വാഷിങ്ടണ്‍: ലോകകപ്പിന് യോഗ്യത നേടിയ ഇറാനും ഹെയ്തിയുടെയും സംഘങ്ങള്‍ക്ക് വിസ അനുവദിക്കാത്ത അമേരിക്കയുടെ നിലപാടില്‍ ഫിഫ കടുത്ത പ്രതിസന്ധിയിലായി. ഡിസംബര്‍ 5-ന് നടക്കുന്ന ലോകകപ്പ് നറുക്കെടുപ്പ് ചടങ്ങ് ഇറാന്‍ ബഹിഷ്‌കരിക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയതോടെ വിഷയത്തില്‍ നയതന്ത്രതലത്തിലും സംഘര്‍ഷം ഉയര്‍ന്നിട്ടുണ്ട്.
കഴിഞ്ഞ ജൂണില്‍ പ്രാബല്യത്തില്‍ വന്ന അമേരിക്കയുടെ പുതിയ വിസനിയമപ്രകാരം 12 രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് പ്രവേശനാനുമതി നിയന്ത്രിക്കപ്പെട്ടിരിക്കുകയാണ്. ഇതില്‍ ലോകകപ്പിന് യോഗ്യത നേടിയ ഇറാനും ഹെയ്തിയും ഉള്‍പ്പെടുന്നു. ഫിഫയുടെ പ്രത്യേക അപേക്ഷയുണ്ടായിട്ടും ഇറാന്‍ ടീമംഗങ്ങള്‍ക്കും ഫെഡറേഷന്‍ ഭാരവാഹികള്‍ക്കും യുഎസ് വിസ അനുവദിക്കാതെ നീങ്ങുകയായിരുന്നു.
ഇറാന്‍ ഫുട്ബാള്‍ ഫെഡറേഷന്‍ പ്രസിഡന്റ് മെഹ്ദി താജ്, കോച്ചിംഗ് സ്റ്റാഫ്, മറ്റ് ഉദ്യോഗസ്ഥര്‍ അടക്കം അപേക്ഷിച്ചവരില്‍ നാലുപേര്‍ക്കുമാത്രമാണ് വിസ ലഭിച്ചത്. ‘എല്ലാവര്‍ക്കും വിസ അനുവദിച്ചില്ലെങ്കില്‍ നറുക്കെടുപ്പിന് ഇറാന്റെ സംഘത്തെ അയക്കില്ല,’ എന്ന ഇറാന്റെ നിലപാട് ഇറാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. കായിക വേദികളെ രാഷ്ട്രീയ വല്‍ക്കരിക്കുന്ന യുഎസ് നടപടിയെ അദ്ദേഹം ശക്തമായി വിമര്‍ശിക്കുകയും ചെയ്തു.
അമേരിക്കമെക്‌സിക്കോകാനഡ സംയുക്തമായി നടത്താനിരിക്കുന്ന ലോകകപ്പില്‍ ഇറാനില്‍ നിന്നുള്ള ആരാധകര്‍ക്ക് പോലും യാത്രാക്രമത്തില്‍ വിസനിയമം വലിയ പ്രതിസന്ധിയാകുമെന്ന ആശങ്കയുണ്ട്. വിസ നിഷേധം ഇറാനും അമേരിക്കയും തമ്മിലുള്ള നയതന്ത്ര പോരാട്ടത്തിന് പുതിയ മാനം നല്‍കി. ഫിഫ ഇപ്പോള്‍ ഈ വിവാദത്തില്‍ ഇടപെടുമോയെന്നത് കാത്തിരിക്കുകയാണ്.