഴാഴ്ചത്തെ വില.

ആഗോള വിപണിയിലും സ്വര്‍ണത്തിന് ശക്തമായ മുന്നേറ്റമാണ് ഉണ്ടായത്. സ്പോട്ട് ഗോള്‍ഡ് വില 1.94 ശതമാനം ഉയര്‍ന്ന് ഔണ്‍സിന് 5,278.1 ഡോളറിലെത്തി. 100.58 ഡോളറാണ് വര്‍ധന. അമേരിക്കന്റെ ഗോള്‍ഡ് ഫ്യൂച്ചര്‍ നിരക്ക് 1.41 ശതമാനം ഉയര്‍ന്ന് 5,267.20 ഡോളറായി. 73 ഡോളറാണ് ഇവിടെ കൂടി ചേര്‍ന്നത്.

ആഗോള വിപണിയിലെ കുതിപ്പാണ് സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഉയരാന്‍ കാരണമായതെന്നാണ് വിപണി വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.